ഇന്ന് മോസ്കോ ലുഷ്നികിയിൽ ഫൈനൽ മൽസരം കാണാനെത്തിയ ഐ.എം.വിജയൻ പറയുന്നു
അർജന്റീനയെ തൃശൂരിൽ വച്ചിട്ടാണു ഞാൻ പോന്നത്. മോസ്കോയിൽ നിൽക്കുമ്പോൾ മനസ്സ് ക്രൊയേഷ്യയ്ക്കൊപ്പമാണ്. വെറുതേ തോന്നിയൊരു ഇഷ്ടമല്ല അത്. ഫ്രാൻസ് ലോകകപ്പിൽ സൂകറിന്റെ ടീം നമ്മുടെ ഇഷ്ട ടീമായിരുന്നില്ലേ. ഇപ്പോഴത്തെ മോഡ്രിച്ചും മിടുമിടുക്കനാണ്. ക്രൊയേഷ്യ ലോകകപ്പും മോഡ്രിച്ച് ഗോൾഡൻ ബോളും അടിക്കട്ടെ; അതല്ലേ സന്തോഷം!
ഇംഗ്ലണ്ടിനെതിരെ ക്രൊയേഷ്യയുടെ കളി ഞാൻ കണ്ടിരുന്നു. എന്തൂട്ട് പവർഹൗസാ ആ ടീം! തുടർച്ചയായി മൂന്നു കളി എക്സ്ട്രാ ടൈം കളിച്ചില്ലേ അവര്. അതിൽ രണ്ടെണ്ണം പെനൽറ്റി ഷൂട്ടൗട്ടും. തൊണ്ണൂറു മിനിറ്റ് കളിക്കുന്നതുപോലെയല്ല എക്സ്ട്രാ ടൈമിൽ കളിക്കുന്നത്. ശരീരത്തിനു മാത്രം കരുത്തു പോരാ അപ്പോൾ; മനസ്സും കത്തിയിങ്ങനെ നിൽക്കണം. ക്രൊയേഷ്യയ്ക്ക് അതുണ്ട്. 98ലെ സൂകറിന്റെ ടീമിനും അതുണ്ടായിരുന്നു.
പിന്നെ അവരുടെ ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ആ ജഴ്സിയും. കൾട്ടല്ലേ കൾട്ട്! ഫൈനലിൽ ക്രൊയേഷ്യ ആ ജഴ്സിയിൽത്തന്നെ ഇറങ്ങുമെന്നല്ലേ കേട്ടത്. ഇറങ്ങട്ടെ, ബ്രസീൽ മഞ്ഞയിലും ഹോളണ്ട് ഓറഞ്ചിലും ഇറങ്ങുന്നതു പോലെയാണത്. ഫ്രാൻസ് സ്ട്രോങ് ആണ്, സംശയമില്ല. ആ എംബപെ എന്തൊരു ഫാസ്റ്റാണ്. ഗ്രീസ്മാന്റെ കളി എനിക്ക് അതിലും ഇഷ്ടമാണ്. മിഡ്ഫീൽഡിലേക്കിറങ്ങി പന്തെല്ലാം കളക്ട് ചെയ്യുന്നു. വെറും സ്ട്രൈക്കറല്ല, ടീം മാനാണ് ഇപ്പോൾ ഗ്രീസ്മാൻ. പിന്നെ പോഗ്ബ. കാലമെത്രയായി കാണുന്നു. കഴിഞ്ഞ ലോകകപ്പിലെ മികച്ച യുവതാരം എന്നതിൽനിന്നു കുറെ വളർന്നു. എന്താ പാസിങ്. നാലു കാലു വച്ചാൽ ബോക്സിൽനിന്നു ബോക്സിലെത്തും.
കാന്റെ മറ്റൊരു മുത്താണ്. അടുത്തുകൂടി പന്തുമായി പോയാൽ കാന്തംപോലെയല്ലേ പിടിച്ചെടുക്കുന്നത്. പക്ഷേ, എന്നിട്ടും ഞാൻ ക്രൊയേഷ്യയ്ക്കൊപ്പം നിൽക്കുന്നത് അവരുടെ വീര്യംകൊണ്ടാണ്. ഫൈനൽപോലൊരു മൽസരത്തിൽ അതു പ്രധാനമാണ്. പിന്നെ മോഡ്രിച്ച് മാത്രമല്ല അവരുടെ ടീം. റാകിട്ടിച്ചും ഒടുക്കത്തെ ഫോമിലാണ്. അവസരം കിട്ടിയാൽ ഗോൾ ചാർത്താൻ മാൻസൂക്കിച്ചും പെരിസിച്ചുമുണ്ട്.
ഒരു ബെറ്റിന്റെ ഇടയ്ക്കു നിൽക്കുന്നയാൾകൂടിയാണു ഞാൻ. മോസ്കോയിലേക്കു വന്നതു നമ്മുടെ നന്തിലത്തുകാർക്കൊപ്പമാണ്. ചന്ദ്രേട്ടൻ പറയുന്നു ഫ്രാൻസ് ജയിക്കുമെന്ന്; ഗോപുവേട്ടൻ ക്രൊയേഷ്യ ജയിക്കുമെന്നും. എനിക്കും അങ്ങനെയാണു തോന്നുന്നത്. ക്രൊയേഷ്യ കലക്കും!