Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്യൻ രാജ്യങ്ങളേ..., ലാറ്റിനമേരിക്കയെ കൊല്ലാം, പക്ഷേ തോൽപ്പിക്കാനാകില്ല!

എ. ഹരിപ്രസാദ്
cavani-neymar-messi എഡിസൻ കവാനി, നെയ്മർ, ലയണൽ മെസ്സി

ലാറ്റിനമേരിക്കയെ കളത്തിനു പുറത്തു നിർത്തി ലോകം കാൽപ്പന്തുകളിയുടെ സെമിഫൈനലിലേയ്ക്കു പ്രവേശിക്കുന്നു. ശരാശരി ഫുട്ബോൾ ആരാധകനുപോലും ഒറ്റനോട്ടത്തിൽ വിഷമം സമ്മാനിക്കുന്നൊരു സെമിലൈനപ്പിൽ റഷ്യ പുതിയ കിരീടധാരികളെ തേടുമ്പോൾ ഫുട്ബോളിൽ അടുത്ത നാളുകളിൽ ഏറ്റവുമധികം മുഴങ്ങിയ ആ ചോദ്യം വീണ്ടും ഉയരും. ഫുട്ബോളിന്റെ ഈറ്റില്ലം യൂറോപ്പോ ലാറ്റിനമേരിക്കയോ? 

ഒരു യൂറോകപ്പിന്റെ കലാശപ്പോരാട്ടങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത പേരുകളുമായാണു പ്രവചനങ്ങളെ കുടഞ്ഞെറിഞ്ഞ റഷ്യൻ ലോകകപ്പ്  ലുഷ്നിക്കിയിലെ കിരീടപ്പോരാട്ടത്തിന് ഇറങ്ങുക. നാലു യൂറോപ്യൻ ടീമുകളുടെ മാത്രം കാര്യമായ ലോകകപ്പ്. ഒരു നൂറ്റാണ്ടിന്റെ ആഘോഷത്തിന് അരികിലെത്തിയ ലോകകപ്പിൽ ഇത് അഞ്ചാം തവണ മാത്രമാണു ബ്രസീലും അർജന്റീനയും യുറഗ്വായും പോലുള്ള ലാറ്റിനമേരിക്കൻ ശക്തിദുർഗങ്ങളുടെ കാൽപ്പെരുമാറ്റമില്ലാത്തൊരു സെമിഫൈനൽ പോരാട്ടമൊരുങ്ങുന്നത്.

പന്ത്രണ്ടു വർഷം മുൻപു ജർമനിയിൽ സംഭവിച്ചതിനുശേഷം ഇതാദ്യമാണ് യൂറോപ്പിൽ നിന്നു ‘ഫോർ നേഷൻ’ നിരക്കുന്ന സെമിഫൈനൽ ഫോർമേഷൻ. 1982ൽ സ്പെയിനും 1966ൽ ഇംഗ്ലണ്ടും 1934ൽ ഇറ്റലിയുമാണു റഷ്യയുടെ മുൻഗാമികളായി ലാറ്റിനമേരിക്കയുടെ സ്പന്ദനമില്ലാത്ത ലോകകപ്പിന് ആതിഥേയത്വം വഹിച്ചവർ. 

ചോദ്യം വീണ്ടും തിരിച്ചെത്തുകയാണ്. ഏതാണീ കളിയുടെ ഈറ്റില്ലം ? യൂറോപ്പോ അതോ ലാറ്റിനമേരിക്കയോ ? സങ്കീർണമെന്ന പഴുതുകളിൽ ഉത്തരം മുട്ടിനിൽക്കുന്ന ചോദ്യമായാണു റഷ്യൻ ലോകകപ്പിന്റെ കിക്കോഫ് നാളുകളിൽ പോലും ഇതിനെ ആളുകൾ നേരിട്ടത്. പഴയ തലമുറയെക്കൊണ്ട് ലാറ്റിനമേരിക്കയെന്നും പുത്തൻ തലമുറയെക്കൊണ്ട് യൂറോപ്പെന്നും പറയിപ്പിക്കുന്ന ‘ഉത്തരമുൻവിധികൾ’ ഒഴിച്ചാൽ  സങ്കീർണം തന്നെയായിരുന്നു ഈ ചോദ്യം. പെലെയോ അതോ മറഡോണയോ എന്ന ചോദ്യം പോലെ, ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ എന്ന ചോദ്യംപോലെ പല സമവാക്യങ്ങൾ പലതരം ഉത്തരത്തിലേയ്ക്കു നയിക്കുന്ന ചോദ്യം തന്നെയായിരുന്നു ഇത്.

