അലയടിച്ച് ഫ്രാൻസ് കിരീടത്തിൽ; ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കവർന്ന് ക്രൊയേഷ്യയ്ക്ക് മടക്കം

ഫ്രഞ്ച് താരങ്ങൾ കിരീടവുമായി.

കളിയാവേശത്തിന്റെ 90 മിനിറ്റുകൾ. ആർത്തിരമ്പിയ ഗാലറിയെ സാക്ഷിയാക്കി വിസ്മയം മുദ്രചാർത്തിയ ആറു ഗോളുകൾ. ചരിത്രമുറങ്ങുന്ന ലുഷ്നികി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച കലാശപ്പോരാട്ടത്തിന് ഒടുവിൽ  ലോകഫുട്ബോളിൽ ഫ്രാൻസിന്റെ പട്ടാഭിഷേകം. ദൗർഭാഗ്യം പിന്തുടർന്നിട്ടും അനുപമമായ പോരാട്ടവീര്യം കാഴ്ചവച്ച ക്രൊയേഷ്യയുടെ കീഴടങ്ങൽ അവസാന നിമിഷം വരെ പൊരുതിയ ശേഷം (4–2). ഫ്രാൻസിന്റെ രണ്ടാം ലോകകപ്പ് കിരീടമാണിത്. 1998ൽ സ്വന്തം നാട്ടിൽ നടന്ന ടൂർണമെന്റിലായിരുന്നു ആദ്യ കിരീടം.

മരിയോ മാൻസൂകിച്ചിന്റെ സെൽഫ് ഗോളിൽ(18–ാം മിനിറ്റ്) മുന്നിലെത്തിയ ഫ്രാൻസിനു വേണ്ടി അന്റോയ്ൻ ഗ്രീസ്മെൻ(പെനൽറ്റി–38), പോൾ പോഗ്ബ(59), കിലിയൻ എംബപെ(65) എന്നിവർ ഗോൾ നേടി. ഇവാൻ പെരിസിച്ച്(28), മാൻസൂകിച്ച്(69) എന്നിവർ ക്രൊയേഷ്യയ്ക്കു വേണ്ടി ലക്ഷ്യം കണ്ടു.

ആരാധകരെ മുഴുവൻ ആവേശക്കൊടുമുടിയിൽ എത്തിച്ച കളിയിൽ ഫുൾമാർക്ക്  ഫ്രാൻസിന്റെ തന്ത്രങ്ങൾക്കാണ്. ഇരമ്പിയെത്തിയ എതിരാളികൾക്കു മുന്നിൽ പകച്ചു പോകാതെ പിടിച്ചുനിന്ന ശേഷം  ക്രൊയേഷ്യയുടെ പ്രതിരോധം ഛിന്നഭിന്നമാക്കിയാണ് ദിദിയെ ദെഷാമിന്റെ കുട്ടികൾ വിജയം സ്വന്തമാക്കിയത്. ഈ കിരീടനേട്ടത്തോടെ കളിക്കാരനായും പരിശീലകനായും ലോകകിരീടം നേടുന്ന മൂന്നാമത്തെയാളായി ദെഷാം. ബ്രസീലിന്റെ മരിയോ സഗാലോ, ജർമനിയുടെ ഫ്രാൻസ് ബക്കൻബോവർ എന്നിവരാണു മുൻഗാമികൾ.

മധ്യനിരയിൽ മേധാവിത്തം പിടിച്ചെടുത്ത  ക്രൊയേഷ്യയുടെ  മുന്നേറ്റങ്ങൾ ഫ്രാൻസിനെ പ്രതിരോധത്തിലാക്കിയ തുടക്കം. വിങ്ങുകളിൽ ക്രൊയേഷ്യൻ താരങ്ങളുടെ മിന്നലാട്ടത്തിന് ആരാധകരുടെ കരഘോഷം. ഇടതു വിങ്ങിലൂടെ ഇവാൻ പെരിസിച്ചിന്റെയും വലതുവിങ്ങിലൂടെ മോഡ്രിച്ചിന്റെയും വ്രസാൽക്കോയുടെയും കുതിപ്പിൽ ഫ്രഞ്ച് താരങ്ങൾക്ക് ചങ്കിടിപ്പ്.

