സ്വിറ്റ്സർലൻഡിൽ ജനിച്ച് ക്രൊയേഷ്യയ്ക്ക് കളിക്കുന്ന റാക്കിട്ടിച്ച്; ഓർമക്കുറിപ്പുകൾ

ക്രൊയേഷ്യയിലെ മേൽവിലാസം പതിച്ചൊരു പെട്ടി തുറന്ന് എന്റെ അച്ഛൻ ലൂക്ക ആ സമ്മാനം പുറത്തെടുത്തത് ഇന്നലെയെന്ന പോലെ ഓർമയുണ്ട്. ബാൾക്കൻ യുദ്ധകാലമായിരുന്നു അത്. സ്വിറ്റ്സർലൻഡിൽ താമസിക്കുകയായിരുന്ന പ്രവാസി ക്രൊയേഷ്യൻ കുടുംബത്തിലെ കുട്ടികൾക്ക് അതുപോലൊരു സമ്മാനം കിട്ടാനില്ല. ക്രൊയേഷ്യൻ ഫുട്ബോൾ ടീമിന്റെ ജഴ്സി.

91ൽ യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോൾ ഞങ്ങളുടേതടക്കം കുറെ കുടുംബങ്ങൾ സ്വിറ്റ്സർലൻഡിലേക്കു പോന്നു. സ്വിറ്റ്സർലൻഡിൽ ജനിച്ച എനിക്കും അനിയനും ഞങ്ങൾക്ക് യുദ്ധത്തെപ്പറ്റി കാര്യമായി ഒന്നും അറിയുമായിരുന്നില്ല. ഒരിക്കൽ ടിവിയിൽ ബാൾക്കൻ യുദ്ധത്തെക്കുറിച്ചു വാർത്ത കണ്ടപ്പോൾ, അഞ്ചു വയസ്സുകാരനായിരുന്ന ഞാൻ വല്ലാതെ സങ്കടപ്പെട്ടു പോയിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് ദേശീയ ജഴ്സിയിൽ ടീമിനെ ഇറക്കിയ നാട്ടുകാരുടെ രാജ്യമാണ് ക്രൊയേഷ്യ. അങ്ങനെയൊരു ടീമിന്റെ ജഴ്സി ഞാനും അനുജനും അഴിച്ചുവയ്ക്കുന്നതെങ്ങനെ.

1998ൽ ക്രൊയേഷ്യ ലോകകപ്പിൽ അരങ്ങേറി. വീട്ടിൽ ടിവിയിൽ കളി കാണുമ്പോൾ 90 മിനിറ്റും മിണ്ടാതിരിക്കണമെന്നാണ് അച്ഛന്റെ ഉത്തരവ്. ക്വാർട്ടറിൽ ജർമനിയെ നേരിടുമ്പോൾ അച്ഛൻ വല്ലാത്ത അവസ്ഥയിലായിരുന്നു. ഇത്രയും ഫുട്ബോൾ ജ്വരമുള്ള ഒരാളെ വേറെ ഞാൻ കണ്ടിട്ടില്ല. ബാർസിലോന പോലെയുള്ള ഒരു ക്ലബ്ബിനു വേണ്ടി കളിക്കുന്ന ഞാൻ ഇക്കാര്യം ഊതിപ്പെരുപ്പിച്ചു പറയുകയില്ല. ഫുട്ബോളിനൊപ്പം ക്രൊയേഷ്യയും അച്ഛന്റെ നെഞ്ചിടിപ്പായിരുന്നു. സീനിയർ ഫുട്ബോൾ ടീമിലെത്താൻ പ്രായമായപ്പോൾ സ്വിറ്റ്സർലൻഡിനു വേണ്ടി കളിക്കുമെന്ന് ഞാൻ ഉറപ്പിച്ചതാണ്. ഞാൻ ക്രൊയേഷ്യയ്ക്കു വേണ്ടി കളിക്കുന്നതായിരുന്നു അച്ഛന് ഇഷ്ടമെങ്കിലും എന്നെ നിർബന്ധിച്ചില്ല. ക്രൊയേഷ്യൻ ടീമിൽ ചേരണമെന്ന ആവശ്യവുമായി പത്തു വർഷം മുൻപ് ഫുട്ബോൾ ഫെഡറേഷൻ കാണാനെത്തി. ഞങ്ങൾ സംസാരിച്ചിരിക്കെ, അച്ഛൻ മുറിയുടെ പുറത്ത് ഉലാത്തുന്നുണ്ടായിരുന്നു. സ്വിറ്റ്സർലൻഡ് ഫുട്ബോൾ എനിക്ക് ഗുണം മാത്രമാണ് ചെയ്തത്. പക്ഷേ, ഞാൻ എവിടെ നിന്നാണ് വരുന്നതെന്നും എവിടത്തുകാരനാണെന്നുമുള്ള തിരിച്ചറിവ് എന്നെ മാറ്റി മറിച്ചു.

എന്റെ പൂർവപിതാക്കൻമാരുടെ നാടിനു വേണ്ടി കളിക്കാൻ തീരുമാനിച്ച് പുറത്തിറങ്ങിയപ്പോൾ അച്ഛൻ കാത്തിരിക്കുന്നുണ്ടായിരുന്നു. അച്ഛനെ പറ്റിക്കാൻ വേണ്ടി സ്വിറ്റ്സർലൻഡിനു വേണ്ടി കളിക്കാൻ തീരുമാനിച്ചുവെന്ന് ഞാൻ പറഞ്ഞു. ഓക്കെ, നന്നായി എന്നു മറുപടി പറഞ്ഞ അച്ഛനോട് ഞാൻ സത്യം പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

ഇപ്പോൾ, ക്രൊയേഷ്യയ്ക്കു വേണ്ടി കളിക്കാൻ ഇറങ്ങുമ്പോൾ ഞാൻ അച്ഛനെപ്പറ്റിയും ആ നിമിഷത്തെപ്പറ്റിയും ഓർക്കും. പണ്ട് അച്ഛൻ തന്ന ജഴ്സി ധരിച്ച കുട്ടിയിൽനിന്ന് ഞാൻ ഏറെ വളർന്നു. എങ്കിലും ആ ജഴ്സി അഴിച്ചുവയ്ക്കാൻ എനിക്കു മനസ്സു വരുന്നില്ല. ബാർസിലോനയിൽ താമസിക്കുന്ന എന്റെ ഭാര്യ സ്പെയിൻകാരിയാണ്. രണ്ടു പെൺമക്കളുണ്ട്. എന്റെ ഏറ്റവും വലിയ ആരാധകർ. എന്നെപ്പോലെ അവരും പ്രവാസികളായി വളരുകയാണ്. ഈയിടെ ഞാൻ അവർക്കു വേണ്ടി ഒരു പെട്ടി കൊണ്ടുവന്നു. രണ്ട് ക്രൊയേഷ്യൻ ജഴ്സിയായിരുന്നു അതിൽ. അവർ എന്നോട് പറഞ്ഞതെന്തന്ന് അറിയാമോ? ‘‘ഞങ്ങൾ ഇത് ഒരിക്കലും അഴിച്ചുവയ്ക്കില്ല’’!

(അവലംബം ദ് പ്ലെയേഴ്സ് ട്രിബ്യൂൺ)