പക്ഷേ ലുഷ്നിക്കി സ്റ്റേഡിയത്തിലെ കിക്കോഫ് പ്രീക്വാർട്ടറും ക്വാർട്ടറും കടന്ന് അതേ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിനു തയാറെടുക്കുമ്പോൾ  ലാറ്റിനമേരിക്കൻ ഉത്തരങ്ങൾക്ക് അത്ര വ്യക്തത പോരാ. ലാറ്റിനമേരിക്കൻ സൗന്ദര്യത്തിന്റെ കുളിരിൽ കാൽപ്പന്തുകളിയെ പ്രണയിക്കുന്നവരും യൂറോപ്പിന്റെ വേഗത്തിലും താളത്തിലുമാണു കാൽപന്തുകളിയുടെ കടിഞ്ഞാണെന്നു വിശ്വസിക്കുന്നവരും ഒരുപക്ഷേ ഒരുപോലെ വ്യസനിക്കുന്നുമുണ്ടാകും, തെക്കേ അമേരിക്കൻ ടീമുകൾ നേരിടുന്ന ദുരവസ്ഥയോർത്ത്. 

∙യൂറോപ്യൻ ക്ലബുകളുടെ കാലം

ലോകം ഇന്നു ഫുട്ബോളിന്റെ സ്പന്ദനം തൊട്ടറിയുന്നതു യൂറോപ്യൻ മൈതാനങ്ങളിലെ പോരാട്ടങ്ങളിലൂടെയാണ്. ബാർസിലോനയും റയൽ മഡ്രിഡും കളിക്കാനിറങ്ങുന്ന സ്പാനിഷ് ലാലിഗ മുതൽ പാരിസ് സെന്റ് ജർമെയ്ന്റെയും (പിഎസ്ജി) മൊണാക്കോയുടെയും വീരകൃത്യങ്ങൾ നടക്കുന്ന ഫ്രഞ്ച് ലീഗ് വൺ വരെ ചെന്നെത്തിനിൽക്കുന്നു ആ കാഴ്ച. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ആകട്ടെ ഹോളിവുഡ് പോലെ ആരാധകരെ വിസ്മയിപ്പിക്കുന്നു. യുവന്റസിന്റെയും മിലാൻ ടീമുകളുടെയും പ്രൗഢമായ പാരമ്പര്യം ചേർത്തു ഇറ്റാലിയൻ സീരീ എ ഒരിക്കലും മടുപ്പിക്കാത്ത ഫുട്ബോൾ വിരുന്നൊരുക്കുമ്പോൾ ബയൺ മ്യൂണിച്ചിന്റെയും ഡോർട്ട്മുണ്ടിന്റെയും റെഡ്ബുൾ ലീപ്സിഗിന്റെയുമെല്ലാം ചടുലതാളം ചേരുന്ന ജർമൻ ബുന്ദസ്‌ലിഗയും ആരാധകരെ തെല്ലും നിരാശപ്പെടുത്തുന്നില്ല. ഇവിടങ്ങളിലെല്ലാം ലാറ്റിൻ അമേരിക്കയുടെ തവിട്ടുനിറം നിറഞ്ഞ കാലുകൾ ആരാധകരെ ആഹ്ലാദിപ്പിക്കുന്നുണ്ടെന്നതു വേറെ കാര്യം. 

കളത്തിൽ കവിത വിരിയിക്കാൻ യൂറോപ്പിന് ഇന്നും ആശ്രയം ലാറ്റിനമേരിക്കൻ പ്രതിഭകൾ തന്നെയാണ്. പക്ഷേ മാറിയതു ഫുട്ബോളാണ്. കവിതയെഴുതുന്ന കാൻവാസല്ല ഇന്നു യൂറോപ്യൻ മൈതാനങ്ങൾ. ലോകകപ്പിൽ അദ്ഭുതക്കുതിപ്പ് നടത്തുന്ന ബൽജിയം ടീമിനെ മാത്രമെടുത്താൽ  മതിയാകും പുതിയ കാലത്തെ കാൽപന്തിന്റെ ചുവരെഴുത്ത് വ്യക്തമാകാൻ. യൂറോപ്പിലെ ക്ലബ് ഫുട്ബോളിന്റെ നേർരൂപമാണ് ബൽജിയം. മുൻനിര ക്ലബുകളിലെ താരങ്ങൾ നിരക്കുന്ന, ദേശീയതയുടെ ചട്ടക്കൂടണിഞ്ഞ കളിക്കൂട്ടം എന്നു പറയാം ഈ ടീമിനെ. സ്പീഡും സ്കില്ലും ബ്രില്ല്യൻസും ഫ്ലെയറും ചേർന്നാൽ ബൽജിയം ടീം ആയി.

