ദ് ഗ്രേറ്റ് എസ്കേപ്പ് – ജപ്പാനെതിരെ ഇൻജുറി ടൈം ഗോളിൽ ജയിച്ചു ക്വാർട്ടറിലെത്തിയ ബൽജിയത്തിനു ലഭിക്കുന്ന വിശേഷണമാണിത്. അസാധ്യമായൊരു രക്ഷപ്പെടൽ! ഫിഫ റാങ്കിങ്ങിൽ 61–ാം സ്ഥാനക്കാരായ ജപ്പാനോടു തോറ്റ് ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പുറത്താവുകയെന്ന നാണക്കേടിൽനിന്ന് മൂന്നാം റാങ്കുകാരായ ബൽജിയം അക്ഷരാർഥത്തിൽ രക്ഷപ്പെടുകയായിരുന്നു. രണ്ടു ഗോൾ വഴങ്ങിയ ശേഷം മൂന്നു ഗോൾ തിരിച്ചടിച്ച് ലോകകപ്പ് നോക്കൗട്ടിന്റെ സമീപകാല ചരിത്രം തന്നെ മാറ്റിയെഴുതുകയാണു ബൽജിയം ചെയ്തതെങ്കിലും ഏഷ്യൻ പ്രതിനിധികളായ ജപ്പാന്റെ പോരാട്ടവീര്യത്തിനു മുന്നിൽ കളിയാരാധകർ അതെല്ലാം വിസ്മരിക്കുന്നു.
വൻ വിജയങ്ങളുടെ തലയെടുപ്പുമായാണു ബൽജിയം കളി തുടങ്ങിയത്. ഉയരം കുറഞ്ഞ ജപ്പാൻ താരങ്ങളെ ബോക്സിൽ കീഴടക്കാൻ ഉയരക്കാരൻ ഡിഫൻഡർ വിൻസന്റ് കോംപനി ഉൾപ്പെടെയുള്ളവരെ ആദ്യ ഇലവനിൽ കൊണ്ടുവരികയും ചെയ്തു. പക്ഷേ, പൊക്കമില്ലായ്മ ജപ്പാന്റെ പൊക്കമാണെന്നു പതിയെ വെളിപ്പെട്ട നിമിഷങ്ങൾ. വലുപ്പത്തിലോ കളി മിടുക്കിലോ വേഗത്തിലോ, ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ സൂപ്പർ താരങ്ങൾ നിറഞ്ഞ ബൽജിയത്തിന്റെ ഏഴയലത്തു പോലുമെത്തില്ലാത്ത ജപ്പാൻ അതിമനോഹരമായി കളിച്ചു; രണ്ടാം പകുതിയുടെ ഇൻജുറി ടൈം വരെ പൊരുതി. കൂടുതൽ ഗോളുകൾ നേടുന്ന ടീമാണു വിജയി എന്നതിന് അപ്പുറമൊരു കളിനിയമമുണ്ടെങ്കിൽ, അതിൽ ജേതാക്കളായാണ് ഏഷ്യൻ പ്രതിനിധികളായ ജപ്പാൻ റഷ്യയിൽനിന്നു മടങ്ങുന്നത്.
ജപ്പാൻ–ബൽജിയം മൽസരം വിഡിയോ സ്റ്റോറി കാണാം
ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു കളി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ, യൂറോപ്യൻ നിലവാരമുള്ള രണ്ടു ഫീൽഡ് ഗോളുകൾ ബൽജിയം ഗോളി തിബോ കോർടോയെ കാഴ്ചക്കാരനാക്കി ജപ്പാൻ വലയിലിട്ടു. 48–ാം മിനിറ്റിൽ ഗെൻകി ഹരാഗൂച്ചി, 52–ാം മിനിറ്റിൽ തകാഷി ഇനൂയി എന്നിവരുടെ ഗോളോടെ ബൽജിയം യഥാർഥത്തിൽ നടുങ്ങിപ്പോയി.
