Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകചാംപ്യൻമാരെ വീഴ്ത്തിയെത്തുന്നു, ഒന്നൊന്നര ഒച്ചോവ; ഇന്നും കാണണേ

മനോജ് തെക്കേടത്ത്
guillermo-ochoa-1 ഗ്വില്ലർമോ ഒച്ചോവ.

ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിൽ ഒച്ചോവയെന്ന മെക്സിക്കൻ ഗോളിയെ ധൈര്യമായി കൊണ്ടുനിർത്താം. അതിർത്തി കടന്നെത്തുന്ന ഭീകരരുടേയും പാക്കിസ്ഥാൻ പട്ടാളത്തിന്റെയുമെല്ലാം വെടിയുണ്ടകളെ നിഷ്പ്രയാസം ഇയാൾ പിടിച്ചെടുക്കും. ഗ്രനേഡുകളും ബോംബുകളുമെല്ലാം അനായാസം തട്ടിത്തെറിപ്പിക്കും. എന്താല്ലേ...! എന്നു നെറ്റിചുളിക്കാൻ വരട്ടെ. 

ജർമനിയുടെ തകർപ്പൻ ഗ്രനേഡുകളും തീയുണ്ടകളുമൊക്കെ 90 മിനിറ്റ് സുരക്ഷിതമായി പ്രതിരോധിച്ച ഫ്രാൻസിസ്കോ ഗില്ലെർമോ ഒച്ചോവയെന്ന ഗോൾകീപ്പറുടെ മികവിനെപ്പറ്റി ഒരിക്കലെങ്കിലും ആ കളി കണ്ടവർക്ക് സംശയമുണ്ടാകില്ല. നിലവിലുള്ള ലോകചാംപ്യന്മാരെന്ന പത്രാസോടെ ആദ്യകളിക്കിറങ്ങിയ ജർമൻ ടാങ്കിനെ 1–0നു തോൽപ്പിച്ച മെക്സിക്കൻ നിരയിലെ യഥാർഥ ഹീറോയാണ് ഈ ഒച്ചോവ. ഗോളെന്നുറച്ച, ഗോൾമണമുള്ള എത്രയെത്ര ഷോട്ടുകളാണ് ഈ വന്മതിലിടിച്ച് നിഷ്ഫലമായത്. തോമസ് മുള്ളർ, തിമോ വെർണർ, ഡ്രാക്സ്‌ലർ, മെസുട്ട് ഓസിൽ, ടോമി ക്രൂസ് അടക്കമുള്ള കരുത്തിന്റെ ആൾരൂപങ്ങൾ ഗോളടിക്കാനാകാതെ നിസ്സഹായരായത് ഒച്ചോവയുടെ അചഞ്ചലതയ്ക്കു മുന്നിലാണ്. ജാഗ്രത, തൽസമയം പ്രതികരണശേഷി, മെയ്‌വഴക്കം, ഭാവനാസമ്പന്നത, ദീർഘവീക്ഷണം എന്നിവയൊക്കെ എല്ലാ ഗോൾ കീപ്പർമാർക്കും വേണ്ട മികവുകളാണെങ്കിലും ഒച്ചോവയുടെ കാര്യത്തിൽ അതൽപം കൂടുതലുണ്ടെന്നു തോന്നും പ്രകടനം കണ്ടാൽ. 

വലിയ ടീമുകളുടെ ഗോൾകീപ്പർമാരാകുക താരതമ്യേന എളുപ്പമാണ്. വൻ പ്രതിരോധക്കോട്ടകളെ കടന്ന് ഗോളിയെ പരീക്ഷിക്കും വിധമുള്ള ഷോട്ടുകളെത്താനുള്ള സാധ്യത തുലോം കുറവ്. ശക്തമായ മുന്നേറ്റനിരയും കൂടിയുണ്ടാകുമ്പോൾ എതിരാളികൾ പ്രതരോധത്തിലേക്കു വലിയുകയും ചെയ്യാം. അപ്പോൾ അത്തരം ഗോളിക്ക് തന്റെ സാമ്രാജ്യത്തിൽ ഒറ്റയാനായി വിലസാം. എന്നാൽ അത്രമേൽ കരുത്തരല്ലാത്ത ടീമുകളുടെ ഗോളികൾക്കു പിടിപ്പതു പണിയായിരിക്കും. ഇളകിമറിയുന്ന നടുക്കടലിലെ പായ്‍വഞ്ചി പോലെയായിരിക്കും അയാൾ. എപ്പോൾ വേണമെങ്കിലും വീശിയടിച്ചേക്കാവുന്ന കാറ്റ് ഏതു ദിശയിൽനിന്നും വരാനുള്ള സാധ്യതകളേറെ. കടമ്മനിട്ട രാമകൃഷ്ണന്റെ ‘കോഴി’ എന്ന കവിതയിൽ തള്ളക്കോഴി കുഞ്ഞിനു കൊടുക്കുന്ന ഉപദേശം കേട്ടിട്ടില്ലേ:

‘കണ്ണുവേണമിരുപുറമെപ്പൊഴും 

കണ്ണുവേണം മുകളിലും താഴെയും’.

