ഇതിഹാസങ്ങളാകാതെ അവർ മടങ്ങി; ഇനിയുദിക്കും, യഥാർഥ താരങ്ങൾ

അങ്ങനെ അതും സംഭവിച്ചു. വൻമരങ്ങളൊന്നായി വീഴുമ്പോഴും തലയുയർത്തി നിൽക്കുകയായിരുന്നു ബ്രസീൽ. ജർമനിയും സ്പെയിനും പോർച്ചുഗലും അർജന്റീനയും കാലിടറിവീണ മൽസരക്കളത്തിൽ മഞ്ഞപ്പടയ്ക്ക് അങ്ങനെ സംഭവിക്കില്ലെന്ന് അവരുടെ അസംഖ്യം ആരാധകർ പ്രതീക്ഷിച്ചു. കിരീടത്തിന്റെ പകിട്ട് നെയ്മറുടേയും സംഘത്തിന്റേയും കൂടെയായിരിക്കുമെന്നും ജർമനിയും അർജന്റീനയുമൊക്കെ കാലിടറിവീണത് മഞ്ഞപ്പടയുടെ അവസാന ചിരിക്കു വേണ്ടിയാണെന്നും അവർ പരസ്പരം പറ‍ഞ്ഞു. ലയണൽ മെസ്സിയുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും നിഴലിൽനിന്ന് മാറി കിരീടം ചൂടിയ രാജാവായി നെയ്മർ വിലസുമെന്നും അവർ സ്വപ്നം കണ്ടും. പറഞ്ഞിട്ടെന്തു കാര്യം!

ക്വാർട്ടർ ഫൈനലിലെ ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ ബെൽജിയത്തോട്  2–1നു തോറ്റ് ബ്രസീൽ പുറത്തായതോടെ മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറുമെല്ലാം ഒരേ ദുഃഖം പങ്കിടുന്ന കൂട്ടുകാരായി. 2022ലും ലോകകപ്പ് കളിക്കാൻ നെയ്മർക്ക് അവസരമുണ്ടെങ്കിലും മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും അതിനുള്ള ബാല്യമുണ്ടായേക്കില്ലെന്നാണു സൂചന. 

റഷ്യൻ ലോകകപ്പിന്റെ ആൽബത്തിന്റെ മുഖചിത്രങ്ങളായ മൂന്നു താരങ്ങളും പുറത്തായതോടെ ഇനി ശ്രദ്ധ അവശേഷിക്കുന്നവരിലേക്കു തിരിയുന്നു. മികവുണ്ടായിട്ടും മൂവർസംഘത്തിന്റെ താരപ്രഭയിൽ ലോകത്തിനുമുന്നിൽ അങ്ങനെ ആഘോഷിക്കപ്പെടാത്തവരായിരുന്നു ഇവരിൽ പലരും. ഫ്രാൻസിന്റെ അന്റോയ്ൻ ഗ്രീസ്മെൻ, കിലിയൻ എംബപെ, ബൽജിയത്തിന്റെ റൊമേലു ലുക്കാകു, ഏദൻ ഹസാർഡ്, ഗോളി തിബോ കോർടോ, ക്രൊയേഷ്യയുടെ ഇവാൻ റാകിടിച്ച്,  ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ... ഇനി ശ്രദ്ധയത്രയും നാലു ടീമുകളിലെ കളിക്കാരിലേക്കു മാത്രം ഒതുങ്ങുന്നു. ബൽജിയം ക്യാപ്റ്റൻ ഹസാർഡും ഫ്രഞ്ച് താരം എംബപെയും ഇംഗ്ലിഷ് താരം ഹാരി കെയ്നുമൊക്കെ ലോകകപ്പിന്റെ സുവർണതാരമാകാൻ ബൂട്ടു കെട്ടുന്നുണ്ട്. 