ഇതിൽ സ്കിൽ മാത്രമാണ് കളിക്കാരന്റെ തനതു സംഭാവന. ഒരുപക്ഷേ ലാറ്റിനമേരിക്കൻ താരങ്ങൾക്കൊപ്പം നിൽക്കാൻ യൂറോപ്പിലെ താരങ്ങൾക്കു സാധിക്കാതെ പോകുന്ന ഏക ഘടകം. സ്പീഡും ഫ്ലെയറും ക്ലബ് ഫുട്ബോളിന്റെ ഉപോൽപന്നങ്ങളെന്നു പറയേണ്ടിവരും. കളത്തിലെ സമീപനമാണ് ബ്രില്ല്യൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്. പരിശീലകവൃന്ദം അണിയറയിൽ ആറ്റിക്കുറുക്കിയെടുക്കുന്ന തന്ത്രങ്ങൾ, വേണ്ടസമയത്തു കളത്തിൽ നടപ്പാക്കുന്ന മാനേജ്മെന്റ് പ്രക്രിയയാണിത്. കൗണ്ടർ അറ്റാക്കിങ്ങും ലോങ്ബോൾ ഗെയിമും ബസ് പാർക്കിങ്ങുമെല്ലാമായി സാഹചര്യത്തിനനുസരിച്ചു  മാറിമറിയുന്നതാണ് കളത്തിലെ ബ്രില്ല്യൻസ്. 

ചാരുതയാർന്ന, സർഗചേതന തുടിക്കുന്ന കേളീശൈലിയിൽ മാത്രമൊതുങ്ങുന്നതല്ല വർത്തമാനകാലത്തിന്റെ ഫുട്ബോൾ. കളവും കളിയും കോലവും കണ്ടറിഞ്ഞു മാറുന്ന ഫ്ലെക്സിബിൾ തന്ത്രങ്ങളുടേതാണ് ഇന്നത്തെ ഫുട്ബോൾ. ഹൃദയം കൊണ്ടു മാത്രമല്ല, തല കൊണ്ടു കൂടിയാണ് ഈ കളി. യൂറോപ്പിനു മുന്നിൽ ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ മുട്ടുകുത്തുന്നതും ഇവിടെയാണ്. ഗാരി കാസ്പറോവിന്റെയും അനറ്റൊലി കാർപ്പോവിന്റെയും നാടായ റഷ്യയിലെ പന്തുകളി, കളത്തിനു പുറത്തുനിന്നു കരുക്കൾ നീക്കുന്നവരുടേതായതോടെയാണ് യൂറോപ്പ് ജയിച്ചതും ലാറ്റിനമേരിക്ക തോറ്റതും.

∙ യൂറോപ്പിലെ ലാറ്റിൻ തിളക്കം

യൂറോപ്പിലെ ക്ലബ് ഫുട്ബോൾ തരംഗത്തിനുമുന്നിൽ അർജന്റീനയും ബ്രസീലും യുറഗ്വായും കൊളംബിയയും പോലുള്ള തെക്കേ അമേരിക്കൻ സന്നാഹങ്ങൾക്കു കാലിടറിയെന്നു പറയുമ്പോഴും വിരോധാഭാസമെന്നു തോന്നുന്നൊരു കാര്യമുണ്ട്. യൂറോപ്യൻ ക്ലബുകളിലെ ലാറ്റിനമേരിക്കൻ താരങ്ങളുടെ അശ്വമേധമാണത്. ലോകജനസംഖ്യയുടെ 8.5 ശതമാനം മാത്രമേ ലാറ്റിനമേരിക്കൻ  രാജ്യങ്ങളിലുള്ളൂ. എന്നാൽ അവിടെ നിന്നുള്ള കളിക്കാരുടെ കണക്കെടുത്തുനോക്കൂ.  ക്ലബ് ഫുട്ബോളിലെ നാലിലൊന്നു പേരും ലാറ്റിൻ അമേരിക്കൻ താരങ്ങളാണ്. യൂറോപ്യൻ ക്ലബുകളെല്ലാം ലാറ്റിനമേരിക്കൻ താരങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ലോകത്തേറ്റവും വിലയേറിയ താരം ബ്രസീലിൽ നിന്നുള്ള നെയ്മർ ജൂനിയർ. ഏറ്റവും പ്രതിഫലം പറ്റുന്ന താരം അർജന്റീനയുടെ ലയണൽ മെസ്സിയും. യൂറോപ്പിലെ പ്രകടനത്തിന്റെ കാര്യത്തിലും മുന്നിൽ ലാറ്റിനമേരിക്കൻ താരങ്ങൾ തന്നെ. 

