ഇന്നു രാത്രി ലോകകപ്പ് സെമിയുടെ കിക്കോഫിന് നിമിഷങ്ങൾക്കു മുൻപ് ഫ്രഞ്ച് ദേശീയഗാനം മുഴങ്ങുമ്പോൾ എന്തായിരിക്കും തിയറി ഒൻറിയുടെ മനസ്സിൽ? പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ മുതൽ സിനദിൻ സിദാൻ വരെ ഫ്രാൻസിലുള്ള സകലരും ‘അലെ ലെ ബ്ലൂ...’(allez les blues) എന്ന് നീലപ്പടയ്ക്കായി ആർപ്പുവിളിക്കുമ്പോൾ, അതിനെതിരെ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാകും ഈ ഫ്രഞ്ച് ഇതിഹാസ താരം.
ഫ്രാൻസിനു വേണ്ടി ലോകകിരീടവും യൂറോ കിരീടവും നേടിയ ചരിത്രമുള്ള ഒൻറി ഈ മൽസരത്തിൽ മാതൃരാജ്യം തോൽക്കണമെന്ന് ആഗ്രഹിക്കും. കാരണം ഒൻറിയുടെ കൂറ് എതിരാളിയുടെ പാളയത്തോടാണ്. കഴിഞ്ഞ രണ്ടു വർഷമായി ബൽജിയത്തിന്റെ സഹപരിശീലകവേഷം തകർത്താടുകയാണ് ഫ്രാൻസിന്റെ എക്കാലത്തെയും ടോപ്സ്കോറർ. 123 കളികളിൽനിന്ന് 51 ഗോളുകൾ നേടിയ ഈ മുൻനായകന്റെ അനുഭവ പാഠങ്ങളാണ് ഇപ്പോൾ ബൽജിയത്തിന്റെ കുതിപ്പിനു കരുത്തു പകരുന്നത്. ലോകകിരീടം നേടിയ ഫ്രഞ്ച് ടീമിൽ ഇപ്പോഴത്തെ ഫ്രാൻസ് പരിശീലകൻ ദിദിയേ ദെഷാമിന്റെ സഹതാരമായിരുന്നു ഒൻറി. ഇന്നത്തെ പോരാട്ടത്തിൽ ബൽജിയം ബെഞ്ചിൽ ഒൻറി നിർണായക സാന്നിധ്യമാകുന്നതും അതുകൊണ്ടു തന്നെ.
ലോകകപ്പിൽ ഏറ്റവും ചലനങ്ങളുണ്ടാക്കിയ മുൻനിരകളിലൊന്ന് ബൽജിയത്തിന്റേതാണ്. ആ മികവിൽ വലിയ പങ്കുവഹിച്ചത് ഒൻറിയാണ്. ടീമിനകത്ത് വിജയികളുടെ മനോഭാവമുണ്ടാക്കുന്നതിൽ ഒൻറിക്കു കഴിഞ്ഞതിന്റെ തെളിവാണ് ചെമ്പടയുടെ ശരീരഭാഷ. ജപ്പാനെതിരെ പ്രീക്വാർട്ടറിൽ രണ്ടു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചപ്പോൾ ജയിച്ചത് അസാമാന്യമായ ഈ കില്ലർ ഇൻസറ്റിങ‌്ക്റ്റ് തന്നെ. ഇരുകാലുകൾ കൊണ്ടും വേണമെങ്കിൽ കൈ കൊണ്ടും ഗോൾ നേടാൻ അസാധാരണ വൈഭവം കാട്ടിയിരുന്ന ഒൻറി അർധാവസരങ്ങൾ പോലും മുതലാക്കുന്നതിലുള്ള മിടുക്ക് ഏദൻ ഹസാഡിനെയും സംഘത്തെയും പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. റൊമേലു ലുക്കാകു അടക്കമുള്ള താരങ്ങളുമായി അടുത്ത വ്യക്തിബന്ധം പുലർത്തുന്ന ഒൻറി ആക്രമണ ഫുട്ബോളിന്റെ തത്വശാസ്ത്രം പകർന്നു നൽകുന്നു.
പരിശീലനത്തിൽ സ്ട്രൈക്കർമാർക്കൊപ്പമാണ് ഒൻറി ഏറെ നേരം ചെലവഴിക്കുന്നത്. എന്നാൽ, ഇന്നത്തെ മൽസരത്തിൽ ഫ്രഞ്ച് ഫുട്ബോളിനെക്കുറിച്ച് ഒൻറിയുടെ ആഴത്തിലുള്ള ഉൾക്കാഴ്ചയാകും ബൽജിയം കോച്ച് റോബർട്ടോ മാർട്ടിനെസിന്റെ ഏറ്റവും വലിയ ആയുധം. എംഗോളോ കാന്റെ, ബ്ലേസ് മാറ്റ്യുഡി, പോൾ പോഗ്ബ എന്നീ പ്രതിഭാധനൻമാരടങ്ങുന്ന ഫ്രഞ്ച് മധ്യനിരയാണ് ബൽജിയം സ്ട്രൈക്കർമാർക്കു ഭീഷണിയാവുക. പന്തു പിടിച്ചെടുക്കുന്നതിൽ ഇവർക്കുള്ള മിടുക്ക് മൽസരത്തിൽ നിർണായകമാകും. അധികം പാസുകളില്ലാതെ ഡ്രിബിൾ ചെയ്തും ഒറ്റയ്ക്കു പന്തുമായി ഓടിയും മുന്നേറുന്ന ഹസാഡും സംഘവും ഈ വെല്ലുവിളി മറികടക്കുന്നത് എങ്ങനെയെന്ന് കണ്ടറിയണം. മൈതാനമെങ്ങും പറന്നു നടക്കുന്ന അന്റോയ്ൻ ഗ്രീസ്മെൻ, അതിവേഗക്കാരനായ കിലിയൻ എംബപെ എന്നിവരെ തളയ്ക്കാനുള്ള പൊടിക്കൈകളും ഒൻറിക്കു നൽകാനായേക്കും.
ഇരുപതു വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്ന ഒൻറിയെ പരിശീലക വേഷത്തിലേക്ക് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ ഒരിക്കലും പരിഗണിച്ചിരുന്നില്ല. 2009ൽ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ അയർലൻഡിനെതിരെ താൻ നേടിയ ഗോൾ ഹാൻഡ്ബോളാണെന്ന വിവാദം കത്തിയപ്പോൾ, ഫ്രാൻസ് തനിക്കൊപ്പം നിന്നില്ലെന്ന പരിഭവം ഒൻറിക്കുണ്ട്. രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചപ്പോൾ താരം അർഹിക്കുന്ന യാത്രയയപ്പും നൽകിയിരുന്നില്ല. ഫുട്ബോൾ ജീവവായുവായ ഈ ഇതിഹാസതാരം മുഖ്യപരിശീലകന്റെ വേഷമണിയുന്ന കാലം വിദൂരമല്ല. അതിന് ആദ്യപടിയായി ഇന്ന് ഫ്രാൻസിനെ തോൽപിച്ചേ പറ്റൂ. അതല്ലാതെ ഒൻറിക്ക് മറ്റൊരു തിയറിയില്ല.