‘മയോമിനോകിസെകി’ എന്നൊരു പ്രയോഗമുണ്ട് ജപ്പാനീസ് ഫുട്ബോളിൽ. ‘മയാമിയിലെ മഹാദ്ഭുതം’ എന്നാണതിന്റെ അർഥം. 1996 അറ്റ്‌ലാന്റ ഒളിംപിക്സ് ഫുട്ബോളിൽ ജപ്പാൻ ബ്രസീലിനെ അട്ടിമറിച്ച മൽസരത്തിന്റെ ഓർമയ്ക്കുള്ളതാണത്. അന്നു ജപ്പാനീസ് അണ്ടർ–23 ടീമിന്റെ പരിശീലകൻ ഇപ്പോഴത്തെ സീനിയർ ടീം കോച്ച് അകിര നിഷിനോ. ബൽജിയത്തിനെതിരെ പ്രീ–ക്വാർട്ടറിൽ പൊരുതിത്തോറ്റതിനുശേഷം നിഷിനോയ്ക്കും ജപ്പാനും ഒരേയൊരു സങ്കടം: ‘കസാനിനോകിസെകി’ കിട്ടിയില്ലല്ലോ. അതായതു കസാനിൽ ബ്രസീലിനെ അട്ടിമറിക്കാനുള്ള അവസരം.
യുദ്ധത്തിലായാലും ബിസിനസിലായാലും ഫുട്ബോളിലായാലും ലോകം വിശ്വസിക്കുന്നതല്ല ജപ്പാൻകാർ വിശ്വസിക്കുന്നത്. ജപ്പാന്റെ കഥ തീർന്നല്ലോ എന്നു ലോകം കരുതുമ്പോൾ ചിരിച്ചുകൊണ്ട് അവർ എഴുന്നേറ്റുനിൽക്കും. മികവിലും തികവിലും തങ്ങളെക്കാൾ വലുപ്പമുള്ളവരെ പോലും ഒന്നു വിറപ്പിക്കും. മൈതാനത്തു നൂറുശതമാനം തോൽക്കുന്നതുവരെ ജപ്പാൻകാർ മനസ്സിൽ ഒരു ശതമാനം പോലും തോൽക്കില്ല!
ജപ്പാൻ– ബൽജിയം മൽസരം വിഡിയോ സ്റ്റോറി കാണാം
തങ്ങൾക്കു പറ്റിയ ഒരാളെത്തന്നെ ജപ്പാന് ഇത്തവണ ലോകകപ്പിൽ പരിശീലകനായും കിട്ടി. ജപ്പാനീസ് ക്ലബ് ലീഗിൽ അഞ്ഞൂറിലേറെ മൽസരങ്ങളുടെ പരിചയസമ്പത്തുള്ള അകിര നിഷിനോ. ലോകകപ്പിന് രണ്ടാഴ്ച മുൻപ് ബോസ്നിയക്കാരൻ വാഹിദ് ഹാലിഹോസിച്ചിനെ പുറത്താക്കിയാണ് ജപ്പാൻ നിഷിനോയെ പരിശീലകനാക്കിയത്. രാജ്യാന്തര ടീമുകളെയൊന്നും പരിശീലിപ്പിച്ചു പരിചയമില്ലെങ്കിലും നിഷിനോ ചാണക്യബുദ്ധിയാണ്.
∙ ഇന്ത്യയ്ക്കു മാതൃക
ഫുട്‌ബോളിൽ ഇന്ത്യയ്‌ക്കൊരു മാതൃകയുണ്ടെങ്കിൽ അതു ജപ്പാനാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽനിന്നു പിടിച്ചുകയറിയ ജപ്പാൻ സാങ്കേതികരംഗത്തു മാത്രമല്ല മുന്നേറിയത്, കായികരംഗത്തുകൂടിയാണ്. എന്നിട്ടും തൊണ്ണൂറുകൾവരെ വെറുമൊരു അമച്വർ നിലവാരത്തിലാണു ജപ്പാനിൽ ഫുട്‌ബോൾ മൽസരങ്ങൾ നടന്നിരുന്നത്.
