ബഫൂൺ, വില്ലൻ, നായകൻ; മൽസരാന്തം ആനന്ദക്കണ്ണീർ - നെയ്മറാണ് താരം!

കോസ്റ്ററിക്കയ്ക്കെതിരായ മൽസരത്തിനുശേഷം കണ്ണീരോടെ മൈതാനത്തിരിക്കുന്ന നെയ്മർ. (ട്വിറ്റർ ചിത്രം)

റഷ്യൻ ലോകകപ്പിന്റെ രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോൾ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് വിധേയനായ താരമാരാണ്? രണ്ടു പേരുകളാണ് മുൻപന്തിയിൽ; ബ്രസീൽ താരം നെയ്മർ, അർജന്റീന താരം ലയണൽ മെസ്സി! ഫോമില്ലായ്മയും അർജന്റീനയുടെ മോശം പ്രകടനവുമാണ് മെസ്സിയെ ട്രോളൻമാരുടെ പ്രിയങ്കരനാക്കിയതെങ്കിൽ, കളത്തിലെ വീഴ്ചകളാണ് നെയ്മറിനെ താരമാക്കിയത്. ആദ്യ മൽസരത്തിൽ പത്തു തവണയിലേറെ ഫൗളേറ്റു വീണ നെയ്മറിനെ ‘നായകനാക്കി’ എത്രയെത്ര ട്രോളുകളിറങ്ങി!

വീഴ്ചയുടെ കാര്യത്തിൽ പക്ഷേ രണ്ടാം മൽസരത്തിലും താരം മോശമാക്കിയില്ല. കോസ്റ്ററിക്കയ്ക്കെതിരായ മൽസരത്തിലും പതിവു കാഴ്ചയായിരുന്നു ഫൗളിനു വിധേയനായി നിലംപതിക്കുന്ന നെയ്മർ. മൽസരത്തിലുടനീളം പരിഹാസ്യനായി മാറിയ നെയ്മർ ഈ മൽസരത്തിൽ എടുത്തണിഞ്ഞ വേഷങ്ങൾ എത്രയാണ്! ബഫൂണായും വില്ലനായുമെല്ലാം കളം നിറഞ്ഞ നെയ്മർ കളംവിട്ടത് പക്ഷേ നായകവേഷമണിഞ്ഞാണ്. എല്ലാറ്റിനുമൊടുവിൽ മൈതൈനത്തിരുന്ന ആനന്ദാശ്രു പൊഴിക്കുന്ന നെയ്മറിനെയും കണ്ടു.

∙ പരുക്ക്, വീഴ്ച

മൽസരത്തിനു മുൻപ് താരം വാർത്തകളിൽ നിറഞ്ഞത് പരുക്കിന്റെ പേരിലായിരുന്നു. പരിശീലനത്തിനിടെ പരുക്കേറ്റ നെയ്മർ ക്യാംപു വിട്ടെന്നും കോസ്റ്ററിക്കയ്ക്കെതിരെ കളിക്കില്ലെന്നും പ്രചാരണമുണ്ടായി. പരുക്കു സ്ഥിരീകരിച്ച ടീം അധികൃതർ പക്ഷേ അടുത്ത മൽസരത്തിൽ ഇറങ്ങുന്ന കാര്യത്തെക്കുറിച്ചൊന്നും വിട്ടുപറഞ്ഞില്ല. നെയ്മറില്ലെങ്കിലും ഇക്കുറി ബ്രസീലിനെ ബാധിക്കില്ലെന്ന് ആരാധകർ ആശ്വസിക്കുന്നതിനിടെ, കോച്ചിന്റെ പ്രഖ്യാപനമെത്തി, നെയ്മർ ഇന്നു കളിക്കും.

കോസ്റ്ററിക്കയ്ക്കെതിരായ കളി തുടങ്ങിയപ്പോൾ കാര്യങ്ങൾ തഥൈവ! സ്വിറ്റ്സർലന്‍ഡിനെതിരെ നിർത്തിയിടത്തുനിന്ന് നെയ്മർ തുടങ്ങി. ഇടയ്ക്കിടെ നിലംപതിക്കുന്ന നെയ്മറിനെ കണ്ട് ബ്രസീൽ ആരാധകർക്കുപോലും കലിവന്നു. കോസ്റ്ററിക്കൻ പ്രതിരോധം പിളർത്താനാകാതെ ബ്രസീൽ പരുങ്ങിയതോടെ കലികൂടി. മൽസരം മുന്നോട്ടു പോകുന്തോറും ആരാധകരുടെ ആധികൂടി. കളത്തിൽ ബ്രസീൽ താരങ്ങളുടെ സമ്മർദ്ദവും ക്രമാനുഗതമായി വർധിച്ചു.

∙ ഫൗൾനാടകം, മഞ്ഞക്കാർഡ്

ഇതിനിടെയാണ് 77–ാം മിനിറ്റിൽ കോസ്റ്ററിക്കയുടെ പെനൽറ്റി ബോക്സിൽ ജിയൻകാർലോ ഗൊൺസാലസ് നെയ്മറെ ഫൗൾ ചെയ്തെന്നു ചൂണ്ടിക്കാട്ടി റഫറി ബ്യോൺ കുയ്പ്പേഴ്സ് സ്പോട്ടിലേക്കു വിരൽ ചൂണ്ടിയത്. എന്നാൽ, കോസ്റ്ററിക്ക താരങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ ഈ തീരുമാനം വിഎആർ ഉപയോഗിച്ച് പുനഃപരിശോധിച്ചപ്പോൾ ഫൗൾ അല്ലെന്നു കണ്ടെത്തി. ഇതോടെ പെനൽറ്റി നിഷേധിച്ചു. പെനൽറ്റി എടുക്കാൻ ഒരുങ്ങിനിന്ന നെയ്മർ ഒരിക്കൽക്കൂടി പരിഹാസ്യനായി.

