ഇൻജുറി ടൈം അത്ര നല്ല സമയമാണോ? അതെ എന്ന് ബ്രസീലുകാർ പറയും. കോസ്റ്ററിക്കയ്ക്കെതിരായ മൽസരത്തിൽ ഇൻജുറി ടൈം അവർക്കു ബെസ്റ്റ് ടൈം ആയി. 90 മിനിറ്റും മൈതാനത്ത് പൂട്ടിയിട്ട കോസ്റ്ററിക്കൻ പ്രതിരോധത്തെ വകഞ്ഞുമാറ്റി രണ്ടു ഗോളുകൾ മഞ്ഞപ്പട വലയിലെത്തിച്ചത് ഈ സമയത്താണ്. ഇൻജുറി ടൈം ഇല്ലായിരുന്നെങ്കിലോ? ബ്രസീൽ ആരാധകർക്ക് ആലോചിക്കാൻ വയ്യ!
മെസ്സിയൊക്കെ മങ്ങിയ ടൂർണമെന്റിൽ മൂസയെന്ന താരത്തിന്റെ ഉദയവും ഈ കളിദിനം അടയാളപ്പെടുത്തി. ഐസ്‍ലൻഡിനെതിരെ ഇരട്ടഗോൾ നേടിയ നൈജീരിയൻ താരം അഹമ്മദ് മൂസയെക്കുറിച്ചാണ്. മെസ്സിയെ അനങ്ങാൻ വിടാതിരുന്ന ഐസ്‍ലൻഡ് പ്രതിരോധത്തെ മൂസ എത്ര സുന്ദരമായാണ് ചിതറിച്ചുകളഞ്ഞത്! പ്രീക്വാർട്ടറിൽ കടക്കാൻ നൈജീരിയയെ തോൽപ്പിച്ചേ തീരൂവെന്ന അവസ്ഥയിലായ മെസ്സിപ്പടയ്ക്ക്, ഈ മൂസ പാരയാകുമോ? കാത്തിരുന്നു കാണണം. ആവേശം ആകാശത്തോളമുയർന്ന് ഈ കളിദിനത്തിലെ മൽസരക്കാഴ്ചകളിലൂടെ...
‘ബ്രസീലെന്ന പാഠം’
ബ്രസീൽ പഴയ ബ്രസീലായോ? സംശയമുണ്ട്. പക്ഷേ, ആദ്യകളിയിലെ പിഴവുകളിൽനിന്നു പാഠം പഠിച്ച്, പ്രതിരോധമുറപ്പിച്ച് ആക്രമണത്തിനിറങ്ങിയ ബ്രസീലിന്റെ കഠിനാധ്വാനക്കളിക്ക് ഫൈനൽ വിസിലിനു തൊട്ടുമുൻപു പ്രതിഫലം. ഇൻജുറി ടൈമിൽ ഫിലിപെ കുടിഞ്ഞോ (91), നെയ്മർ (97) എന്നിവർ നേടിയ ഗോളുകളിൽ, കോസ്റ്റ റിക്കയെ 2–0നു വീഴ്ത്തി കാനറികൾ വിജയം കൊത്തിപ്പറന്നു.
ബ്രസീൽ– കോസ്റ്റ റിക്ക മൽസരം വിഡിയോ സ്റ്റോറി കാണാം
‘മാസാണ് മൂസ’
ഐസ്‍ലൻഡിനെതിരായ മൽസരത്തിൽ നൈജീരിയയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നൈജീരിയ ഐസ്‍ലൻഡിനെ വീഴ്ത്തിയത്. ലെസ്റ്റർ സിറ്റി താരമായ അഹമ്മദ് മൂസയുടെ ഇരട്ടഗോളുകളാണ് നൈജീരിയയ്ക്ക് വിജയം സമ്മാനിച്ചത്. 49, 75 മിനിറ്റുകളിലായിരുന്നു മൂസയുടെ ഗോളുകൾ.
നൈജീരിയ–ഐസ്‍ലൻഡ് മല്‍സരം വിഡിയോ സ്റ്റോറി കാണം
‘റോയല്‍ സ്വിറ്റ്സർലൻഡ്’
സൂപ്പർതാരങ്ങളായ ഗ്രാനിറ്റ് ഷാക്ക, ഷിർദാൻ ഷാക്കിരി എന്നിവരുടെ ഗോളിൽ സെർബിയയ്ക്കെതിരെ സ്വിറ്റ്സർലൻഡിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്വിസ്പ്പട സെർബിയയെ വീഴ്ത്തിയത്. മൽസരത്തിന്റെ അഞ്ചാം മിനിറ്റിൽ ലീഡ് നേടിയ സെർബിയയെ രണ്ടാം പകുതിയിലെ രണ്ടു ഗോളുകളിലാണ് സ്വിറ്റ്സർലൻഡ് വീഴ്ത്തിയത്. 52, 90 മിനിറ്റുകളിലാണ് ഷാക്ക, ഷാക്കിരി എന്നിവർ ഗോൾ നേടിയത്.