ഫ്രാൻസിനെതിരായ തോൽവി: ഹവിയർ മഷരാനോ വിരമിച്ചു

മോസ്കോ∙ അർജന്റീന ഫുട്ബോൾ ടീമിലെ മധ്യനിര താരം ഹവിയർ മഷരാനോ രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിച്ചു. ലോകകപ്പ് പ്രീക്വാർട്ടറിൽ ഫ്രാൻസിനെതിരെ തോറ്റതിനു പിന്നാലെയാണ് വിരമിക്കൽ‌ പ്രഖ്യാപനം നടത്തിയത്. ക്ലബ് ഫുട്ബോളില്‍ തുടരുമെന്നും മഷരാനോ അറിയിച്ചു. 

ഈ കഥ കഴിഞ്ഞു. ഞങ്ങൾക്കാവുന്നതു മുഴുവൻ അവസാനം വരെ കളത്തിൽ നൽകിക്കഴിഞ്ഞു. നല്ല രീതിയിലല്ല അർജന്റീന കളി തുടങ്ങിയത്. എന്നാൽ മികച്ച തിരിച്ചുവരവ് അർജന്റീന മൽസരത്തിൽ നടത്തി. ഫ്രാൻസിന്റെ നിർണായകമായ ഗോളാണ് മൽസരത്തിൽ തിരിച്ചടിയായത്– മൽസരത്തിന് ശേഷം മഷരാനോ മാധ്യമങ്ങളോട് പറഞ്ഞു. 

ഫ്രാൻസിനെതിരെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന തോറ്റത്. റഷ്യൻ ലോകകപ്പ് തന്റെ അർ‍ജന്റീനയോടൊപ്പമുള്ള അവസാന മൽസരമായിരിക്കുമെന്ന് മഷരാനോ നേരത്തേ വ്യക്തമാക്കിയിരുന്നു. 2003ലാണ് താരം അര്‍ജന്റീനയ്ക്കു വേണ്ടി ആദ്യ മൽസരത്തിനിറങ്ങുന്നത്. അർജന്റീനയ്ക്കു വേണ്ടി 147 മൽസരങ്ങൾ കളിച്ചിട്ടുണ്ട്.  

ചൈനീസ് ക്ലബ് ഹെബി ചൈന ഫോർച്യുണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത്. ബാർസിലോന, ലിവർപൂള്‍ ടീമുകൾക്ക് വേണ്ടിയും  കളിച്ചിട്ടുണ്ട്.