മെസ്സിയും റൊണാൾഡോയും നെയ്മറും പാതിവഴിയിൽ മടങ്ങി; താരമാകാൻ ഹസാഡ്

സെന്റ് പീറ്റേഴ്സ്ബർഗ് ∙ മെസ്സിയും റൊണാൾഡോയും നെയ്മറും മടങ്ങി. ഇനിയാരാണ് ഈ ലോകകപ്പിന്റെ സൂപ്പർ താരമെന്ന ചോദ്യത്തിന് ഉത്തരം ബൽജിയത്തിന്റെ മുൻനിരയിലുണ്ട്! – ക്യാപ്റ്റൻ ഏദൻ ഹസാഡ്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ സൂപ്പർ താരമായി 2012 മുതൽ  കളത്തിലുണ്ടെങ്കിലും, ഇംഗ്ലണ്ടിൽ പതിവുള്ള സൂപ്പ‍ർതാര ലഹരി ഇതുവരെ ഇരുപത്തിയേഴുകാരൻ ഹസാഡിനെ തേടിച്ചെന്നിട്ടില്ല. ഹസാഡിന്റെ താരമൂല്യം പതിന്മടങ്ങ് ഉയർത്തിക്കഴിഞ്ഞു ഇതുവരെയുള്ള പ്രകടനങ്ങൾ. 

ബ്രസീലിനെതിരെ ഇന്നലെ മധ്യനിരയിൽനിന്ന് മുന്നേറ്റനിര വരെ അടക്കി‌‌‌ ഭരിച്ച ഹസാഡിന്റ കാലുകളിലായിരുന്നു ബൽജിയത്തിന്റെ കളി. പന്ത് കാലിലൊട്ടിച്ച പോലെ എന്ന് ആലങ്കാരികമായല്ല, യഥാർഥത്തിൽ തന്നെ വിശേഷിപ്പിക്കാവുന്ന കളി. കഴിഞ്ഞ ലോകകപ്പിലും യൂറോകപ്പിലും നിറം മങ്ങിപ്പോയ ഹസാഡിന്റെ തനിരൂപമാണ് ഇതുവരെയുള്ള ബൽജിയത്തിന്റെ കളികളിൽ കണ്ടത്. 

ഗോളടിക്കുന്നതിൽ മാത്രമല്ല, ഗോളടിപ്പിക്കാനുമറിയാവുന്ന വിങ്ങറും സപ്പോർട്ട് സ്ട്രൈക്കറും എന്നാണു ലീഗിൽ ഹസാഡിന്റെ വിശേഷണം. ബൽജിയം നിരയിലും ലുക്കാകുവും ഡിബ്രുയ്നെയും ഉൾപ്പെടെയുള്ളവരെ ഗോളടിപ്പിക്കാൻ പാസുകൾ നീട്ടി നൽകുന്നതും വഴിയൊരുക്കുന്നതും ഹസാഡിന്റെ കാലുകളാണ്.