ടിക്കി മുതൽ ടാക്ക വരെ

യൂറോ 2008 ജേതാക്കളായ സ്പെയിൻ ടീം പരിശീലകൻ ലൂയി അരഗോനസിനെ എടുത്തുയർത്തിയപ്പോൾ.

മരച്ചുറ്റിക കൊണ്ടു വീഞ്ഞപ്പെട്ടിക്കു മുകളിൽ കൊട്ടുന്ന പോലെയുള്ള ശബ്ദമാണത്; ടിക്കി ടാക്ക! 2010ൽ ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് വേദികളിൽ, ഡഗ് ഔട്ടിൽനിന്ന് പുറത്തിറങ്ങാതെ കളിയിൽ കണ്ണോടിച്ച വിചെന്റെ ഡെൽബോസ്ക്യു എന്ന തടിയൻ പരിശീലകന്റെ ശബ്ദത്തിനും ‘ടിക്കി ടാക്ക’ എന്ന ശബ്ദത്തോടു സാമ്യമുണ്ടായിരുന്നു. 2008 മുതൽ 2012 വരെ  സ്പെയിനിനൊപ്പം ടിക്കി ടാക്കയെന്ന പേരും വിജയപൂർവം ശബ്ദിച്ചു. മൂന്നു പ്രധാന കിരീടങ്ങൾ; 2008 യൂറോ, 2010 ലോകകപ്പ്, 2012 യൂറോ– ടിക്കി ടാക്കയുടെ മാതൃരൂപമായ ടോട്ടൽ ഫുട്ബോളിനു പോലും അവകാശപ്പെടാനില്ലാത്ത അംഗീകാരം!

ചെറിയ പാസുകൾ. ടിക്കി എന്നുച്ചരിക്കുന്ന നേരം കൊണ്ട് അതു പൂർത്തിയാവുന്നു. ടാക്ക എന്നുച്ചരിക്കുമ്പോഴേക്കും അടുത്ത പാസും ലക്ഷ്യത്തിൽ. ടിക്കി ടാക്ക എന്നു രണ്ടോ മൂന്നോ വട്ടം ഉച്ചരിക്കുന്ന നേരത്തിനിടെ മധ്യവരയിൽനിന്നു പന്ത് എതിർ ഗോൾപോസ്റ്റിന് അരികിൽ വരെ എത്തുന്ന തരം അതീന്ദ്രിയ ജാലമായിരുന്നു അത്.

2010 ലോകകപ്പിലെ വിജയഗോൾ നേടിയ ശേഷം സ്പാനിഷ് താരം ആന്ദ്രേ ഇനിയേസ്റ്റ.

പക്ഷേ, ഈ ലോകകപ്പിൽ സ്പെയിൻ കളിക്കാനിരിക്കുന്നതു ടിക്കി ടാക്കയല്ല. ഈ ലോകകപ്പിന്, ഏറ്റവുമധികം കിരീടസാധ്യത കൽപിക്കപ്പെടേണ്ട ടീമും സ്പെയിനാണ്. അതിന്, അനേകം കാരണങ്ങളുമുണ്ട്. ഗോൾകീപ്പർ മുതൽ ഫോർവേഡ് വരെ ഒരു സംഘം ചെറുപ്പക്കാരുടെ നിരയാണ് ഇത്തവണ അവരുടേത്. ടിക്കി ടാക്കയുടെ നിഴലിൽനിന്ന് അവർ അസ്സൽ യൂറോപ്യൻ പവർ ഫുട്ബോളിന്റെ തലത്തിലേക്ക് കളിയെ മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്തു. 2014ൽ ബ്രസീലിൽ കളിക്കാനെത്തുമ്പോൾ സ്പെയിനു മുൻ ചാംപ്യന്മാരുടെ സമ്മർദമുണ്ടായിരുന്നു. എന്നാൽ, ഇക്കുറി ആരോടും കണക്കു ബോധിപ്പിക്കേണ്ടതില്ല. പോർച്ചുഗൽ ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് അടുത്ത റൗണ്ടിലെത്താതെ പുറത്തായാൽ പോലും സ്പെയിനെ അധികമാരും കുറ്റപ്പെടുത്തില്ല. പ്രതിഭകളുടെ ഒരു സംഘത്തിന് കിരീടത്തിലേക്കുള്ള വഴിവെട്ടാൻ ഇതാണു പറ്റിയ സാഹചര്യം.

