Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരോദയങ്ങൾ സമ്മാനിച്ച് റഷ്യൻ ലോകകപ്പിന് അസ്തമയം; നിലയ്ക്കില്ല ഗോളാരവങ്ങൾ

മനോജ് തെക്കേടത്ത്
modric-mbappe മോഡ്രിച്ചും എംബപെയും പുരസ്കാരങ്ങളുമായി.

മഴ തോർന്നിട്ടും മരം പെയ്തുകൊണ്ടിരിക്കുകയാണ്. റഷ്യയിൽ 21–ാം ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനു തിരശീല വീണുകഴിഞ്ഞു. ഫ്രാൻസിന്റെ കൊടിയേറ്റത്തോടെ ലോകകപ്പിന്റെ കൊടിയിറക്കം കഴിഞ്ഞെങ്കിലും ആരാധകരുടെ ആവേശം ഇപ്പോഴും തടംതല്ലിയൊഴുകുന്നു. ഫ്രാൻസിലും ക്രൊയേഷ്യയിലുമെല്ലാം കാൽപന്ത് പ്രണയത്തിന്റെ അണയാജ്വാലകൾ നിറ‍ഞ്ഞുകത്തുന്നു.

പാരീസിൽ നാടിന്റെ വീരനായകരെ സ്വീകരിക്കാൻ ഒഴുകിയെത്തിയ ആൾക്കൂട്ടമെത്രയാണ്! വിസ്മയം നിറയുന്ന കണ്ണുകളോടെ, ആരാധന നിലയ്ക്കാത്ത കരഘോഷങ്ങളോടെ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസിനെയും അന്റോയ്ൻ ഗ്രീസ്മനെയും കിലിയൻ എംബപെയും പോൾ പോഗ്ബയേയുമെല്ലാം അവർ നോക്കിക്കൊണ്ടേയിരിക്കുന്നു. രണ്ടാം ലോകകിരീടം തങ്ങൾക്കു സമ്മാനിച്ച ടീമിനെ വാഴ്ത്തുകളാൽ വീണ്ടും വീണ്ടും വാനോളമുയർത്തുകയാണവർ.

എല്ലാം കണ്ടറിഞ്ഞ്, ആസ്വദിച്ച്, ചെറുചിരിയോടെ നിൽക്കുന്നുണ്ട് കോച്ച് ദിദിയെ ദെഷാം. 20 വർഷംമുമ്പ് ഫ്രാൻസിനായി ആദ്യ ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയ നായകനായിരുന്നല്ലോ ദെഷാം. ഇപ്പോൾ കോച്ചെന്ന നിലയിൽ രണ്ടാംകിരീടത്തിന്റെ മധുരം.

മറുവശത്ത് ക്രൊയേഷ്യയും ആഹ്ലാദത്തിമർപ്പിലാണ്. ആഹ്ലാദിക്കാതിരിക്കുന്നതെങ്ങനെ? ഈ രണ്ടാം സ്ഥാനം അവർക്ക് ഒന്നാം സ്ഥാനത്തോളം വിലയുള്ളതുതന്നെ. നിർഭാഗ്യം സെൽഫ് ഗോളായും ‘ഹാൻഡ്’ ആയും വന്നില്ലായിരുന്നെങ്കിൽ അവർക്കു മുന്നിൽ ചരിത്രം വഴിമാറിയേനെ. അതൊന്നും സാരമാക്കാനില്ല. ലൂക്കാ മോഡ്രിച്ചിന്റെ നേതൃത്വത്തിൽ ഇവർ കാട്ടിയ പോരാട്ടവീര്യം ഇനിയെത്ര ലോകകപ്പുകൾ കാണാനിരിക്കുന്നു!

