Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാങ്കിങ്ങിൽ ഫ്രാൻസ് ഏഴ്, ക്രൊയേഷ്യ 20; മോസ്കോയിൽ കാണാം, ‘രസ്യൻ ഫൈനൽ’

france-croatia ഫ്രാൻസിന്റെയും ക്രൊയേഷ്യയുടെയും താരങ്ങൾ.

ഇന്ന്, വിഐപി ഗാലറിയിൽ ഇരുന്നു ഡേവർ സൂകർ ക്രൊയേഷ്യയ്ക്കു വേണ്ടി കയ്യടിക്കുമ്പോൾ മൈതാനത്തിന്റെ സൈഡ്‌ലൈനിൽ നിന്നു ദിദിയെ ദെഷാം അതു കേൾക്കും. ഇരുവരുടെയും ഓർമകൾ ഒരു ബാക്ക് പാസുപോലെ ഇരുപതു വർഷം പിന്നിലേക്കു പോകും. ഈ മൽസരത്തിന്റെ വിത്ത് അന്നേ വിതച്ചതാണ്. 1998 ജൂലൈ എട്ടിനു പാരിസിലെ സ്താദ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ. ഫുട്ബോളിന്റെ ‘പാരിസ് സ്കൂളിൽ’ ഒന്നിച്ചു പഠിക്കുകയായിരുന്നു അന്നു ദെഷാമിന്റെ ഫ്രാൻസും സൂകറിന്റെ ക്രൊയേഷ്യയും.

1998 ലോകകപ്പിനെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നുമോർമ വരുന്ന മുഖങ്ങൾ. ഫ്രാൻസ് അന്നേ ലോക ഫുട്ബോൾ പാഠങ്ങൾ മനസ്സിരുത്തി പഠിച്ചവരാണ്. ക്രൊയേഷ്യ ഫിഫയിൽ അഡ്മിഷൻ വാങ്ങി പരീക്ഷയെഴുതാൻ വന്നവരും. സെമി ഫൈനലിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ക്രൊയേഷ്യ ആദ്യം ഗോളടിച്ചു; പക്ഷേ, ഫ്രാൻസ് മൽസരം ജയിച്ചു.

ക്രൊയേഷ്യ– ഫ്രാൻസ്, റോഡ് ടു ഫൈനൽ വിഡിയോ കാണാം

രണ്ടു പതിറ്റാണ്ടിനു ശേഷം മോസ്കോയിൽ ഇരു ടീമുകളും തമ്മിൽ കണ്ടുമുട്ടുന്നത് നൊസ്റ്റാൾജിക് ആയ ഈ ഓർമകളിലാണ്. പക്ഷേ, ചേർത്തു പിടിക്കാനല്ല, കോർത്തു നിൽക്കാൻ തന്നെയാണു വിധി. അന്നു സെമി ഫൈനലായിരുന്നെങ്കിൽ ഇന്ന് അതിലും നിർണായകമായ ഫൈനൽ. ഇരുഭാഗത്തും മുഖങ്ങളും മാറി. ഫ്രാൻസിന്റെ നിരയിൽ ഫാബിയൻ ബാർത്തേസ് എന്ന മൊട്ടത്തലയനും മധ്യനിരയിൽ സിനദിൻ സിദാൻ എന്ന മാന്ത്രികനുമില്ല.

ഇംഗ്ലണ്ട്–ബൽജിയം ലൂസേഴ്സ് ഫൈനൽ വിഡിയോ സ്റ്റോറി കാണാം

ക്രൊയേഷ്യൻ നിരയിൽ സൂകർ എന്ന സ്കോററും ബോബൻ എന്ന ക്യാപ്റ്റനുമില്ല. പക്ഷേ, ഫ്രഞ്ച് നിരയിൽ ഒരു നീരാളിയെപ്പോലെ നാലുപാടു നിന്നും പന്തിനെ ചുറ്റിപ്പിടിക്കുന്ന പോൾ പോഗ്ബയുണ്ട്. അപ്പുറം ‍‍വെൺചാമരമുടി പാറിച്ച് ലൂക്ക മോഡ്രിച്ചുണ്ട്. അന്നും ഇന്നും മാറാത്തതു ചില കാര്യങ്ങൾ മാത്രം. പങ്കുവയ്ക്കാൻ ഒരു പന്ത്, നേടാൻ ഒരു കപ്പ്, കണ്ടു നിൽക്കാൻ ലോകം!

