ഇന്നും ഇന്നലെയും തുടങ്ങിയതല്ല ബൽജിയം! പരിചയത്തിൽ ഫ്രാന്‍സ് ബഹുദൂരം പിന്നിൽ

ലോകകപ്പിലെ ഏറ്റവും പരിചയസമ്പന്നരായ ടീം ഏതാണ്? അതു ബൽജിയം തന്നെ. അറുപതിലേറെ രാജ്യാന്തര മൽസരങ്ങൾ കളിച്ച 12 പേരുണ്ട്.ബൽജിയത്തിന്റെ 23 അംഗ ടീമിൽ. അങ്ങനെയുള്ള ഒരാളേ ഫ്രാൻസ് ടീമിലുള്ളൂ! ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് മാത്രം– 102 മൽസരങ്ങൾ. ഡിഫൻഡർ യാൻ വെർടോംഗനാണ് ബൽജിയം ടീമിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ചത്–106 മൽസരങ്ങൾ. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ബൽജിയം ഈ കളി എന്നു ചുരുക്കം! 

ഫ്രാൻസിന് ആറാം സെമി;ബൽജിയത്തിന് രണ്ടാമത്തേത്

ഫ്രാൻസ് ഇന്ന് ഇറങ്ങുന്നത് ആറാമത്തെ ലോകകപ്പ് സെമി പോരാട്ടത്തിന്. രണ്ടാം തവണയാണ് ബൽജിയം സെമിയിലെത്തുന്നത്. 1986ൽ ആദ്യം സെമിയിൽ കടന്നപ്പോൾ അർജന്റീനയ്ക്കെതിരെ  കീഴടങ്ങുകയായിരുന്നു. അതേ ടൂർണമെന്റിൽ മൂന്നാം സ്ഥാന മൽസരത്തിൽ ഫ്രാൻസിനോട്  ബൽജിയം പരാജയപ്പെട്ടു. കഴി‍ഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ അർ‍ജന്റീന ബൽജിയത്തെ കീഴടങ്ങി. അന്ന് ടീമിലുണ്ടായിരുന്ന 14 താരങ്ങൾ ഇത്തവണയും ബൽജിയം നിരയിലുണ്ട്. 

1958ൽ ആണ് ഫ്രാൻസ് ആദ്യമായി സെമിയിലത്തിയത്. ആ മൽസരത്തിൽ ബ്രസീലിനോട് തോറ്റു. ആ ടൂ‍ർണമെന്റിൽ ഫ്രാൻസിന്റെ ജസ്റ്റ് ഫൊണ്ടെയ്ൻ 13 ഗോൾ നേടി. 1982 ലോകകപ്പ് സെമിയിൽ ഷൂട്ടൗട്ടിൽ ജർമനിയോടു കീഴടങ്ങി. 86ലെ സെമിയിൽ വീണ്ടും ജർമനിക്കെതിരെ തോൽവി. സ്വന്തം നാട്ടിൽ കിരീടം നേടിയ 1998 ലോകകപ്പിലും റണ്ണേഴ്സഅപ്പായ 2006 ലോകകപ്പിലുമായിരുന്നു ഫ്രാൻസിന്റെ മറ്റ് സെമി പോരാട്ടങ്ങൾ.

പ്ലസ്– മൈനസ്

ഫ്രാൻസ്: 

അതിവേഗത്തിലുള്ള കളി. നാലു പാസ് കൊണ്ട് ഫ്രാൻസ് ബോക്സിൽ നിന്ന് എതിർ ബോക്സിലെത്തും. വിങ്ബായ്ക്കുകളായ ഹെർണാണ്ടസും പവാർദും പ്രതിരോധത്തിലെ ദുർബലമായ കണ്ണികളാണ്. 

ബൽജിയം: 

പ്രതിരോധവും മധ്യനിരയും മുന്നേറ്റവും തമ്മിൽ മികച്ച ഒത്തിണക്കം. സ്വന്തം ബോക്സിൽ നിന്ന് എതിർ ഗോളിലേക്ക് ഒട്ടേറെ ചാനലുകളുണ്ട് ബൽജിയത്തിന്. 

മികച്ച ഡിഫൻഡർമാരാണ്. പക്ഷേ എംബപെയെപ്പോലൊരാൾ പാഞ്ഞു കയറിയാൽ ഒപ്പമെത്താനുള്ള വേഗമില്ല. 

തോമസ് വെർമാലെൻ  (ബൽജിയം ഡിഫൻഡർ)

ഞങ്ങൾക്കു ഫൈനലിൽ എത്തിയേ മതിയാകൂ. ഫൈനൽ മൽസരത്തിലും ഞങ്ങൾക്കു ജയിക്കണം. അല്ലെങ്കിൽ എക്കാലത്തേക്കുമുള്ള നിരാശയാകുമത്. അറ്റാക്കിങ് ഫുട്ബോൾ വഴങ്ങുമെന്നു ഞങ്ങൾ തെളിയിച്ചുകഴിഞ്ഞു. ജപ്പാനെതിരെ രണ്ടു ഗോളിനു പിന്നിട്ടുനിന്ന മൽസരം ഞങ്ങൾ ജയിച്ചു. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നിനെയാണു ഞങ്ങൾ ക്വാർട്ടറിൽ പുറത്താക്കിയത്’.

ഒളിവർ ജിറൂദ്  (ഫ്രാൻസ് സ്ട്രൈക്കർ)

സെമിഫൈനലിൽ ഫ്രാൻസിന്റെ എതിർനിരയിലാകും തിയറി ഒൻറിയുടെ സ്ഥാനം എന്നതു കഷ്ടമാണ്. പക്ഷേ, വിജയത്തിൽ മാത്രമാണ് എന്റെ ശ്രദ്ധ. എത്തിപ്പെട്ടതു തെറ്റായ ടീമിനൊപ്പമാണെന്ന് ഒൻറിയെ ബോധ്യപ്പെടുത്തുന്നതിൽ എനിക്ക് അഭിമാനമേ ഉണ്ടാകൂ.