മോസ്കോ∙ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റഷ്യയിലെ ലോകകപ്പ് വേദികളിലൊന്നിന് കേടുപാട്. ഒട്ടേറെ മൽസരങ്ങൾക്ക് വേദിയായ വോൾഗോഗ്രാഡ് അരീനയിലാണ് മണ്ണിടിച്ചിലിനെ തുടർന്ന് തകരാർ സംഭവിച്ചത്. ലോകകപ്പ് ഫൈനൽ പോരാട്ടം കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് സംഭവം.
45,000 പേരെ ഉൾക്കൊള്ളുന്ന വോൾഗോഗ്രാഡിലെ സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്–തുനീസിയ, നൈജീരിയ–ഐസ്‍ലൻഡ്, സൗദി അറേബ്യ–ഈജിപ്ത്, ജപ്പാൻ–പോളണ്ട് തുടങ്ങിയ മൽസരങ്ങൾ നടന്നത്. സ്റ്റേഡിയത്തിന് ചില്ലറ കേടുപാടുകൾ സംഭവിച്ചെങ്കിലും സംഭവത്തിൽ ആർക്കു പരുക്കില്ല.
മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിനു ശേഷം കനത്ത മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് മഴ നനഞ്ഞാണ് ലോകചാംപ്യൻമാരായ ഫ്രാൻസ് കിരീടം ഏറ്റുവാങ്ങിയത്. പുരസ്കാരദാനത്തിനായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ തുടങ്ങിയവരും മഴ നനഞ്ഞാണ് വേദിയിൽനിന്നത്.