റഷ്യൻ ലോകകപ്പുകളിലെ താരപ്പെരുക്കങ്ങളുടെ അവസാന കണക്കെടുപ്പാണിത്. താരങ്ങളുടെ പോരാട്ടത്തിൽ തങ്കത്താരങ്ങളായ ഏതാനും പേർ. മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയ ലൂക്കാ മോഡ്രിച്ചും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ ഹാരി കെയ്നും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയ ബൽജിയത്തിന്റെ തിബോ കോർട്ടോയും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ കിലിയൻ എംബാപെയുമെല്ലാം ലോകത്തെ നോക്കി കൈകളുയർത്തി നിൽക്കുന്നു.

∙ മിന്നൽ മോഡ്രിച്ച്

ക്രൊയേഷ്യയുടെ മുന്നേറ്റത്തിന്റെയെല്ലാം പ്രഭവകേന്ദ്രം ലൂക്കാ മോഡ്രിച്ചെന്ന ക്യാപ്റ്റനായിരുന്നു. ടൂർണമെന്റിൽ രണ്ടു ഗോളുകളും ഒരു ഗോൾ അസിസ്റ്റുമാണ് മോഡ്രിച്ചിന്റെ കണക്കിലെങ്കിലും അതിലേറെയായിരുന്നു മോഡ്രിച്ച് ഇഫക്ട്. റയൽ മഡ്രിഡിൽ‌ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം തിളങ്ങുന്ന താരമാണ് ഈ 32 വയസ്സുകാരൻ.

നീളൻ മുടിയിഴകളുടെ സൗന്ദര്യവുമായി എതിരാളികളെ വെട്ടിയൊഴിഞ്ഞു മുന്നേറുകയും പ്രതിരോധക്കാരെ അങ്കലാപ്പിലാക്കുകയും ചെയ്ത മോഡ്രിച്ചിന് അർഹതപ്പെട്ടതാണ് മികവിന്റെ ഈ സുന്ദര ബഹുമതി. ഫ്രാൻസിന്റെ വിജയത്തിന്റെ ചാലകശക്തിയായ ഗ്രീസ്മനെയാണ് മോഡ്രിച്ച് പിന്നിലാക്കിയതെന്നതും ശ്രദ്ധേയം.

∙ ഹായ്, ഹാരി കെയ്ൻ

ഫ്രാൻസ്– ക്രൊയേഷ്യ കലാശപ്പോരാട്ടത്തിനു മുമ്പുതന്നെ മികച്ച ഗോൾനേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഉറപ്പിച്ചിരുന്നു. ആറു ഗോളുകളാണ് കെയ്നിന്റെ പേരിൽ കുറിക്കപ്പെട്ടത്. ഇതിൽ മൂന്നും പെനൽറ്റി കിക്കുകളായിരുന്നു. പാനമയ്ക്കെതിരെ ഹാട്രിക് നേടിയ കെയ്ൻ തുനീസിയയ്ക്കെതിരെ ഡബിളടിക്കുകയും ചെയ്തു.

ടോട്ടനം ക്ലബ്ബിന്റെ ഗോൾമെഷീനായ ഈ 24 വയസ്സുകാരന് ഇനിയും രണ്ടു ലോകകപ്പുകൾക്കുള്ള ഊർജം ബാക്കിയുണ്ട്. ക്രൊയേഷ്യക്കെതിരായ സെമിയിലും ബൽജിയത്തിനെതിരായ മൂന്നാംസ്ഥാന മൽസരത്തിലും ഗോളടിക്കാനായിരുന്നെങ്കിൽ കെയ്നിന്റെ ഗോൾനേട്ടം ഉയർന്നേനെ.

∙ അമ്പമ്പോ, തിബോ കുർട്ടോ

മൂന്നാം സ്ഥാനക്കാരായ ബൽജിയത്തിന്റെ കുതിപ്പിനു പിന്നിൽ തിബോ കുർട്ടോ എന്ന വിശ്വസ്ത കരങ്ങളുടെ കരുത്തുണ്ട്. ഗോൾവലയ്ക്കുമുന്നിൽ അചഞ്ചലനാണ് തിബോ. അസാമാന്യ മെയ്‌വഴക്കവും ഉയർന്ന പ്രതികരണശേഷിയും കുർട്ടോയെ ബൽജിയത്തിന്റെ കണ്ണിലുണ്ണിയാക്കുന്നു. 26 വയസ്സായതേയുള്ളൂ ഈ ആറടി ആറിഞ്ചുകാരന്. നിലവിൽ ചെൽസിയുടെ താരമാണ് കുർട്ടോ.