ഫ്രഞ്ച്–ക്രോട്ട്

ലോകം ഇത്ര രാജ്യങ്ങളായി പിരിയാതിരുന്ന കാലത്ത്, ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയന്റെ കീഴിലായിരുന്നു ക്രൊയേഷ്യയുടെ മിക്ക ഭാഗവും. പക്ഷേ, പിണക്കവും വൈരവുമൊന്നും ഇരുരാജ്യങ്ങളും തമ്മിലില്ല. കാരണം അവരുടെ ചരിത്രദിശ വ്യത്യസ്തമായിരുന്നു എന്നതാണ്. ഫ്രാൻസുകാർ അധികാരവും വിപ്ലവവും മോഹിച്ചിരുന്ന കാലത്തു ക്രൊയേഷ്യ സ്വാതന്ത്ര്യത്തിനും വസന്തത്തിനും വേണ്ടി ദാഹിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും അവസാനം സ്വതന്ത്രരായ രാജ്യങ്ങളിലൊന്നാണ് അവർ. പക്ഷേ, ഫുട്ബോളിൽ ഒരു റിപ്പബ്ലിക്കാവാൻ അത്ര കാലം വേണ്ടിവന്നില്ല. ആദ്യമായി കളിച്ച ലോകകപ്പിൽ തന്നെ മൂന്നാം സ്ഥാനം. അതിനു ശേഷമുള്ള കുതിപ്പ് അവിശ്വസനീയം.

SOCCER-WORLDCU/ ലോകകപ്പ് ഫൈനലിനു വേദിയാകുന്ന ലുഷ്നികി സ്റ്റേഡിയവും മോസ്കോ നഗരവും. ഇന്നലെ വൈകിട്ടു പകർത്തിയ ആകാശദൃശ്യം. ചിത്രം: റോയിട്ടേഴ്സ്

വീണ്ടുമൊരിക്കൽ കൂടി നേർക്കുനേർ വരുമ്പോൾ ഫ്രാൻസിനു തന്നെയാണു മുൻതൂക്കം. കടുപ്പമേറിയ വഴി കടന്നാണ് അവർ വരുന്നത്. പ്രീ–ക്വാർട്ടറിൽ അർജന്റീനയെയും ക്വാർട്ടറിൽ യുറഗ്വായെയും സെമിയിൽ ബൽജിയത്തെയും തോൽപ്പിച്ചു. പോൾ പോഗ്ബയും എംഗോളോ കാന്റെയുമടങ്ങുന്ന മധ്യനിര, കിലിയൻ എംബപെഎന്ന ‘പോക്കറ്റ് റോക്കറ്റ്’ ഉൾപ്പെടുന്ന മുന്നേറ്റനിര. ക്രൊയേഷ്യയും ഒട്ടും മോശമല്ല. മാൻസൂക്കിച്ച്–പെരിസിച്ച്–റെബിച്ച് ത്രയം ഉൾപ്പെടുന്ന മുന്നേറ്റം, ലൂക്ക മോഡ്രിച്ചും ഇവാൻ റാകിട്ടിച്ചും നിയന്ത്രിക്കുന്ന മധ്യനിര. ഫ്രാൻസിനില്ലാത്ത ഒരു റെക്കോർഡും അവർക്കുണ്ട്. ഈ ലോകകപ്പിൽ ഇതുവരെ എല്ലാ കളികളും ജയിച്ച ഒരേയൊരു ടീം.

യൂറോ കപ്പ്

ലോകകപ്പിന്റെ സെമിഫൈനൽ പൂർത്തിയായതോടെ പുറത്തു വന്ന നിരീക്ഷണങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു: 2018 ലോകകപ്പ് ഇതാ, ഇവിടെ അവസാനിക്കുന്നു. 2020 യൂറോകപ്പ് ഇതാ ഇവിടെ തുടങ്ങുന്നു! ലോകകപ്പ് നാലു യൂറോപ്യൻ ടീമുകളിലേക്കു മാത്രമായി ചുരുങ്ങിയതിനെക്കുറിച്ചായിരുന്നു ആ നിരീക്ഷണം. ലോക ഫുട്ബോളിലെ കാൽപനിക സങ്കൽപങ്ങളിൽ ലാറ്റിനമേരിക്ക ഇപ്പോഴുമുണ്ടാകാം. പക്ഷേ, ലോക ഫുട്ബോളിന്റെ ഭാവിരേഖ യൂറോപ്പിന്റെ കൈത്തലത്തിൽ അമർത്തി വരച്ച ലോകകപ്പാണ് ഇത്.

സെമിഫൈനൽ കളിച്ച നാലു ടീമുകളും ഒരേ ഭൂഖണ്ഡത്തിൽ നിന്ന്. ലാറ്റിനമേരിക്കയുടെ പതാകാവാഹകരായ അർജന്റീനയും ബ്രസീലും ക്വാർട്ടർ ഫൈനലിൽ കൊടി മടക്കി മടങ്ങി. ഏഷ്യൻ ടീമുകളുടെ വീര്യം പ്രീ–ക്വാർട്ടറിൽ തീർന്നു. ആഫ്രിക്കൻ ടീമുകളുടെ കരുത്ത് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ചോർന്നു. ഫുട്ബോളിന്റെ സാർവദേശീയ പ്രചാരം വർധിക്കുമ്പോഴും അതിന്റെ അധികാരം കേന്ദ്രീകരിക്കുന്നതിന്റെ ഉറപ്പുകളും തന്ന ലോകകപ്പ്.