2006 ജർമനി ലോകകപ്പിൽ സ്‌പെയിന്റെ കളി വർണിച്ച ഒരു കമന്റേറ്ററാണ്, ചെറിയ പാസുകളിലൂടെ ഓടിക്കയറുന്ന സ്പാനിഷ് ശൈലിക്കു ടിക്കി ടാക്കയെന്നു പേരിട്ടത്. 2010 ലോകകപ്പ് സെമിയിൽ ജർമനിയെ സ്‌പെയിൻ കീഴടക്കിയപ്പോൾ ടിക്കി ടാക്ക അതിന്റെ പരകോടിയിലെത്തി. പിന്നാലെ, ഫൈനലിലെ അധികസമയ ഗോളിൽ ലോകകപ്പ് കിരീടവും.

റഷ്യ 2018 ലോകകപ്പിൽ പങ്കെടുക്കുന്ന സ്പെയിൻ ദേശീയ ടീം.

പിന്നീട് ടിക്കി ടാക്കയുടെ പതനം തുടങ്ങി.  പ്രതിരോധിക്കാൻ പ്രയാസമുണ്ടായിരുന്ന കളിയെ, പ്രതിഭാശാലികളായ എതിർ ടീം പരിശീലകർ നാമാവശേഷമാക്കി. സ്പെയിനെക്കാൾ ടിക്കി ടാക്കയെ ആശ്രയിച്ചു കളികൾ ജയിച്ചു വന്ന ലാ ലിഗ ക്ലബ് ബാർസിലോന വരെ തോൽവികൾ രുചിച്ചു. ഇപ്പോഴത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ, ഹൊസെ മൗറീഞ്ഞോയുടെ തലയിലാണ് ആദ്യം ടിക്കി ടാക്കയെ വെട്ടാൻ പദ്ധതി തെളിഞ്ഞത്. 2010ലെ ചാംപ്യൻസ് ലീഗ് സെമിയിൽ ഇറ്റാലിയൻ ക്ലബ് ഇന്റർമിലാനുമായി വന്ന മൗറീഞ്ഞോ മെസ്സിയെ മാർക്കു ചെയ്യാൻ രണ്ടുപേരെ നിയോഗിച്ച് ചാവിയുടെയും ഇനിയേസ്‌റ്റയുടെയും പാസുകൾ പൂർണമാക്കാതെ മടക്കി. ആദ്യപാദം ഇന്റർ 3-1നു ജയിച്ചു. ഫൈനലിലുമെത്തി. പെപ് ഗ്വാർഡിയോള പരിശീലകനായിരിക്കെ ബാർസ ടിക്കി ടാക്കയുമായി 52 വ്യത്യസ്‌ത ടീമുകളെ നേരിട്ടു. ഇതിൽ ഇംഗ്ലിഷ് ക്ലബ് ചെൽസിക്കെതിരെ മാത്രം ജയിക്കാനായില്ല. 2009 ചാംപ്യൻസ് ലീഗ് സെമിയിൽ ചെൽസി ബാർസയുടെ ഗ്രൗണ്ടിൽ നേടിയതു ഗോൾരഹിത സമനില.

2011-12 ചാംപ്യൻസ് ലീഗ് സെമിയിൽ ചെൽസി പരിശീലകൻ റോബർട്ടോ ഡി മത്തേയോയും ടിക്കി ടാക്കയെ കീഴടക്കി. ബാർസയിൽനിന്നു പന്തു തട്ടിയെടുക്കുന്നതിനേക്കാൾ അവർക്കു പന്തു പാസ് ചെയ്യാൻ ഇടം കൊടുക്കാതിരിക്കുന്നതിലായിരുന്നു അന്നു ചെൽസി കളിക്കാരുടെ ശ്രദ്ധയെന്നായിരുന്നു സ്‌ട്രൈക്കർ ഫെർണാണ്ടോ ടോറസ് പിന്നീട് ഇതേക്കുറിച്ചു പറഞ്ഞത്.