അതിനൊപ്പം ഒരിക്കലുമണയാത്ത ഉൾക്കണ്ണുവേണമെന്നുകൂടി പറയുന്നുണ്ട്. അതുപോലെയാകണം ഓരോ ഗോൾകാവൽക്കാരനും. മുന്നിലും പിന്നിലും താഴെയും മുകളിലുമൊക്കെ  കണ്ണുകളുള്ള വിസ്മയജന്മങ്ങൾ! അത്തരം ഒട്ടേറെ ഗോൾകീപ്പർമാർ നമുക്കു മുന്നിലുണ്ട്. ദിനോസോഫ്, ഗോർഡൻ ബാങ്ക്സ്, ലെവ് യാഷിൻ, പീറ്റർ ഷിൽട്ടൺ, ജിയാൻ ല്യൂജി ബഫൺ, ഐകർ കസീയസ് തുടങ്ങി എത്രയെത്ര പേരുകൾ. പ്രകടനരീതികൾ കൊണ്ടും രൂപസവിശേഷതകൾ കൊണ്ടും ശ്രദ്ധേയരായ റെനെ ഹിഗ്വിറ്റയെയും ബാർതേസിനെയും ചിലാവർട്ടിനെയും പോലുള്ളവർ. നിറപ്പകിട്ടുള്ള ജേഴ്സിയിൽ മെക്സിക്കോ വല കാത്ത കാംപോസ്... ആ നിരയ്ക്കു യാതൊരു കുറവുമില്ല. പക്ഷെ എത്രയെത്ര സേവുകളുണ്ടായാലും ഒരൊറ്റ പിഴവിന്റെ പേരിലും കാലം ഇവരെ ഓർത്തുവയ്ക്കും എന്നതാണു സങ്കടം. കൊളംബിയ യ്ക്കുവേണ്ടി ഗംഭീര സേവുകൾ നടത്തിയ ഹിഗ്വിറ്റ കാമറൂൺ താരം റോജർ മില്ലയ്ക്കു മുന്നിൽ കീഴടങ്ങിയ ഒറ്റ നിമിഷത്തിന്റെ പേരിൽ കൂടി ഓർമിക്കപ്പെടുന്നില്ലേ. 

ജർമൻ തിരമാലകളിൽ സ്വന്തം രാജ്യത്തെ ആടിയുലയാനനുവദിക്കാതെ കാത്ത വീരനാണ് മെക്സിക്കൻ ആരാധകരെ സംബന്ധിച്ചിടത്തോളം ഒച്ചോവ. ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ജർമനി ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യമൽസരത്തിനിറങ്ങിയത്. 23–ാം മിനിറ്റിൽ ടോണി ക്രൂസിന്റെ തകർപ്പൻ ഷോട്ട് ഒച്ചോവ പിടിച്ചെടുത്തതോടെ ആ ആത്മവിശ്വാസം വർധിതവീര്യമാർന്നു. അതിന്റെ തുടർച്ചയായിരുന്നു തുടർന്നുള്ള സേവുകളും. അതിനിടെ ലൊസാനോയുടെ ഒരു ഗോൾ ജർമൻ വലയിൽപതിച്ചതോടെ ഒച്ചോവയ്ക്കു പണി കൂടി. സമനിലഗോൾ ലക്ഷ്യമിട്ട തുടർ റെയ്ഡുകൾ. എന്തായാലും ഒച്ചോവ അപരാജിതനായതോടെ ജർമനിക്കു നാണക്കേടും മെക്സിക്കോയ്ക്ക് വീരപരിവേഷവും. കളിക്കണക്കുകൾ നോക്കുക. ജർമൻ ഗോളിലേക്കുള്ള മെക്സിക്കൻ ഷോട്ടുകൾ നാലെണ്ണമായിരുന്നപ്പോൾ ഒച്ചോവയെ തേടിവന്നത് ഒൻപതെണ്ണം. കളിയുടെ 67 ശതമാനം നേരവും പന്ത് ജർമൻ താരങ്ങളുടെ കാൽക്കീഴിലായിരുന്നെന്നു കൂടി ഓർക്കണം.

