ലോകകിരീടം ആരു നേടും എന്നതു കഴിഞ്ഞാൽ എല്ലാവരും തേടുന്ന ചോദ്യം ഒന്ന്്; ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ആർക്കാകും? ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച്, ഫ്രാൻസ് സ്ട്രൈക്കർ കിലിയൻ എംബപെ എന്നിവരാണ് ഗോൾഡൻ ബോൾ സ്വന്തമാക്കാനായി മുന്നിലുള്ളത്. പക്ഷേ എംബപ്പെയ്ക്ക് മികച്ച യുവതാരത്തിനുള്ള പുരസ്കാരം ലഭിക്കാനാണ് കൂടുതൽ സാധ്യത. 21 വയസ്സിൽ താഴെയുള്ളവർക്കാണ് മികച്ച യുവതാരത്തിനുള്ള പുരസ്കാരം ലഭിക്കുക.
1998 ഫ്രാൻസ് ലോകകപ്പ് മുതൽ വിജയികളായ ടീമിലെ താരത്തിന് ഗോൾഡൻ ബോൾ ലഭിച്ചിട്ടില്ല. ഇത്തവണയും അങ്ങനെയായേക്കാം. ഫിഫയുടെ സാങ്കേതിക സമിതിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. സോവിയറ്റ് യൂണിയന്റെ ഇതിഹാസ താരം ലെവ് യാഷിന്റെ പേരിലുള്ള മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാര ജേതാവിനെയും സമിതി തന്നെ തിരഞ്ഞെടുക്കും. സെമിഫൈനലിൽ ബൽജിയത്തിനെതിരെ സേവുകളുമായി നിറഞ്ഞ ഫ്രാൻസിന്റെ ഹ്യൂഗോ ലോറിസിനാണ് സാധ്യത കൂടുതൽ.
ക്രൊയേഷ്യ– ഫ്രാൻസ്, റോഡ് ടു ഫൈനൽ വിഡിയോ കാണാം
ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരത്തിന് അത്തരം ആകാംക്ഷകളൊന്നുമില്ല. ആറു ഗോളുകളോടെ ഇംഗ്ലണ്ട് താരം ഹാരി കെയ്നാണ് ഇപ്പോൾ മുന്നിൽ. നാലു ഗോളുകളോടെ ബൽജിയം സ്ട്രൈക്കർ റൊമേലു ലുക്കാക്കു തൊട്ടു പിന്നിലുണ്ട്. ഫ്രാൻസിന്റെ അന്റോയ്ൻ ഗ്രീസ്മാനും കിലിയൻ എംബപ്പെയും മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്.