എന്നാൽ 1992ൽ ജപ്പാൻ ആദ്യമായി എഎഫ്‌സി ഏഷ്യൻ കപ്പ് ചാംപ്യൻമാരായതോടെ കഥ മാറി. ഏഷ്യൻനിലവാരത്തിൽ നിന്നുയരണമെങ്കിൽ ഈ കളി മതിയാവില്ല എന്നു തിരിച്ചറിഞ്ഞ ജാപ്പനീസ് അധികൃതർ ജെ-ലീഗിനു തുടക്കമിട്ടത് അതിനു തൊട്ടടുത്ത വർഷമാണ്. അതിനുശേഷം 1998 ഫ്രാൻസ് മുതലുള്ള ആറു ലോകകപ്പുകളും ജപ്പാൻ കളിച്ചു. 2002 ലോകകപ്പിനു ആതിഥ്യമരുളി. 2011ൽ കോൺഫെഡറേഷൻസ് കപ്പിൽ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്‌തു.
വെറുതെയൊരു പ്രഫഷനൽ ലീഗിനു തുടക്കമിടുക മാത്രമല്ല ജപ്പാൻകാർ ചെയ്‌തത്. ഒരു നൂറ്റാണ്ടു നീളുന്ന ‘വൺ ഹൺഡ്രഡ് ഇയർ വിഷൻ’ ആണ് അവർ വിഭാവനം ചെയ്‌തത്. അതായത് 2092 ആവുമ്പോഴേക്കും രാജ്യത്ത് 100 പ്രഫഷനൽ ഫുട്‌ബോൾ ക്ലബ്ബുകൾ രൂപവത്‌കരിച്ചെടുക്കുക. ഇരുപതു വർഷങ്ങൾക്കകം അതിന്റെ മൂന്നിലൊന്ന് അവർ പിന്നിട്ടുകഴിഞ്ഞു. ജെ-ലീഗിന്റെ സ്വാധീനം ജപ്പാനിലെ ഫുട്‌ബോൾ സംസ്‌കാരത്തെ മാത്രമല്ല മാറ്റിയത്. ലോകമെങ്ങുമുള്ള ലീഗുകളിൽ ജാപ്പനീസ് താരങ്ങൾ വിലപിടിപ്പുള്ളവരായി. മുൻനിര ലീഗുകളിൽനിന്ന് അവർക്കു കിട്ടിയ മൽസരപരിചയം രാജ്യാന്തര മൽസരങ്ങളിൽ ജപ്പാനു തുണയായി.
സാങ്കേതികരംഗത്തു മുന്നിലെത്താൻ കാണിച്ച ബുദ്ധിതന്നെയാണു ജപ്പാൻ ഫുട്‌ബോളിലും പ്രയോഗിച്ചത്. മാനവവിഭവശേഷിയിൽ അതിരറ്റ് വിശ്വസിക്കുന്നതിനു പകരം മനുഷ്യാധ്വാനം കുറയ്‌ക്കുന്ന പുത്തൻ ടെക്‌നോളജിയായിരുന്നു ജപ്പാനെ മുന്നിലെത്തിച്ചത്. മൽസരങ്ങളുടെ എണ്ണം കൂട്ടുന്നതിനു പകരം അവയുടെ നിലവാരം ഉയർത്തുന്നതിലാണു ഫുട്‌ബോളിൽ അവർ ശ്രദ്ധിച്ചത്. ഫുട്‌ബോളിൽ ഇന്ത്യ ജപ്പാനെ കണ്ടുപഠിക്കണമെന്നു പറഞ്ഞത് ഏഷ്യൻ രാജ്യങ്ങളുടെ പന്തുകളി ആചാര്യനായ സീക്കോയാണ്. ജപ്പാനീസ് ദേശീയ ടീമിനെയും പിന്നീട് ഐഎസ്എലിൽ എഫ്സി ഗോവയെയും പരിശീലിപ്പിച്ച ബ്രസീലിയൻ ഇതിഹാസം സീക്കോ!