ആദ്യഗോൾ വീണതിനു പിന്നാലെ മറുപടിയാക്രമണത്തിനു മുതിർന്ന ക്യാപ്റ്റൻ ഏദൻ ഹസാഡിന്റെ പവർഷോട്ട് ഗോൾബാറിൽ തട്ടി തെറിക്കുക കൂടി ചെയ്തപ്പോൾ ദൗർഭാഗ്യത്തിന്റെ നിഴൽ വീണപോലെയായി സകലരുടെയും മുഖം. രണ്ടു ഗോളിനു ലീഡെടുത്തിട്ടും പൊരുതിക്കയറുന്ന ജപ്പാനെ പിടിക്കാൻ മാഞ്ചസ്റ്റർ സിറ്റി താരം വിൻസെന്റ് കോംപനി ഉൾപ്പെടെയുള്ള പ്രതിരോധനിരയിലെ പ്രഗദ്ഭർ ബുദ്ധിമുട്ടി.
പ്രതിരോധപ്പിഴവിൽനിന്നായിരുന്നു ബൽജിയം രണ്ടുഗോളുകളും വഴങ്ങിയത്. എന്നാൽ, 69–ാം മിനിറ്റിൽ യാൻ വെർടോംഗന്റെ ഗോളോടെ ബൽജിയം കളിയിലേക്കു തിരിച്ചുവന്നു. പകരക്കാരനായി ഇറങ്ങിയ മൗറോൻ ഫെല്ലിനിയുടെ ഗോളിൽ 74–ാം മിനിറ്റിൽ 2–2 സമനില. പക്ഷേ, പൊരുതിക്കയറിയ ജപ്പാനും ഇതിനിടയ്ക്കു ബൽജിയം ഗോൾമുഖത്ത് മിന്നലാക്രമണങ്ങൾക്കു മുതിർന്നു. പക്ഷേ, ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ വീണുകിട്ടിയ കൗണ്ടർ അറ്റാക്കിൽ, കെവിൻ ഡിബ്രൂയ്നിന്റെ മൽസരപരിചയവും പ്രതിഭാസ്പർശവും അളന്നുതൂക്കി കിട്ടിയ പാസിൽനിന്ന്, ലുക്കാകുവിന്റെ സഹായത്തോടെ നാസർ ചാഡ്‌ലി ഗോളിലേക്കു പന്തു മറിച്ചു. ബൽജിയം രക്ഷപ്പെട്ടു (3–2).
1966ലെ ലോകകപ്പ് നോക്കൗട്ടിൽ ഉത്തര കൊറിയയ്ക്കെതിരെ രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷം അഞ്ചെണ്ണം തിരിച്ചടിച്ച് കളി ജയിച്ച പോർച്ചുഗലിനു ഇങ്ങനെയൊരു വിജയം ഇതാദ്യം. അന്ന് ഇതിഹാസതാരം യൂസേബിയോ നേടിയ നാലുഗോളുകളായിരുന്നു ഏഷ്യൻ ടീമിന്റെ കഥ കഴിച്ചത്. ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിന്റെ ഓർമച്ചിത്രങ്ങൾ ബാക്കിയാക്കിയാണ് ജപ്പാൻ മടങ്ങിയത്. ഇതോടെ, അവസാന ഏഷ്യൻ ടീമും ലോകകപ്പിൽനിന്നു പുറത്തായി.
TALKING POINT
ബൽജിയത്തിനെതിരെ ജപ്പാൻ ആസൂത്രണം ചെയ്ത ഗെയിം പ്ലാൻ ശ്രദ്ധേയം. കളിയുടെ അവസാന മിനിറ്റു വരെ പൊരുതാനും അവർ തയാറായി. ആകാരത്തിലും വേഗത്തിലും കരുത്തിലും തങ്ങളേക്കാൾ മിടുക്കരായ ബൽജിയം താരങ്ങളെ ജപ്പാൻ കളിക്കാർ പോരാട്ടവീര്യത്തിൽ കീഴടക്കി.
