Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും ‘കാറ്റാടി’യല്ല; നെയ്‌വിളക്കു തെളിയുംപോൽ, മഞ്ഞപ്പടയുടെ നെയ്മർ!

മനോജ് തെക്കേടത്ത്
neymar.jpg.image.784.410

ടിവിയിൽ ലോകകപ്പ് ഫുട്ബോൾ മൽസരം കാണുന്ന കൊച്ചുമോളോട് മുത്തശ്ശി പറയുകയാണ്. ‘മോളേ, നീയാ ഫാനങ്ങു നിർത്തിക്കേ. അല്ലേൽ ആ കൊച്ചനെങ്ങാനും വീണുപോകും.’ – സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ച ഈ ട്രോൾ ബ്രസീൽ താരം നെയ്മറെക്കുറിച്ചായിരുന്നു. പ്രാഥമിക റൗണ്ടിൽ സ്വിറ്റ്സർലൻഡിനെതിരായ ബ്രസീലിന്റെ കളിയിൽ ഇടയ്ക്കിടെ പരുക്കേറ്റു വീണ ബ്രസീൽ സൂപ്പർതാരം നെയ്മറെ ആക്ഷേപിച്ചിറങ്ങിയ അസംഖ്യം ട്രോളുകളിലൊന്ന് ! 

എന്നാൽ, ആ വീഴ്ചകളിൽനിന്നെല്ലാം ജ്വലിച്ചുയർന്ന് വീരനായി നിൽക്കുകയാണ് അതേ നെയ്മറിപ്പോൾ. കരുത്തരായ മെക്സിക്കോയ്ക്കെതിരായ പ്രീക്വാർട്ടർ വിജയത്തിലെ രണ്ടു ഗോളിലും ആ പ്രതിഭാസ്പർശം തെളിഞ്ഞു. ആദ്യ ഗോൾ നേടിയതും രണ്ടാംഗോളിലേക്കുള്ള എണ്ണം പറഞ്ഞ ക്രോസ് നൽകിയതും നെയ്മർ. ആദ്യഗോൾ നേടിയ ശേഷമുള്ള ആഹ്ലാദപ്രകടനം കാണുമ്പോൾ തന്നെ അറിയാം; ആ ഗോൾ രാജ്യത്തിന് എത്രമാത്രം വിലപ്പെട്ടതായിരുന്നെന്ന്.

ആഞ്ഞടിക്കുന്ന മെക്സിക്കൻ തിരമാലകളെ തകർക്കുക അത്ര എളുപ്പമല്ല. അതും, കീഴടക്കാനാകാത്ത കോട്ടപോലെ ഗില്ലെർമോ ഒച്ചോവയെന്ന ഗോളി വിരിഞ്ഞുനിൽക്കുമ്പോൾ. ആത്മവിശ്വാസത്തിന്റെ ആൾരൂപമായ അതേ ഒച്ചോവയെ കീഴടക്കിയാണ് നെയ്മർ നെയ്‌വിളക്കിന്റെ ജ്വാലപോൽ നിറഞ്ഞുചിരിച്ചത്. നെയ്മറുടെ ആദ്യഗോളിന്റെ ആവേശത്തിൽ ആ‍ഞ്ഞടിച്ചതോടെയാണ് ബ്രസീലിന്റെ വിജയം അനായാസമായത്. 

neymar-acting-trolls നെയ്മറിനെതിരെ ഇറങ്ങിയ ട്രോള്‍

∙ മൂന്നു ലോകതാരങ്ങളുടെ പോരാട്ടവേദിയായിരിക്കും റഷ്യയിലെ ലോകകപ്പെന്ന വിശേഷണമായിരുന്നു ഏറെക്കാലമായി നിറഞ്ഞുനിന്നത്. അർജന്റീനയുടെ ലയണൽ മെസ്സിയും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീലിന്റെ നെയ്മറും. നെയ്മറേക്കാൾ താരപരിവേഷം മറ്റു രണ്ടുപേർക്കുമായിരുന്നു. ലോകമെമ്പാടുമുള്ള പത്രങ്ങളുടെ സ്പോർട്സ് പേജുകളിലും ടെലിവിഷൻ ചാനലുകളുടെ കായിക അവലോകനങ്ങളിലുമെല്ലാം ലോകകപ്പിനു മുന്നോടിയായി ആഘോഷിക്കപ്പെട്ടതും ഈ മൂവർസംഘത്തിന്റെ ചിത്രങ്ങൾ. ആരാധകരുടെ മനസ്സിലും ക്ലബ്ബുകളിലും നിറ‍ഞ്ഞ ഈ ത്രിമൂർത്തിപ്പടങ്ങളിൽ ഇപ്പോൾ നെയ്മർ മാത്രമാകുന്നു ബാക്കി. 

മെസ്സിയും ക്രിസ്റ്റ്യാനോയും ചരിത്രനായകരെന്നു വാഴ്ത്തപ്പെട്ടപ്പോൾ കൗമാരം വിടാത്ത മുഖമുള്ള നെയ്മർ കുട്ടിക്കളിയുടെ പേരിലാണ് പലപ്പോഴും പഴികേട്ടത്. കളത്തിലെ നിലവിട്ട പെരുമാറ്റവും തൊട്ടാവാടി പ്രകൃതവും നെയ്മറെ നോട്ടപ്പുള്ളിയാക്കി. എതിരാളി മാർക്ക് ചെയ്യുമ്പോഴേ നിലംപതിക്കുന്ന നെയ്മർ അതിന്റെം പേരിൽ കേട്ട പരിഹാസങ്ങൾക്കു കണക്കില്ല.