ഹാരി കെയ്ൻ ആണ് കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ മുമ്പൻ. ഇംഗ്ലണ്ടിനുവേണ്ടി ഇതുവരെ ആറു ഗോളുകളാണ് കക്ഷി റഷ്യയിൽ അടിച്ചുകൂട്ടിയത്. കഴിഞ്ഞ ലോകകപ്പിലെ ഗോൾവേട്ടക്കാരൻ കൊളംബിയയുടെ ഹാമിഷ് റോ‍‍ഡ്രിഗസ് നേടിയത് ആറു ഗോളുകളായിരുന്നു. കെയ്ൻ അതു മറികടക്കാനാണ് എല്ലാ സാധ്യതകളും. കുടുതൽ ഗോളുകളുടെ പട്ടികയിൽ മൂന്നുപേരുണ്ട് രണ്ടാം സ്ഥാനത്ത്. നാലുഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ), റൊമേലു ലുക്കാകു (ബൽജിയം), ഡെനിസ് ചെറിഷേവ് (റഷ്യ) എന്നിവർ. എന്നാൽ പോർച്ചുഗലും റഷ്യയും പുറത്തായതോടെ ലുക്കാകു ഇവരുടെ മുന്നിലേക്കു കയറും.

സെമിയും കടന്ന് ഫൈനലിലും കളിക്കാനായാൽ ലുക്കാകുവിന്റെ ബൂട്ടുകളും കൂടുതൽ ഗോളാരവങ്ങൾ കണ്ടെത്തിയേക്കും. എംബപെയുടെ പേരിലുള്ളത് മൂന്നു ഗോളുകൾ. അതിവേഗതയും കൃത്യതയും എംബപെയെ അത്യപകടകാരിയാക്കുന്നുണ്ട്. സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കുകയും സ്വയം ഗോളവസരങ്ങൾ മുതലെടുക്കുകയും ചെയ്യുന്ന ഗ്രീസ്മെനിലേക്കും കണ്ണു തിരിക്കണം.

ചുരുക്കിപ്പറഞ്ഞാൽ, ആരും താരമാകാമെന്നതാണ് റഷ്യൻ ലോകകപ്പ് മുന്നോട്ടുവയ്ക്കുന്ന സൂചന. സെമിയിലെത്തിയ നാലു ടീമിനും ഇനി രണ്ടു കളികൾ എന്തായാലും കിട്ടും. സെമിയും അതു ജയിച്ചാൽ ഫൈനലും. സെമി തോൽക്കുന്ന ടീമിനാകട്ടെ മൂന്നാംസ്ഥാന പോരാട്ടമെന്ന ലൂസേഴ്സ് ഫൈനൽ കൂടിയുണ്ട്. അതുകൊണ്ടുതന്നെ ഗോളടിസാധ്യതകൾ എല്ലാവർക്കും തുല്യം. 

റഷ്യൻ ലോകകപ്പിനു തുടക്കമിട്ടത് മെസ്സി– ക്രിസ്റ്റ്യാനോ– നെയ്മർ സഖ്യത്തിന്റെ ചിരിക്കുന്ന മുഖത്തോടെയാണെങ്കിൽ അതിന്റെ ക്ലൈമാക്സ് ഇവരില്ലാതെയാണ്. കുറച്ചുവർഷങ്ങളായി ലോകഫുട്ബോളിന്റെ വാർത്തകളിലെല്ലാം ഗോൾമഴ തീർത്ത ഇവർ ഇനിയുള്ള കളികൾ കളത്തിനു പുറത്തിരുന്നു കാണും. ഇതിഹാസങ്ങളായി മാറാനിറങ്ങിയ ഇവരുടെ യാത്ര പാതിവഴിയിൽ നിലച്ചതോടെ ലോകഫുട്ബോളിലെ ഇതിഹാസങ്ങളുടെ സ്ഥാനത്ത് പെലെയ്ക്കും ഡിയേഗോ മറഡോണയ്ക്കും എതിരാളികളില്ലാതെയുമാകുന്നു; മാതൃരാജ്യത്തെ ലോകഫുട്ബോളിലെ ചക്രവർത്തിമാരാക്കിയെന്ന പോരാട്ടവീര്യം മാത്രം മതിയല്ലോ പെലെയെയും മറഡോണയെയും  ലോകമുള്ളിടത്തോളം വാഴ്ത്താൻ.