Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോൾഡൻ ബൂട്ട് കെട്ടാൻ ഇരുപത്തിനാലുകാരൻ കെയ്ൻ; കിരീടം നേടാൻ ബാല്യമെത്രയോ ബാക്കി!

മനോജ് തെക്കേടത്ത്
harry-kane-goal-celebration

ചിലരങ്ങനെയാണ്. പഠിച്ച പാഠങ്ങളെല്ലാം നിർണായക നിമിഷത്തിൽ മറന്നുപോകും. എത്ര വലിയ അമ്പെയ്ത്തുകാരനായാലും ഒരു നിമിഷം ലക്ഷ്യത്തിൽനിന്നു ശ്രദ്ധ പതറുന്നതുപോലെ. പറ‍ഞ്ഞിട്ടു കാര്യവുമില്ല; അത് അനിവാര്യമായ വിധിയാണ്. അത്തരമൊരു വിധിയുടെ ഇരയായാണ് ഹാരി കെയ്ൻ എന്ന ഇംഗ്ലിഷ് ഫുട്ബോൾ ക്യാപ്റ്റൻ നിൽക്കുന്നത്. കാത്തിരുന്ന സ്വപ്ന ഫൈനലിലേക്ക് ഇംഗ്ലിഷ് ടീമിനെ കൈപിടിച്ചുയർത്താൻ കഴിയാതെ പോയ ക്യാപ്റ്റനെന്ന സങ്കടം ഹാരി കെയ്നെ ഏറെക്കാലം വേദനിപ്പിക്കുമെന്നുറപ്പ്. എന്നാലും 28 വർഷങ്ങൾക്കു ശേഷം ലോകകപ്പ് സെമിയിലെത്തുക എന്നതും നിസ്സാര കാര്യമല്ലല്ലോ.

റഷ്യൻ ലോകകപ്പിലെ ടോപ് സ്കോററാകാനുള്ള പോരിൽ മുൻനിരയിലുള്ള കെയ്നെ ആരെങ്കിലും മറികടക്കാൻ സാധ്യത കുറവാണ്. ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ നിലവിൽ ആറു ഗോളുകളുമായി കെയ്ൻ തനിച്ചാണ് മുന്നിൽ. സെമിയിലും ലൂസേഴ്സ് ഫൈനലിലും നിരാശപ്പെടുത്തിയെങ്കിലും അതിനുമുമ്പുതന്നെ കെയ്ൻ അര‍ ഡസൻ ഗോളുകൾ തികച്ചിരുന്നു. ഇന്ന്, ക്രൊയേഷ്യക്കെതിരായ ഫൈനലിൽ ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബപെയും അന്റോയ്ൻ ഗ്രീസ്മാനും നാലു ഗോൾ വീതം അടിച്ചെങ്കിൽ മാത്രമേ ഇംഗ്ലിഷ് ക്യാപ്റ്റനെ മറികടക്കാനാകൂ. ഹാട്രിക് നേടിയാൽ ഒപ്പമെത്താം.

സെമിയിലും മൂന്നാംസ്ഥാന പോരാട്ടത്തിലം നിറം മങ്ങിയെങ്കിലും ഇംഗ്ലിഷ് പോരാട്ടങ്ങളുടെയെല്ലാം മുന്നിൽ ഹാരി കെയ്ൻ എന്ന താരത്തിന്റെ ഇടപെടലുണ്ടായിരുന്നു. ഗോളടിക്കുന്നതിലും കളി നിന്ത്രിക്കുന്നതിലും നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതിലുമെല്ലാമുള്ള ഒരു സുന്ദര കെയ്ൻ ടച്ച്! രണ്ടു മൽസരങ്ങളിൽ മാത്രമാണ് അതത്ര പ്രകടമാകാതെ പോയത്. ക്രൊയേഷ്യയ്ക്കെതിരായ സെമിഫൈനലിലും ബൽജിയത്തിനെതിരായ ലൂസേഴ്സ് ഫൈനലിലും. ‌സെമിയിലെ തോൽവി തിരുത്തിയെഴുത്തില്ലാത്ത പരീക്ഷയായിപ്പോയി. സെമിയുടെ രണ്ടാംപകുതിയിൽ തീർത്തും നിറം മങ്ങിയ പ്രകടനമായിരുന്നു കെയ്നിന്റേത്. ക്രൊയേഷ്യയുടെ ചടുലനീക്കങ്ങൾക്ക് കൃത്യമായ മറുനീക്കങ്ങൾ കെയ്ൻ സംഘത്തിന്റെ തലയിൽ വിരിഞ്ഞില്ല.

