ഭൂമിയിൽ നിന്ന് ഇത്രയും പ്രാർഥനകൾ ആകാശത്തേക്കു പോയ മറ്റൊരു ദിവസമുണ്ടാകില്ല; സമയമുണ്ടാകില്ല. ഭൂമിയുടെ ഓരോ അറ്റത്തു നിന്നും മേലേക്കൂ കൂപ്പിയ എത്രയെത്ര കൈകൾ! അതിൽ ദൈവം പണ്ട് സ്വന്തം കൈ കൊടുത്ത ഒരാൾ വരെയുണ്ടായിരുന്നു– സാക്ഷാൽ ഡിയേഗോ മറഡോണ. സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിലെ വിഐപി ബോക്സിൽ മറഡോണ വികാരഭരിതനായി കൈകൾ നെഞ്ചോടു ചേർത്തപ്പോൾ ഗാലറിയിലെ പതിനായിരക്കണക്കിന് ഹൃദയങ്ങൾ അതിനൊപ്പം മിടിച്ചു.
ലയണൽ മെസ്സിയുടെ മനസ്സിനെ ജ്വലിപ്പിക്കാൻ, കാലുകളെ ചടുലമാക്കാൻ അതു മതിയായിരുന്നു. അങ്ങനെ മെസ്സി മെസ്സിയായി. അർജന്റീന അർജന്റീനയായി. അതിനിടയ്ക്ക് നൈജീരിയയും ഒരു ഗോൾ നേടിയത് കളിനീതിയായി. പൊരുതിക്കളിച്ച അവർ പൊറുക്കട്ടെ; ഇതു ലയണൽ മെസ്സിക്കു വേണ്ടിയുള്ള മൽസരമായിരുന്നു!
മൈതാനത്തെ പതിനൊന്നു പേരെ ഗാലറിയിലുള്ളവർ എങ്ങനെ കളിപ്പിക്കും എന്നതിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നു സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിൽ. അർജന്റീനയുടെ ആകാശ നീലയ്ക്കിടയിൽ പച്ചത്തുരുത്തു മാത്രമായി നൈജീരിയൻ ആരാധകർ.
അര്‍ജന്റീന– നൈജീരിയ മൽസരം വിഡിയോ സ്റ്റോറി കാണാം
ക്രൊയേഷ്യയ്ക്കെതിരെ മൽസരത്തിൽ നിന്നു വ്യത്യസ്തമായി അർജന്റീന കളിക്കാർ മൈതാനത്തേക്കു വന്നത് ആത്മവിശ്വാസത്തോടെ. ദേശീയ ഗാനം മുഴങ്ങിയപ്പോൾ ക്യാമറ ഒരിക്കൽ കൂടി മെസ്സിയുടെ മുഖത്തേക്കു സൂം ചെയ്തു. മെസ്സി തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു.
പന്തു തൊട്ടപ്പോഴെല്ലാം മെസ്സി ഇന്നലെ അപകടകാരിയായി. അവസാനം ആകാശപ്പാസിൽ കിട്ടിയ പന്തിനെ ഒറ്റ ടച്ചിൽ നിയന്ത്രിച്ചെടുത്ത് തൊടുത്ത ഷോട്ടിൽ നൈജീരിയൻ ഗോളി നിസ്സഹായനായപ്പോൾ അർജന്റീനയുടെ ദിവസമാണെന്നു തെളിഞ്ഞു. അപ്പോഴും ഒരു ചോദ്യം ബാക്കി. റഷ്യൻ ലോകകപ്പിലെ 100–ാം ഗോൾ ഇതുവരെ നിശബ്ദമായിരുന്ന ഈ ബൂട്ടിൽനിന്നായത് എന്തുകൊണ്ടാകും?