റഷ്യയിൽ നിരാശപ്പെടുത്തിയ ടീമുകളുടെ ഭാഗമായിരുന്നവർ ക്ലബുകളിലൂടെ കളംവാഴുന്ന കാഴ്ചയാണ് യൂറോപ്പിൽ ! സ്പാനിഷ് ലാലിഗയിലെ കഴിഞ്ഞ മൂന്നു സീസണുകളിലും ടോപ്സ്കോറർക്കുള്ള പിച്ചീച്ചി ട്രോഫി ലാറ്റിനമേരിക്കയിലേയ്ക്കാണു പറന്നത്. പോയ രണ്ടു സീസണിലും ബാർസലോനയുടെ ലയണൽ മെസ്സി ഇതു നേടിയപ്പോൾ അതിനുതൊട്ടുമുൻപുള്ള വർഷം  യുറഗ്വായ് താരം ലൂയി സ്വാരസിന്റേതായി നേട്ടം. ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ കാര്യമെടുത്താൽ, കഴിഞ്ഞ നാലു സീസണുകളിലായി ഗോളടിച്ചു കൂട്ടുന്ന താരങ്ങളുടെ പട്ടികയെടുത്താൽ അർജന്റീനയുടെ സ്ട്രൈക്കർ സെർജിയോ അഗ്യൂറോയുടെ പേര് മുന്നിൽ‌ തന്നെ കാണാം. ഓരോ സീസണിലും 20 ഗോളിനു മേലെയാണ് പലപ്പോഴും പരുക്കിന്റെ പിടിയിൽ അകപ്പെടാറുള്ള താരം കൂടിയായ അഗ്യൂറോയുടെ സംഭാവന. പ്രീമിയർഷിപ്പ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയിൽ അഗ്യൂറോയുടെ പങ്കാളിയാകട്ടെ ബ്രസീൽ യുവതാരം ഗബ്രിയേൽ ജെസ്യൂസ്. ജെസ്യൂസും ഗോളടിയന്ത്രം തന്നെ. 

പണമൊഴുക്കിന്റെ പേരിൽ പുത്തൻ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞ ഫ്രഞ്ച് ലീഗ് വണ്ണിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് വണ്ണിലെ ടോപ് സ്കോറർ‌ യുറഗ്വായുടെ എഡിൻസൻ കവാനി ആയിരുന്നു. കൊളംബിയൻ താരം റഡാമൽ ഫൽക്കാവോയും ബ്രസീലിന്റെ നെയ്മറും മുൻനിരയിൽ തന്നെയുണ്ട്.  ഇറ്റാലിയൻ സീരി എയിലെ ഗോൾവേട്ടക്കാരെ തേടിയാലും ലാറ്റിൻ ബൂട്ടുകൾ തന്നെ തലപ്പത്ത്. അർജന്റീന ത്രയങ്ങളായ ഗോൺസാലോ ഹിഗ്വയിനും പൗളോ ഡൈബാലയും മൗറോ ഇകാർഡിയുമെല്ലാം ഗോൾ ശേഖരവുമായി തിളങ്ങുകയാണവിടെ. 

ഗോളടിയിൽ‌ മാത്രമല്ല കളിയൊരുക്കുന്നവരുടെ പേര് പരതിയാലും ലാറ്റിൻ പ്രതിഭകൾക്കു തെല്ലും പഞ്ഞമില്ലെന്നു തെളിയും. ബ്രസീലിന്റെ കുടീഞ്ഞോയും ഫിർമിനോയും കസേമിറോയും കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസും യുവാൻ ക്വാ‍ഡ്രഡ്രോയും അർജന്റീനയുടെ എയ്ഞ്ചൽ ഡി മരിയയും എവർ ബനേഗയുമെല്ലാം വാഴുകയാണ് മധ്യത്തിൽ. പ്രതിരോധം മറന്നതിലൂടെയാണു ബ്രസീലും അർജന്റീനയുമെല്ലാം ലോകകപ്പിന്റെ കളിത്തട്ടിൽ നിന്നു തൂത്തെറിയപ്പെട്ടത്. പക്ഷേ ഇതേ താരങ്ങൾ തന്നെയാണു മാഞ്ചസ്റ്ററിലും മഡ്രിഡിലും പാരിസിലുമായി ക്ലബുകൾക്കു വേണ്ടി ഉരുക്കിന്റെ കാവൽനിരയൊരുക്കുന്നത്.