ബൽജിയം– ഇംഗ്ലണ്ട് ലൂസേഴ്സ് ഫൈനൽ മൽസരം വിഡിയോ സ്റ്റോറി കാണാം

നിസ്സാരക്കാരനല്ല കെയ്നെന്നു ഫുട്ബോൾ ആരാധകർക്കറിയാം. ഏതു കളിയും മാറ്റിമറിക്കാൻ കെൽപ്പുള്ളയാൾ. ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ കരുത്തരായ ടോട്ടനത്തിന്റെ സ്ട്രൈക്കർ. 10–ാം നമ്പറിന്റെ പ്രൗഡിക്കു ചേർന്ന താരം. 24 വയസ്സ് ആയിട്ടേയുള്ളൂ ഈ ആറടി രണ്ടിഞ്ചുകാരന്; കണ്ടാലതിലും പക്വത തോന്നുമെങ്കിലും.

യുവേഫ യൂറോപ്പ ലീഗിലാണ് ടോട്ടനത്തിനുവേണ്ടി ആദ്യം ബൂട്ടുകെട്ടിയത്. ടോട്ടനത്തിന്റെ ആദ്യ നിരയിൽ ഇടംപിടിക്കുന്നതിനു മുമ്പ് വായ്പാടിസ്ഥാനത്തിൽ ലീഗ് വണ്ണിലെ ക്ലബ്ബുകൾക്കും കളിച്ചിരുന്നു. 2014–15 സീസണിലാണ് ടോട്ടനത്തിന്റെ ഒഴിവാക്കാനാകാത്ത കണ്ണിയായി കെയ്ൻ മാറുന്നത്. 2016ലും 17ലും ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ ഗോൾനേട്ടക്കാരിൽ ഒന്നാമനായി. ഈ രണ്ടുവട്ടവും ടോട്ടനം ചാംപ്യൻസ് ലീഗിന് യോഗ്യത നേടുകയും ചെയ്തു.

ക്രൊയേഷ്യ– ഫ്രാൻസ്, റോഡ് ടു ഫൈനൽ വിഡിയോ കാണാം

അണ്ടർ 17, അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ടീമുകളിലെല്ലാം കളിച്ചു തെളിഞ്ഞ് ദേശീയ സീനിയർ ടീമിലെത്തിയ കെയ്ൻ അവിടെയും താരത്തിളക്കമായി വിലസുന്നു. ഇനിയും രണ്ടു ലോകകപ്പുകളിൽ ഇംഗ്ലണ്ട് നിരയുടെ കരുത്താകാനുള്ള ബാല്യമുണ്ട് ഹാരി കെയ്നിന്. കിരീടം ഇംഗ്ലണ്ടിലേക്കു കൊണ്ടുവരുന്ന തരത്തിൽ കരുത്തുറ്റ യുവസിംഹങ്ങൾ രാജ്യത്തിന്റെ ഫുട്ബോൾ കളരികളിൽ വിലസുന്നുമുണ്ട്. ഒരിക്കൽ മാത്രം (1966) കയ്യടക്കിയലോകഫുട്ബോൾ സ്വപ്നകിരീടം വീണ്ടും രാജ്യത്തെത്തിക്കുന്ന രാജകുമാരാനാകാൻ ഹാരി കെയ്ൻ ഇനിയുമുണ്ടാകും; ഇംഗ്ലണ്ട് ജഴ്സിയിൽ.