GOALS
ഗെൻകി ഹരാഗൂച്ചി (ജപ്പാൻ)
48–ാം മിനിറ്റ്
ജപ്പാന്റെ അതിവേഗ കൗണ്ടർ അറ്റാക്ക്. മൈതാന മധ്യത്തുനിന്നു ഷിബാസാക്കിയുടെ ത്രൂ ബോൾ ക്ലിയർ ചെയ്യുന്നതിൽ ബൽജിയൻ ഡിഫൻഡർ വെർടോംഗനു പിഴച്ചു. പന്തു റാഞ്ചിയെടുത്ത ഹരാഗൂച്ചിയുടെ കരുത്തുറ്റ ഷോട്ട് ബൽജിയം പോസ്റ്റിൽ.
തകാഷി ഇനൂയി (ജപ്പാൻ)
52–ാം മിനിറ്റ്
വീണ്ടും ജപ്പാന്റെ കൗണ്ടർ അറ്റാക്കിന് ഒടുവിൽ പന്ത് ഷിൻജി കഗാവയുടെ കാലുകളിൽ. ബോക്സിനു പുറത്ത് ഷോട്ടുതിർക്കാനെന്ന ഭാവത്തിൽ പന്തു ഡ്രിബ്ൾ ചെയ്ത കഗാവ പൊടുന്നനെ ഇനൂയിക്കു ബായ്ക്ക് പാസ് നൽകി. ഞൊടിയിടയിൽ പന്തു പാകപ്പെടുത്തിയശേഷം ഇനൂയി ഉതിർത്ത തകർപ്പൻ ഷോട്ട് കോർട്ടോയുടെ നീളൻ കൈകളെ മറികടന്നു പോസ്റ്റിന്റെ വലതുമൂലയിൽ.
വെർടോംഗൻ (ബൽജിയം)
69–ാം മിനിറ്റ്
ബൽജിയൻ കോർണർ. ബോക്സിനുള്ളിൽ പന്തു ക്ലിയർചെയ്യുന്നതിൽ ജാപ്പനീസ് താരങ്ങൾക്കു പിഴച്ചു. ഉയർന്നുപൊങ്ങിയ പന്ത് ബോക്സിന്റെ ഇടതുവശത്തു നിലയുറപ്പിച്ച വെർടോംഗനു നേരെ. ജാപ്പനീസ് ഗോൾ കീപ്പറുടെ സ്ഥാനം കൃത്യമായി നിരീക്ഷിച്ച വെർടോംഗന്റെ ഹെഡർ അസാധ്യ ആംഗിളിൽ ജാപ്പനീസ് ഗോൾ പോസ്റ്റിലേക്കു തെന്നിയിറങ്ങി.
ഫെല്ലെനി (ബൽജിയം)
74–ാം മിനിറ്റ്
ബോക്സിനു പുറത്തുനിന്ന് ഏദൻ ഹസാഡിന്റെ തകർപ്പൻ ക്രോസ്. ബോക്സിനു നടുവിൽ നിലയുറപ്പിച്ച ഫെല്ലെനി ജാപ്പനീസ് താരങ്ങൾക്കു മീതെ ഉയർന്നു ചാടിയുള്ള ഹെഡറിലൂടെ ഗോൾ നേടി.
നാസർ ചാഡ്‌ലി (ബൽജിയം)
90+4 –ാം മിനിറ്റ്
മൽസരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ബൽജിയത്തിന്റെ കൗണ്ടർ അറ്റാക്ക്. മധ്യനിരയിൽ നിന്നു പന്തുമായി മുന്നേറിയ ഡി ബ്രൂയിൻ പന്തു മ്യൂനിയറിനു മറിച്ചു. മ്യൂനിയർ ബോക്സിനുള്ളിലേക്കു കടന്ന ലുക്കാകുവിനു നേരെ പന്തു പാസ് ചെയ്തെങ്കിലും പിന്നിൽ നിന്ന് ഓടിക്കയറി വരുന്ന ചാഡ്‌ലിയ്ക്കു ഷോട്ട് എടുക്കാനായി ലുക്കാകു പന്ത് വിട്ടുകൊടുത്തു. മൽസരത്തിലെ അവസാന ഷോട്ടിൽ ചാഡ്‌ലിയുടെ ഗോൾ!