ഫ്രഞ്ച് താരങ്ങൾ ഒന്നടങ്കം പിന്നോട്ടിറങ്ങി പ്രതിരോധിച്ച നിമിഷങ്ങൾ. പൊടുന്നനെ ദൗർഭാഗ്യം ക്രൊയേഷ്യയ്ക്കു വിലങ്ങിട്ടു. സെറ്റ് പീസ് ഭാഗ്യത്തിന്റെ വാതിൽ ഈ ലോകകപ്പിൽ ഒരിക്കൽക്കൂടി ഫ്രാൻസിനു മുന്നിൽ തുറന്നു. 18–ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മെന്റെ ഫ്രീകിക്ക് തട്ടിയകറ്റാൻ ശ്രമിച്ച മാൻസൂകിച്ചിന്റെ ഹെ‍ഡർ സ്വന്തം വലയിൽ പതിച്ചു. ലോകകപ്പ് ഫൈനലുകളിൽ പിറന്ന ആദ്യ സെൽഫ്ഗോളിലൂടെ ഫ്രാൻസ് മുന്നിൽ (1–0). പെരിസിച്ചിന്റെ അതിസുന്ദര ഗോളിൽ ക്രൊയേഷ്യ ഒപ്പമെത്തിയെങ്കിലും ദൗർഭാഗ്യം വീണ്ടും അവർക്കു തിരിച്ചടിയായി. 

ഫ്രാൻസിന് അനുകൂലമായ കോർണർ ബോക്സിൽ ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പെരിസിച്ചിന്റെ ഹാൻഡ്ബോളിനെതിരെ ഫ്രാ‍ൻസിന്റെ അപ്പീൽ. വിഎആർ പരിശോധനയ്ക്കു ശേഷം 38–ാം മിനിറ്റിൽ വിവാദത്തിന്റെ അകമ്പടിയോടെ റഫറി വിരൽ പെനൽറ്റി സ്പോട്ടിനു നേരെ. കിക്ക് എടുത്ത ഗ്രീസ്മെനു പിഴച്ചില്ല(2–1).

പിന്നീടു ഫ്രാൻസിന്റെ മുന്നേറ്റങ്ങളായിരുന്നു. പ്രതീക്ഷ കൈവിടാതെ ആഞ്ഞടിച്ച ക്രൊയേഷ്യയുടെ പ്രതിരോധം ചിതറിപ്പോയി. അതു സമർഥമായി മുതലെടുത്ത ഫ്രാൻസ് സാവധാനം ലീ‍ഡുയർത്തി; കപ്പും.

ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ, ഏറ്റവുമധികം ഗോൾ നേടിയ റെക്കോർഡിൽ രണ്ടാം സ്ഥാനത്താണ് ഈ കളി (6 ഗോൾ). 1958ലെ ബ്രസീൽ– സ്വീഡൻ ഫൈനലിൽ ആകെ പിറന്നത് 7 ഗോൾ. ബ്രസീൽ വക അഞ്ചും സ്വീഡന്റെ രണ്ടും. അതു കഴിഞ്ഞാൽ ഫൈനലിൽ ആറു ഗോളുകൾ എന്നതാണ് രണ്ടാം സ്ഥാനത്തുള്ളത്. 1930 യുറഗ്വായ്– അർജന്റീന (4–2) ഫൈനലിലും, 1938  ഇറ്റലി– ഹംഗറി (4–2) ൈഫനലിലും 1966 ഇംഗ്ലണ്ട്– പശ്ചിമജർമനി ഫൈനലിലും (4–2) ആറു ഗോൾ വീതം പിറന്നു.