താരപ്പോരാട്ടം കാണാം

∙ മോഡ്രിച്ച് – കാന്റെ

ആധുനിക ഫുട്ബോളിൽ മിഡ്ഫീൽഡർമാർ അധികം നേർക്കുനേർ ഏറ്റുമുട്ടേണ്ടിവരാറില്ല. എന്നാൽ, ഇന്ന് ഫ്രാൻസ് മധ്യനിരയുടെ ഹൃദയമായ എംഗോളോ കാന്റെയും ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ചും കൊമ്പുകോർക്കേണ്ടിവന്നേക്കാം. മധ്യനിരയുടെ താളമാണ് ഇരുടീമുകളുടെയും കളിയുടെ ഗതി നിർണയിക്കുന്നത് എന്നതാണു കാരണം. പ്രതിരോധത്തിൽ കാര്യമായ പങ്കുവഹിക്കുന്ന മോഡ്രിച്ച് പൊടുന്നനെ എതിർ ഡിഫൻസ് ഭേദിക്കുന്ന പാസുകളിലൂടെ മുന്നേറ്റത്തിനു തുടക്കമിടുകയും ചെയ്യും.

ലോകത്തെ ഏറ്റവും മികച്ച ഹോൾഡിങ് മിഡ്ഫീൽഡർമാരിൽപ്പെടുന്ന എംഗോളോ കാന്റെ തിളങ്ങിയാൽ ഫ്രാൻസും തിളങ്ങും. എതിർമുന്നേറ്റങ്ങളുടെ മുനയൊടിക്കുന്നതിൽ കാന്റെയുടെ മിടുക്ക് ഒന്നു വേറെതന്നെയാണ്. ആക്രമണനിരയ്ക്കു പന്തെത്തിച്ചുകൊടുക്കുന്നതിലും പ്രതിഭ കാട്ടുന്നു.

∙ ലോവ്‌റെൻ – എംബപെ

മിന്നുന്ന വേഗംകൊണ്ട് ഈ ടൂർണമെന്റിലെ നോട്ടപ്പുള്ളികളിൽ ഒരാളായ എംബപെ ‍ഡിഫൻഡർമാരുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു. ദെയാൻ ലോവ്റെന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യൻ പ്രതിരോധനിര താരതമ്യേന മോശമല്ലാത്ത പ്രകടനമാണ് ഈ ലോകകപ്പിൽ നടത്തിയത്. ഡൊമഗോജ് വിദയ്ക്കൊപ്പം സെൻട്രൽ ഡിഫൻസിൽ നിർണായക സാന്നിധ്യമാണു ലോവ്‍റെൻ.

ഇന്ന് ഈ കൂട്ടുകെട്ടിനു ഫ്രാൻസിന്റെ മുന്നേറ്റ താരങ്ങളിൽ കൂടുതൽ ഭീഷണിയാവുക എംബപെയാകും. പത്തൊൻപതുകാരനായ പിഎസ്ജി താരത്തെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടാൽ ക്രൊയേഷ്യയ്ക്കു കാര്യങ്ങൾ ബുദ്ധിമുട്ടാകും.

∙ പെരിസിച്ച് – പവാർദ്

ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇവാൻ പെരിസിച്ചിന്റെ മാൻ ഓഫ് ദ് മാച്ച് പ്രകടനമാണു ക്രൊയേഷ്യയെ തുണച്ചത്. രണ്ടാം പകുതിയിൽ സമനില ഗോൾ നേടി ക്രൊയേഷ്യയെ മൽസരത്തിലേക്കു തിരികെയെത്തിച്ചതിനു പിന്നാലെ എക്സ്ട്രാ ടൈമിൽ വിജയഗോളിൽ പങ്കാളിയാവുകയും ചെയ്തു.

പരുക്കിലായിരുന്ന ജിബ്‌രിൽ സിദിബെയ്ക്കു പകരക്കാരനായി ആദ്യ ഇലവനിൽ റൈറ്റ് ബാക്ക് ആയി സ്ഥാനം നേടിയ പവാർദ് മിന്നുന്ന പ്രകടനമാണു നടത്തിയത്. ഇന്ന് ഇടതുവിങ്ങിലൂടെ പെരിസിച്ച് കുതിച്ചെത്തുമ്പോൾ, തടയേണ്ട ചുമതല പവാർദിനാകും.

നേർക്കുനേർ പോരാട്ടം ഇങ്ങനെ

ഫ്രാൻസ് (റാങ്കിങ്: 7) – ക്രൊയേഷ്യ (റാങ്കിങ്: 20)

നേർക്കുനേർ– 5; ജയം: ഫ്രാൻസ്: 3, ക്രൊയേഷ്യ: 0, സമനില: 2