∙ കൊമ്പൻ, എംബപെ

ഈ ലോകകപ്പിന്റെ കണ്ടെത്തലാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഫ്രാൻസിന്റെ കിലിയൻ എംബപെ. യുവതാരോദയം. ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരമാണ് 19 വയസ്സുകാരനായ എംബപെയ്ക്കു ലഭിച്ചത്. പെലെയുടെ പിൻഗാമി എന്ന മട്ടിലാണ് ഫുട്ബോൾ ലോകം ഈ താരത്തെ കാണുന്നത്.

ഫ്രാൻസിന്റെ വിജയക്കുതിപ്പിനു പിന്നിൽ എംബപെയുടെ മിന്നൽ വേഗത്തിനു വലിയ പങ്കുണ്ട്. അർജന്റീനയ്ക്കെതിരെ പ്രീക്വാർട്ടറിൽ നേടിയ ഇരട്ടഗോളാണ് ഈ പിഎസ്ജി ക്ലബ് താരത്തിന്റെ വിപണിമൂല്യമുയർത്തിയത്. നാലു ഗോളുകളാണ് ലോകകപ്പിലെ സമ്പാദ്യം. അതിലൊന്ന് ഫൈനലിലായിരുന്നു.

താരങ്ങൾ വേറെയും

ആഘോഷിക്കപ്പെട്ട ഇവരെപ്പോലെതന്നെ വേറെയുമുണ്ട് താരങ്ങൾ. ബൽജിയം നായകൻ ഏഡൻ ഹസാർഡ്, റൊമേലു ലുക്കാകു, ഫ്രാൻസിന്റെ ഗ്രീസ്മൻ, റഷ്യയുടെ ചെറിഷേവ്, ഗോളി ഇഗോർ അകിൻഫീവ്, ക്രൊയേഷ്യയുടെ മരിയോ മാൻസുകിച്, ഇവാൻ പെരിസിച്, ഗോളി ഡാനിയേൽ സുബാസിച്, മെക്സിക്കൻ ഗോളി ഒച്ചാവോ, കൊളംബിയൻ താരം യെറി മിനാ, സ്പെയിന്റെ ഡിയേഗോ കോസ്റ്റ, യുറഗ്വായ് താരം എഡിൻസൻ കവാനി... പ്രതീക്ഷ കാത്തവരുടെ നിര ഏറെയാണ്.

പ്രതീക്ഷ കാക്കാതെ കളം വിട്ടവരുടെ കൂട്ടത്തിൽ മുമ്പന്മാർ ലോകകപ്പിനു മുമ്പ് ആഘോഷിക്കപ്പെട്ട ത്രിമൂർത്തികൾ തന്നെ. ലയണൽ മെസ്സിയും (അർജന്റീന) ക്രിസ്റ്റ്യാനോ റൊണാൾഡോയും (പോർച്ചുഗൽ) നെയ്മറും (ബ്രസീൽ)! ക്രിസ്റ്റ്യാനോ നാലു ഗോളടിച്ചിട്ടും പോർച്ചുഗൽ മുന്നേറിയില്ല. നെയ്മറുടേയും പെനൽറ്റി പാഴാക്കിയ മെസ്സിയുടെയുമെല്ലാം പ്രകടനങ്ങൾ ലോകം കണ്ടതുമാണല്ലോ! ഈജിപ്തിന്റെ മുഹമ്മദ് സലായും ലോകകപ്പിനുമുമ്പ് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നെങ്കിലും അതെല്ലാം വെറുതെയായി.

ലോകകപ്പിലെ താരവാഴ്ചകളും താരവീഴ്ചകളും കാണാൻ ഇനി നാലുവർഷങ്ങൾക്കപ്പുറം ഖത്തറിലേക്കു കണ്ണെറിയാം.