ഗോളുകൾ 

മരിയോ മാൻസൂകിച്ച് (ക്രൊയേഷ്യ– സെൽഫ് ഗോൾ)

18–ാം മിനിറ്റ്

ക്രൊയേഷ്യൻ ബോക്സിനു പുറത്ത് ഫ്രാൻസിന് അുകൂലമായി ഫ്രീ കിക്ക്. ബോക്സിനുള്ളിലേക്കുള്ള ഗ്രീസ്മെന്റെ കിക്ക് ക്ലിയർ ചെയ്യാൻ ശ്രമിച്ച മാൻസൂകിച്ചിന്റെ ഹെഡർ പിഴച്ചു. പന്തു ഗോൾവര കടന്നതു നോക്കിനിൽക്കാനേ സുബാസിച്ചിനു കഴിഞ്ഞുള്ളു.

പെരിസിച്ച് (ക്രൊയേഷ്യ)

28–ാം മിനിറ്റ്

ക്രൊയേഷ്യയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. പന്തു ക്ലിയർ ചെയ്യുന്നതിൽ ഫ്രഞ്ച് പ്രതിരോധത്തിനു പിഴച്ചു. ബോക്സിനുള്ളിൽ വിദ മറിച്ചു കൊടുത്ത പന്തു പിടിച്ചെടുത്ത പെരിസിച്ച് പന്തു പാകപ്പെടുത്തി തൊടുത്ത ഇടംകാലൻ ഷോട്ട് വെടിയുണ്ട കണക്കെ ഗോളിൽ.

ഗ്രീസ്മെൻ (ഫ്രാൻസ്)

38–ാം മിനിറ്റ്

ബോക്സിനുള്ളിൽ ഇവാൻ പെരിസിച്ചിന്റെ കൈയിൽ പന്തു തട്ടിയതിന് വിഎആർ പരിശോധനയിലൂടെ ഫ്രാൻസിനു പെനൽറ്റി. കിക്ക് എടുത്തതു ഗ്രീസ്മെൻ. ഷോട്ട് പിഴച്ചില്ല. 

പോൾ പോഗ്ബ (ഫ്രാൻസ്)

59–ാം മിനിറ്റ്

എംബപെയുടെ അതിവേഗ കൗണ്ടർ അറ്റാക്ക്. ബോക്സിനുള്ളിലേക്ക് ഉയർന്നു വന്ന പന്ത് പോഗ്ബയുടെ കാലുകളിൽ. പോഗ്ബ എടുത്ത ആദ്യ ഷോട്ട് വിദ ബ്ലോക്ക് ചെയ്തെങ്കിലും റീബൗണ്ട് പോഗ്ബ തന്നെ വലയിലെത്തിച്ചു.

എംബപെ  (ഫ്രാൻസ്)

65–ാം മിനിറ്റ്

ഇടതു വിങ്ങിൽ നിന്നുള്ള ഹെർണാണ്ടെസിന്റെ മുന്നേറ്റം. ഹെർണാണ്ടസ് മറിച്ച പന്തുമായി ബോകിസിനുള്ളിലേക്കു കടന്ന എംബപെ പന്തു വരുതിയിലാക്കിയശേഷം എടുത്ത ഷോട്ട് ക്രൊയേഷ്യൻ ഡിഫൻഡർ വിദയെയും ഗോൾകീപ്പർ സുബാസിച്ചിനെയും മറികടന്ന് ഗോളായി.

മാൻസൂകിച്ച്  (ക്രൊയേഷ്യ)

69–ാം മിനിറ്റ്

മൂന്നു ഗോൾ ലീഡ് നേടിയ ഫ്രാൻസ് അൽപനേരം ഉഴപ്പിക്കളിച്ചു. ബോക്സിനുള്ളിൽ  ലഭിച്ച പന്ത് സാമുവൽ ഉംറ്റിറ്റിക്കു പാസ് ചെയ്യാൻ ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ് കൂടുതൽ സമയമെടുത്തു. ഗോളി പന്തു ക്ലിയർ ചെയ്യുന്നതിനിടെ  ബോക്സിലേക്കു കുതിച്ചെത്തിയ മാൻസൂകിച്ചിന്റെ കാലിലിടിച്ച് പന്ത് ഫ്രഞ്ച് വലയിൽ.