ജൂലെൻ ലോപെടെഗുയി, സ്പെയിൻ പരിശീലകൻ

ടോട്ടൽ ഫുട്ബോളിന്റെ ആശാൻ യൊഹാൻ ക്രൈഫിൽ തുടങ്ങി ലൂയി അരഗോനസ്, വിചെന്റെ ഡെ‍ൽബോസ്ക്യു, പെപ് ഗ്വാർഡിയോള തുടങ്ങിയ പരിശീലകരിലൂടെ വളർന്ന ശൈലിയായിരുന്നു ടിക്കി ടാക്ക.  2010ൽ സ്പെയിൻ ലോകകപ്പ് ചാംപ്യന്മാരാകുന്ന കാലത്തും ടിക്കി ടാക്ക എന്ന പേര് പ്രചാരം നേടിയിരുന്നില്ല. ചാവിയുടെയും ഇനിയേസ്റ്റയുടെയും കളി കണ്ട് അന്തം വിട്ട കളിയെഴുത്തുകാർ അക്കാലത്ത് ക്രിയേറ്റീവ് ഫുട്ബോൾ എന്നും മാജിക്കൽ ഫുട്ബോൾ എന്നുമൊക്കെ വിശേഷണങ്ങൾ ചാർത്തിയാണ് അതാഘോഷിച്ചത്. പിന്നീട്, ലോകഫുട്ബോളിലെ കാളക്കൂറ്റന്മാരായി സ്പെയിൻ വളർന്നതോടെ കളിയെക്കുറിച്ചുള്ള പഠനങ്ങളും അന്വേഷണങ്ങളും ആരംഭിച്ചു. 2006ൽ ടെലിവിഷൻ കമന്ററിക്കിടെ നാവറിയാതെ വീണ വിശേഷണം– ടിക്കി ടാക്ക– കാലങ്ങൾക്കു ശേഷം ലോകമേറ്റെടുത്തു, അതു ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

ചരിത്രത്തിൽനിന്ന് വീണ്ടും കളിയിലേക്കു വരാം. സ്പാനിഷ് ഫുട്ബോളിന്റെ സുവർണ തലമുറയുടെ തുടർച്ചയാണ് ഇപ്പോഴത്ത സ്പെയിൻ ടീം. ഗോൾകീപ്പറും പിന്നീട് യൂത്ത് ടീം പരിശീലകനുമായിരുന്ന ഇപ്പോഴത്തെ സ്പാനിഷ് കോച്ച് ജൂലെൻ ലോപെടുഗുയിയുടെ തലയിൽ ആശയങ്ങളുണ്ട്. അതിനനുസരിച്ചു കളിക്കാൻ മിടുക്കരായ ഒരുപറ്റം താരങ്ങളും.

ഹൊസെ മൗറീഞ്ഞോ ( മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ), പെപ് ഗ്വാർഡിയോള (മുൻ ബാർസിലോന പരിശീലകൻ)

ഒന്നാം നിര ടീമിനെ പരിശീലിപ്പിച്ച് വലിയ അനുഭവസമ്പത്തില്ലെന്നായിരുന്നു, 2016ൽ ഡെൽബോസ്ക്യുവിന്റെ പിൻഗാമിയായി ജൂലെൻ ചുമതലയേറ്റപ്പോഴത്തെ വലിയ പരാതി. പക്ഷേ, പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയെ കുറേക്കാലം പരിശീലിപ്പിച്ച അനുഭവം മാത്രം വച്ച് ജൂലെൻ ടീമിനെ ചുമലിലേറ്റി. പരിചയസമ്പത്തും യുവത്വവും ഒത്തുചേർന്നപ്പോൾ സ്പെയിൻ ജൂലെന്റെ കീഴിൽ 19 മൽസരങ്ങളിൽ ഒന്നിൽപ്പോലും തോറ്റില്ല.

ഐകർ കസിയ്യസിനു ശേഷം പ്രളയമെന്നു കരുതിയവർക്കു നടുവിലേക്ക് ഡേവിഡ് ഡി ജിയ കൈകൾ വിരിച്ചു നടന്നുവന്നതു പോലെ, സ്പെയിനിന്റെ ഓരോ പൊസിഷനിലും ഇന്നു പകരം വയ്ക്കാൻ മിടുക്കരായ കളിക്കാരുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളിയായ ഡി ജിയ തന്നെയായിരിക്കും ഈ ലോകകപ്പിൽ സ്പെയിനിന്റെ തുറുപ്പുചീട്ട്. റാമോസും പീക്വെയും ജോർഡി ആൽബയും ഡാനി കാർവാളും (ഫിറ്റ്നെസ് വീണ്ടെടുത്താൽ) അടങ്ങുന്ന പ്രതിരോധം കടന്നൊരു പന്ത് ഡി ജിയയ്ക്കു നേർക്കെത്തിയാൽ പോലും അതു ഗോളാവുക ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പമല്ല.