ഇപ്പോൾ 32 വയസ്സുള്ള ഒച്ചോവയ്ക്ക് ഇത്തരം രക്ഷാപ്രവർത്തനങ്ങൾ പുതുമയല്ല.  മെക്സിക്കോയിലെ അമേരിക്ക ക്ലബിൽ തുടങ്ങിയതാണ് ഗോൾവലച്ചങ്ങാത്തം. സ്പാനിഷ് ക്ലബ്ബുകളായ മലാഗ, ഗ്രനാഡ എന്നിവയിലൂടെ അതു വളർന്നു. കഴിഞ്ഞവർഷം ബൽജിയൻ ക്ലബ്ബായ സ്റ്റാന്റാർഡ് ലീഗയിൽ ചേർന്നു. ദേശീയതലത്തിലാകട്ടെ മെക്സിക്കോയുടെ അണ്ടർ 23 ടീമിൽ തുടക്കം. 2005 ൽ ഹംഗറിക്കെതിരായ സൗഹൃദമൽസരത്തോടെ സീനിയർ ടീമിൽ അരങ്ങേറ്റം. കണക്കനുസരിച്ച് ഇത് ഒച്ചാവോയുടെ നാലാം ലോകകപ്പാണ്. 2006ലും 2010ലും ടീമിലുണ്ടായിരുന്നെങ്കിലും ഇറങ്ങാൻ അവസരം കിട്ടിയില്ല. 

guillermo-ochoa-2

എന്നാൽ, കഴിഞ്ഞ ലോകകപ്പിൽ ഒച്ചോവയുടെ മിന്നുംപ്രകടനം ശ്രദ്ധ നേടി. രണ്ടുകളികളിൽ മാൻ ഓഫ് ദ് മാച്ചുമായി. അതിലൊന്ന് ബ്രസീലിനെതിരെയായിരുന്നു; ലോകകപ്പിൽ ഒച്ചോവയുടെ രണ്ടാമത്തെ മാത്രം മൽസരം. നാലു തകർപ്പൻ സേവുകൾ നടത്തിയ ഒച്ചോവക്കരുത്തിൽ മൽസരം ഗോൾ രഹിത സമനില. ബ്രസീൽ നിര പോലും എതിർഗോളിയെ ആരാധനയോടെ നോക്കി. 2007ൽ കോപ്പ അമേരിക്ക ഫുട്ബോളിൽ ബ്രസീലിനെ 2–0നു മെക്സിക്കോ തകർത്തപ്പോഴും മാൻ ഓഫ് ദ് മാച്ച് ഒച്ചോവയായിരുന്നു. കഴിഞ്ഞ ലോകകപ്പിന്റെ ക്വാർട്ടറിൽ ഹോളണ്ടിനോട് 2–1നു തോറ്റു പുറത്തായപ്പോഴും കളിയിലെ താരം വേറാരുമായിരുന്നില്ല!  ഇക്കുറി മെക്സിക്കോ അതുംകടന്നു മുന്നേറുമെങ്കിൽ ഒച്ചോവയുടെ പങ്കു വളരെ വലുതിരിക്കുമെന്നു തീർച്ച.

കരിയറിൽ ഇരുൾ വീണ കാലവുമുണ്ട് ഒച്ചോവയ്ക്ക്. 2011ൽ ദേശീയ ടീമിലെ നാലുപേർക്കൊപ്പം നിരോധിത ഉത്തേജനമരുന്നുപയോഗത്തിന്റെ പേരിൽ വിലക്കിന്റെ പിടിയിലായി. കുറ്റക്കാരല്ലെന്നു കണ്ടതോടെ ഇവരെ മെക്സിക്കൻ ഫുട്ബോൾ അസോസിയേഷൻ കുറ്റവിമുക്തരാക്കുകയും ചെയ്തു. 13–ാം നമ്പർ ജഴ്സിയിലാണ് ഒച്ചോവ പന്തു പറന്നുപിടിക്കുന്നത്. പലരും ഒഴിവാക്കുന്ന ഈ നമ്പർ ഒച്ചോവ ഭാഗ്യനമ്പറാക്കിയതിനു പിന്നിൽ ഒറ്റക്കാരണമേയുള്ളൂ; 1985 ജൂലൈ 13നാണു ജനിച്ചതെന്നതുതന്നെ.