ബ്രസീലിന്റെ മാർസലോ (റയൽ), തിയാഗോ സിൽവ, മാർക്വിഞ്ഞോസ് (ഇരുവരും പിഎസ്ജി), മിറാൻഡ (ഇന്റർ മിലാൻ), ഫിലിപ്പെ ലൂയിസ്  (അത്‌ലറ്റിക്കോ മഡ്രിഡ്), അർജന്റീനയുടെ ഒട്ടാമെൻഡി (മാഞ്ചസ്റ്റർ സിറ്റി), മാർക്കോസ് റോഹോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഫാസിയോ (എഎസ് റോമ)... ഇങ്ങനെ നീളുന്നു ആ പിൻതാരനിര ! 

∙ പ്രതിഭ വറ്റാത്ത കലവറ

ഇരുപതു ലോകകപ്പുകളിൽ നിന്നായി ഒൻപതു തവണ കിരീടം ഏറ്റുവാങ്ങിയ ലാറ്റിനമേരിക്കൻ ശക്തികളെ (ബ്രസീലും അർജന്റീനയും യുറഗ്വായും ചേർന്ന്) സംബന്ധിച്ചിടത്തോളം ഈ ലോകകപ്പൊരു നഷ്ടം തന്നെയാണ്. എന്നാൽ, ലോകകപ്പിലെ തെക്കേ അമേരിക്കൻ ടീമുകളുടെ കിതപ്പ് അന്നാട്ടിലെ ഫുട്ബോളിന്റെ അസ്തമയസൂചനയല്ലതാനും. നാലു വർഷം കഴിഞ്ഞു ലോകം ഖത്തറിൽ വീണ്ടുമൊരു ലോകകപ്പിനായി ഒരുങ്ങുമ്പോഴും ഈ ബ്രസീലും അർജന്റീനയും തന്നെ സാധ്യതകളുടെ കിരീടഭാരവുമായി മുൻനിരയിലുണ്ടാകും. കാൽപ്പന്തുകളിയുടെ പ്രതിഭ വറ്റാത്ത അക്ഷയഖനികളാണ് കൊറിന്ത്യൻസും റിവർപ്ലേറ്റും ബൊക്ക ജൂനിയേഴ്സും സാവോപോളോയും പോലുള്ള ക്ലബുകളുള്ള ആ മണ്ണ്.  

നെയ്മറിനും മാർസലോയ്ക്കും അഗ്യൂറോയ്ക്കും മഷറാനോയ്ക്കും പിൻഗാമികൾ വന്നുകൊണ്ടേയിരിക്കുകയാണ്. യൂറോപ്പ് ആ കാലുകൾ തേടി ചെല്ലുമെന്നതും പരസ്യമായ രഹസ്യം. യൂറോപ്പിനു കളിയൊരുക്കാൻ ലാറ്റിനമേരിക്കയുടെ സർഗചേതന കൂടിയേ തീരൂ. യൂറോപ്പിൽ വിജയങ്ങളുടെ വിസ്മയം തീർക്കുന്ന പരിശീലകർ പോലും അക്കാര്യം തുറന്നുസമ്മതിക്കും. കളത്തിലെ ക്രിയാത്മകത എന്നു പറഞ്ഞാൽ തെക്കേ അമേരിക്കയുടെ സാന്നിധ്യം ആണ്.

ഒരു ബ്രസീലിയൻ താരം ഇല്ലാത്ത ഫുട്ബോൾ ടീം ഒരു ടീമാകില്ലെന്നു ഹോസെ മൗറീഞ്ഞോയെ പോലൊരു ചാണക്യനെക്കൊണ്ടു പറയിപ്പിക്കുന്നതും ഇക്കാരണം തന്നെയാണ്. കോടികൾ വാരിയെറിഞ്ഞു യൂറോപ്പിലെ തിളങ്ങുന്ന താരങ്ങളെ വല വീശാമെന്നിരിക്കേ റയൽ മഡ്രിഡും എഫ്സി ബാർസിലോനയും പോലുള്ള ക്ലബുകൾ വിനീഷ്യസും ആർതറും പോലുള്ള ലാറ്റിനമേരിക്കൻ കുട്ടികൾക്കു പിന്നാലെ പോകുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.