തുടർന്നും ബ്രസീൽ താരങ്ങൾ ഗോളിനായി കോസ്റ്ററിക്കൻ ഗോൾമുഖത്ത് റെയ്ഡ് നടത്തിയെങ്കിലും എല്ലാം വിഫലമായി. ഇടയ്ക്ക് സമയം കളയാൻ കോസ്റ്ററിക്കൻ താരങ്ങൾ പരുക്ക് അഭിനയിച്ച് വീണതോടെ നെയ്മറിന്റെ നിയന്ത്രണം വിട്ടു. ക്രുദ്ധനായി പന്തിൽ ആഞ്ഞിടിച്ച് പ്രതിഷേധിച്ച നെയ്മറിനെ റഫറി മഞ്ഞക്കാർഡ് കാട്ടി മെരുക്കി. വീഴ്ചയ്ക്കും പാഴായ പെനൽറ്റിക്കുമൊപ്പം ഇതുകൂടിയായതോടെ നെയ്മർ സർവത്ര പരിഹാസ്യൻ!

∙ ഇൻജുറി ടൈം എന്ന ‘നല്ലകാലം’

എന്നാൽ, മൽസരം ഇൻജുറി ടൈമിലേക്ക് കടന്നതോടെ ബ്രസീലിന്റെ കഷ്ടകാലം തീർന്നു, നെയ്മറിന്റെയും. കൂടെനിന്ന ഭാഗ്യം കോസ്റ്ററിക്കയെ കൈവിടുകയും ചെയ്തു. കളി സമനിലയാക്കാൻ കോസ്റ്ററിക്ക താരങ്ങൾ പരുക്ക് അഭിനയിച്ചു സമയം കളഞ്ഞതാണ് ബ്രസീലിനു ഗുണമായത്. രണ്ടാം പകുതിയുടെ ഇൻജുറി ടൈമായി അനുവദിക്കപ്പെട്ടത് ആറു മിനിറ്റ്. ഇൻജുറി ടൈമിൽ കോസ്റ്റ റിക്ക താരങ്ങൾ കളിയുടെ വേഗം കുറച്ചു. ഇതു മുതലെടുത്താണു ബ്രസീൽ രണ്ടു ഗോളും നേടിയത്.

ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽത്തന്നെ ഫിലിപെ കുടീഞ്ഞോയിലൂടെ ബ്രസീൽ മുന്നിൽ. മാർസെലോ ബോക്സിലേക്ക് ഉയർത്തിക്കൊടുത്ത പന്ത് ഫിർമിനോ ഹെഡ് ചെയ്ത് ജിസ്യൂസിനു നൽകി. ജിസ്യൂസിന്റെ ദേഹത്തിടിച്ച പന്തു ചെന്നതു ബോക്സിലേക്കു പാഞ്ഞെത്തിയ കുടിഞ്ഞോയുടെ നേർക്ക്. ഓടിയെത്തിയ കുടിഞ്ഞോയുടെ ഷോട്ട് കെയ്‌ലർ നവാസിനെ തോൽപിച്ച് ഗോളിലേക്ക്. ബ്രസീൽ ആരാധകർ ആർത്തിരമ്പി.

പിന്നാലെ, എല്ലാ പരിഹാസങ്ങളെയും അതിന്റെ വഴിക്കു വിട്ട് കളത്തിൽ നെയ്മറിന്റെ ഉദയം. ഇൻജുറി ടൈം അവസാന മിനിറ്റിൽ. വലതുവിങ്ങിൽ നിന്ന് ബോക്സിലേക്ക് ഓടിക്കയറിയ ഡഗ്ലസ് കോസ്റ്റയ്ക്ക് ഒപ്പം എത്താൻ തളർന്നു തുടങ്ങിയ കോസ്റ്ററിക്ക ഡിഫൻഡർമാർക്കു സാധിച്ചില്ല. നെയ്മറിനു കോസ്റ്റ പന്തു ക്രോസ് ചെയ്തു. ഉയർന്നു വന്ന പന്ത് കാലുയർത്തി ഒഴിഞ്ഞ ഗോൾപോസ്റ്റിലേക്കു തട്ടിയിട്ടു, നെയ്മർ.

∙ ക്ലൈമാക്സിൽ നായകൻ

വില്ലനായും ബഫൂണായും സഹനടനായുമെല്ലാം അണിഞ്ഞ വേഷങ്ങൾക്ക് അവസാന മിനിറ്റിലെ നായക വേഷത്തിലൂടെ പരിസമാപ്തി. ഇടയ്ക്ക് ആരാധകരിൽ കൗതുകം സൃഷ്ടിച്ച് മിന്നായം പോലൊരു ഡ്രിബ്ലിങ് മാന്ത്രികത. കോർമർ ഫ്ലാഗിനു സമീപത്തുനിന്ന് ഇരുകാലുകളിലും പന്തുകോർത്തെടുത്ത് മുന്നോട്ടിട്ട ആ ദൃശ്യങ്ങൾ, ചുരുങ്ങിയ സമയംകൊണ്ട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

എല്ലാറ്റിനുമൊടുവിൽ, ലോങ് വിസിൽ മുഴങ്ങിയതിനു പിന്നാലെ മുഖം പൊത്തി നിലത്തിരുന്നു താരം. ഊർന്നിറങ്ങി വന്ന കണ്ണീരിനെ കൈകൊണ്ടു പൊത്തിയ നെയ്മറിനെ, സഹതാരങ്ങൾ വന്നു പൊതിഞ്ഞു. ശുഭം!