കാമുകിയും ടിറ്റെയും തന്ന ജീവിതം; ബ്രസീലിന്റെ ജീവനാഡിയായ പൗളീഞ്ഞോ പറയുന്നു

പത്തൊൻപതാം വയസ്സിൽ ഫുട്ബോൾ വേണ്ടെന്നുവച്ച ആളാണ് ഞാൻ. കളി മടുത്തിട്ടായിരുന്നില്ല, മനസ്സ് അത്രയ്ക്കും നൊന്തുപോയി. എന്റെ നിറത്തോടും രൂപത്തോടുമുള്ള പുച്ഛം, കടുത്ത വംശീയത. എങ്ങനെ സഹിക്കും. സാവോപോളോയിലാണ് ജനിച്ചു വളർന്നത്. പതിനേഴാം വയസ്സിൽ ലിത്വാനിയയിലേക്കു വിമാനം കയറി. കുടുംബം നോക്കാൻ മറ്റു മാർഗമുണ്ടായിരുന്നില്ല.  

തലസ്ഥാനമായ വിൽനിയസ് നഗരത്തിലെ എഫ്സി വിൽനിയസ് ആയിരുന്നു എന്റെ ടീം. ഭാഷയൊന്നുമറിയില്ലെങ്കിലും അവിടത്തെ രീതികളോടൊക്കെ പൊരുത്തപ്പെട്ടു വരുകയായിരുന്നു. ബ്രസീലുകാരൻ കൂടിയായ സഹതാരം റോഡ്നിക്കൊപ്പം ഒരു ദിവസം അടുത്തുള്ള ബേക്കറിയിലേക്കു പോകുമ്പോഴാണ് ആ സംഭവം.  ഒരു സംഘം ‍ചെറുപ്പക്കാർ ഒറ്റ വരവായിരുന്നു. പിന്നെ ഞങ്ങളെ നോക്കി കുരങ്ങുകളെ അനുകരിച്ച് കളിയാക്കാൻ തുടങ്ങി– തികഞ്ഞ വംശീയത. പിന്നെ പലയിടത്തും ഇത് ആവർത്തിച്ചു. കളിക്കിടെ നാണയത്തുട്ടുകൾ എറിഞ്ഞുതരിക പോലും ചെയ്തിട്ടുണ്ട്. സഹിക്കുകയല്ലാതെ എന്തു ചെയ്യാൻ. ലിത്വാനിയ വിട്ട് പോളണ്ടിലേക്കു പോയെങ്കിലും ഈ ഓർമകൾ മാഞ്ഞില്ല. തിരികെ നാട്ടിൽ വന്നപ്പോൾ വീട്ടുകാരോടു ഞാൻ പറഞ്ഞ​ു: ഫുട്ബോൾ മതിയായി, ഇനിയില്ല.

ഇതു കേട്ടപ്പോൾ എന്റെ കാമുകിയാണ് എന്നെ തിരുത്തിയത്, ജീവിതം മാറ്റിമറിച്ചത്. അവൾ എന്നോടു ചോദിച്ചു: ഒരു ബൾബ് പോലും മാറ്റാൻ കഴിയാത്ത നിങ്ങൾ എങ്ങനെ ജീവിക്കും?

അവൾ പറഞ്ഞത് ശരിയായിരുന്നു. പിന്നെ എല്ലാം ഒന്നിൽനിന്നു തുടങ്ങേണ്ടി വന്നു. ബ്രസീലിലെ നാലാം ഡിവിഷനിലായിരുന്നു തുടക്കം. അവിടെനിന്ന് ഒന്നാം ഡിവിഷനിലെത്തി, കൊറിന്ത്യൻസ് ക്ലബ്ബിൽ. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയെ കണ്ടത് അവിടെയാണ്. ഇപ്പോ‍ഴത്തെ ബ്രസീൽ പരിശീലകൻ, ഞങ്ങളുടെ പ്രഫസർ ടിറ്റെയെ. എന്റെ മനസ്സിലുള്ളത് കണ്ണുകളിൽ നോക്കി കണ്ടെത്തും അദ്ദേഹം. 

കൊറിന്ത്യൻസിൽനിന്ന് ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിലെത്തിയെങ്കിലും എനിക്ക് അവസരം കിട്ടിയതേയില്ല. ഇതോടെ, അവിടെനിന്ന് ചൈനയിലെ ഗ്വാങ്ചൗ എവർഗ്രാൻഡെ ക്ലബ്ബിലേക്കു ക്ഷണം കിട്ടി. കൂട്ടുകാരൊക്കെ എനിക്കു ഭ്രാന്താണെന്നു പറഞ്ഞെങ്കിലും ഞാൻ ചൈനയിലേക്കു തന്നെ പോയി. അവിടെ കളിക്കാൻ അവസരം കിട്ടുമല്ലോ. 

ആയിടയ്ക്കാണ് ടിറ്റെ ബ്രസീലിന്റെ കോച്ചായി നിയമിതനായത്. അധികം നിലവാരമൊന്നുമില്ലാത്ത ലീഗിലാണ് കളിക്കുന്നതെങ്കിലും അദ്ദേഹം എന്നെ മറന്നിരുന്നില്ല. ലോകകപ്പിനുള്ള ദേശീയ ടീം ടിറ്റെ പ്രഖ്യാപിച്ചപ്പോൾ അതിൽ എന്റെ പേരുള്ളത് കണ്ട് പലരും ടിറ്റെയെ പരിഹസിച്ചിട്ടുമുണ്ട്. പത്തൊൻപതാം വയസ്സിൽ കളി നിർത്താനൊരുങ്ങിയ എനിക്ക് ചൈനീസ് ക്ലബ്ബിൽനിന്ന് ബാർസിലോനയിലെത്തിയതും ലോകകപ്പ് ടീമിൽ കളിക്കുന്നതുമൊക്കെ അവിശ്വസനീയമാണ്, ഇപ്പോഴും. പക്ഷേ, അതു വെറും ഫുട്ബോളല്ലേ.  ജീവിതത്തിൽ ശരിക്കും വിസ്മയിച്ചു പോകുന്നത്  വീട്ടിൽ എന്റെ മക്കളുടെ അടുത്തെത്തുമ്പോഴാണ്. അവരുടെ കണ്ണുകൾ എന്നോടു പറയും: ഹലോ, പപ്പാ...