എന്തായാലും അർജന്റീനയും അത്ഭുതങ്ങൾ കാട്ടാതെ മെസ്സിയും പുറത്തായിക്കഴിഞ്ഞു. താരമെന്ന നിലയിൽ തിളങ്ങിയെങ്കിലും ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലും കളംവിട്ടു. തലപ്പൊക്കമുള്ള കൂട്ടുകാർ കളം വിട്ടപ്പോൾ നെയ്മറുടെ ബ്രസീൽ ഇതാ ക്വാർട്ടർ ഫൈനലിൽ ചിരിച്ചുനിൽക്കുന്നു. ഇനി ലോകകപ്പ് കിരീടത്തിലേക്ക് നെയ്മർക്കു മൂന്നു വിജയങ്ങളുടെ മാത്രം ദൂരം. മെസ്സിയേയും ക്രിസ്റ്റ്യാനോയേയും പിന്നിലാക്കാനുള്ള സുവർണാവസരം.

കഴിഞ്ഞ ബ്രസീൽ ലോകകപ്പിലും നെയ്മറുണ്ടായിരുന്നു. എന്നാൽ ക്വാർട്ടർ ഫൈനലിൽ കൊളംബിയയ്ക്കെതിരെ പരുക്കേറ്റു പുറത്താകാനായിരുന്നു വിധി. യുവാൻ സുനിഗയുടെ ചവിട്ടേറ്റു പുള‍ഞ്ഞുവീണു കളത്തിനു പുറത്തായ നെയ്മർക്കു വേണ്ടിയായിരുന്നു ടീം സെമിയിലിറങ്ങിയത്. സെമിയിൽ പക്ഷേ ജർമനിയോട് 7–1 നു നാണംകെട്ടു തോറ്റപ്പോൾ നട്ടെല്ലിലെ വേദന മറന്ന് നെയ്മർ കരഞ്ഞിരിക്കണം.

willian-neymar-celebration

∙ 2016 ലെ ഒളിംപിക്സ് വേദി. ബ്രസീലിലെ മാറക്കാന സ്റ്റേ‍ഡിയത്തിൽ ബ്രസീൽ– ജർമനി ഫുട്ബോൾ ഫൈനൽ. കിട്ടാക്കനിയായ ഒളിംപിക്സ് ഫുട്ബോൾ സ്വർണത്തിനായുള്ള അന്തിമപോരാട്ടം. തൊട്ടുമുമ്പ് ലോകകപ്പിൽ 7–1നു നാണം കെടുത്തിയതിനുശേഷം ബ്രസീൽ ജർമനിയുമായി മൽസരിക്കുകയാണ്. സീനിയർ ടീമിനോടേറ്റ തോൽവിയുടെ ഭാരം നെയ്മറുടെ നേതൃത്വത്തിലുള്ള യുവസംഘത്തെയും  കൂർത്ത മുള്ളായി കുത്തിനോവിച്ചു. മൽസരം സാധാരണ സമയത്തും അധികസമയത്തും 1–1നു സമനില. ബ്രസീലിന്റെ ഗോൾ നേടിയത് നെയ്മർ. പിന്നീട് ഷൂട്ടൗട്ടിൽ അവസാനകിക്ക് ബ്രസീലിനായെടുത്തതും നെയ്മറായിരുന്നു. ആ ഗോളിലായിരുന്നു ബ്രസീലിന്റെ കിരീടധാരണം. അവസാന കിക്ക് ജർമൻ ഗോളിയെ കീഴടക്കിയശേഷം, തിളച്ച എണ്ണയിലിട്ട കടുകുപോലെ തുള്ളിത്തെറിക്കുകയായിരുന്നു നെയ്മർ. 

ഒളിംപിക്സ് റിപ്പോർട്ടിങ്ങിനു ഗാലറിയിലിരുന്ന് അന്നനുഭവിച്ച ആഹ്ലാദം പറ‍ഞ്ഞറിയിക്കാവുന്നതല്ല. കാണികളെല്ലാവരും മനസ്സുകൊണ്ട് ബ്രസീലിന്റെ കണിക്കൊന്നമഞ്ഞയായ നിമിഷം. അത്യപൂർവമായ ആ സന്ധ്യയിൽ നെയ്മർ പൗർണമിച്ചന്ദ്രനെപ്പോലെ തിളങ്ങി. ഗാലറികൾ ഒരേ മനസ്സുകൊണ്ട് നെയ്മർ, നെയ്മർ എന്നാർത്തു വിളിക്കവെ കുസൃതി നിറച്ച് താരത്തിന്റെ പ്രത്യഭിവാദന മധുരച്ചിരി.

അതിലും വലിയൊരു മായക്കാഴ്ചയിലേക്ക് ഉയരാൻ നെയ്മർസംഘത്തിനു മുന്നിൽ ഇനി മൂന്നു മൽസരങ്ങൾ. ക്വാർട്ടറിൽ ബൽജിയത്തെ കടന്നു മുന്നേറി സെമിയും ഫൈനലും ജയിച്ച് കിരീടമുയർത്താനായാൽ മൂവർസംഘത്തിന്റെ രാജാവ് നെയ്റായി മാറും; സാക്ഷാൽ മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും കഴിയാത്ത കാര്യം.