ജെറാർദ് പീക്വെ, സ്പെയിൻ ഡിഫൻഡർ

മധ്യനിരയിൽ ഇന്നും, ചാവി വരച്ചിട്ട കുറേ ഇടനാഴികളുണ്ട്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏതാണ്ടെല്ലാ പ്രമുഖ ടീമുകളും മിഡ്ഫീൽഡിലെ ഈ ചാവി മാനേജ്മെന്റ് സിസ്റ്റം പാഠപുസ്തകമായി അംഗീകരിച്ച് അവരുടെ കളിയിൽ വരുത്തിച്ചേർക്കുകയും ചെയ്തു. എന്നാലിപ്പോൾ, ചാവിയെഴുതിയ വഴി തിരുത്തുന്നില്ലെങ്കിലും ഭാവനാസമ്പന്നരായ സ്പാനിഷ് കളിക്കാർ അതു മാറ്റിക്കുറിക്കുന്നുണ്ട്. തുടർച്ചയായി മൂന്നുവട്ടം ചാംപ്യൻസ് ലീഗ് ജേതാക്കളായ റയൽ മഡ്രിഡ് ടീമിന്റെ കളിയിലേക്കു നോക്കുക. റയൽ കളിക്കാർ ഭൂരിപക്ഷമായ സ്പെയിൻ ഈ ലോകകപ്പിൽ നടപ്പാക്കാൻ പോകുന്നതും ഏതാണ്ട് അതേ കളി ശൈലിയായിരിക്കും.

എങ്കിലും, ബാർസിലോനയോട് അടുത്തു വിട പറഞ്ഞ മുപ്പത്തിനാലുകാരൻ ആന്ദ്രേ ഇനിയേസ്റ്റയിലാണിപ്പോഴും കളിയുടെ ചാവി. ഇത് ഇനിയേസ്റ്റയുടെ അവസാന ലോകകപ്പുമാണ്. ഇനിയേസ്റ്റയ്ക്കൊപ്പം നിൽക്കുന്ന മറ്റു കളിക്കാരെക്കൂടി കാണേണ്ടതുണ്ട്– സെർജിയോ ബുസ്കെറ്റ്സ്, തിയാഗോ അൽകാൻട്ര, ഇസ്കോ, മാർക്കോ അസ്സെൻസിയോ, സൗൾ നിഗുവേസ്, ഡേവിഡ് സിൽവ...അറ്റാക്കിങ് മിഡ്ഫീൽഡർമാരുടെ ഈ സംഘമായിരിക്കും സ്പെയിനിന്റെ ഭാവി നിശ്ചയിക്കുക.

വിചെന്റെ ഡെൽബോസ്ക്യു (മുൻ സ്പെയിൻ പരിശീലകൻ), ചാവി (മുൻ സ്പെയിൻ താരം)

‌ജൂലെൻ ലോപെടുഗുയി എവിടെയെങ്കിലും സംശയിക്കുന്നുണ്ടെങ്കിൽ അതു മുന്നേറ്റനിരയിൽ മാത്രമായിരിക്കും. നിമിഷാർധം കൊണ്ടു ഗോളടിക്കാൻ പറ്റുന്ന മികച്ച സ്ട്രൈക്കറെ തേടി, രണ്ടുവർഷത്തിനിടെ ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ പത്തു കളിക്കാരെയെങ്കിലും മാറ്റിപ്പരീക്ഷിച്ചിട്ടുണ്ട് ‌ജൂലെൻ. അത്‌ലറ്റിക്കോ മഡ്രിഡിന്റെ ഡിയേഗോ കോസ്റ്റ, സെൽറ്റ വിഗോയുടെ അസ്‌പാസ്, വലൻസിയയുടെ റോഡ്രിഗോ എന്നിവരാണിപ്പോൾ ടീമിലുള്ളത്. ചെൽസിയുടെ അൽവാരോ മൊറാട്ടയ്ക്കു ടീമിലെത്താൻ പോലുമായില്ല.

പോർച്ചുഗൽ ശക്തരാണെന്നു വിശ്വസിക്കുമ്പോഴും ഗ്രൂപ്പിൽ ശേഷിക്കുന്ന ഇറാനും മൊറാക്കോയും സ്പെയിനു പേടിക്കേണ്ട കക്ഷികളല്ല. ഈ ലോകകപ്പിൽ മറ്റു ടീമുകളെ നോക്കൗട്ട് റൗണ്ടിൽ കാത്തിരിക്കുന്ന തരം ബലപരീക്ഷണമാണു സ്പെയിന് ആദ്യ മൽസരത്തിൽ പോർച്ചുഗലിനെതിരെ വേണ്ടി വരിക.. അതിൽ വിജയിച്ചാൽ ഈ ലോകകപ്പിൽ സ്പെയിനു തിരിഞ്ഞു നോക്കാതെ കുതിക്കാം.