ലോകകപ്പിന്റെ കിക്കോഫിനു ശേഷം റഷ്യയിലെ വൻനഗരങ്ങളിൽ മുഴങ്ങിയ ആരവങ്ങൾക്കേറെയും ലാറ്റിൻ അമേരിക്കൻ താളം. മോസ്കോയിലെ റെഡ് സ്ക്വയറിലും സെന്റ് പീറ്റേഴ്സ്ബർഗിലെ നെവ്‍സ്കി പ്രോസ്പെക്റ്റിലുമൊക്കെ ദക്ഷിണ അമേരിക്കയിൽനിന്നുള്ള ആരാധകരാണ് അരങ്ങു തകർക്കുന്നത്. നാട്ടുകാരും വലിയ ശബ്ദഘോഷങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും അവയൊക്കെ റഷ്യയുടെ മൽസരദിനങ്ങളിൽ മാത്രം. ഈ ലോകകപ്പിലെ അട്ടിമറിക്കൊടുങ്കാറ്റിൽ കടപുഴകി വീണ യൂറോപ്യൻ ടീമുകളുടെ ആരാധകരുടെ ഒച്ചയനക്കം പൊതുവെ കേൾക്കാനുമില്ല.
അർജന്റീന, പെറു, മെക്സിക്കോ എന്നീ ടീമുകൾ പുറത്തായതോടെ ലാറ്റിൻ അമേരിക്കയിൽനിന്നുള്ള അനേകം ആരാധകരും മടങ്ങി. മൽസരക്കാഴ്ച ആഘോഷമാക്കുന്ന ഇക്കൂട്ടർ കൂടി യാത്രയായതോടെ ഫിഫയുടെ പ്രതീക്ഷ ഇനി ബ്രസീലുകാരിലാണ്. ഫേവറിറ്റുകളിൽ കാര്യമായ പരുക്കില്ലാതെ കുതിക്കുന്ന ബ്രസീലിന്റെ ആരാധകർ ആഘോഷമേളങ്ങളിൽ ഒട്ടും പിന്നിലല്ല. ബ്രസീൽ ഫൈനൽ വരെ എത്തട്ടെ എന്നാണ് പലരുടെയും പ്രാർഥന.
ലോകകപ്പ് മൽസരങ്ങൾ കാണാൻ 74,803 ബ്രസീലുകാർ ടിക്കറ്റ് വാങ്ങിയിട്ടുണ്ട്. കൊളംബിയ(68,667), മെക്സിക്കോ(65,023), അർജന്റീന(61,153), പെറു(46,212) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്കുകൾ. ലോകകപ്പിന് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയ ഏഴു രാജ്യങ്ങളിൽ അഞ്ചെണ്ണം ഇവരാണ്. 71,687 ജർമനിക്കാർ ടിക്കറ്റ് വാങ്ങിയെങ്കിലും അവരുടെ ടീം ആദ്യ ഘട്ടത്തിൽത്തന്നെ പുറത്തായത് തിരിച്ചടിയായി. ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങിയ രാജ്യം അമേരിക്കയാണ് – 97,439. അവരുടെ പിന്തുണ കിട്ടിയത് മെകിസിക്കോ, പെറു, കൊളംബിയ ടീമുകൾക്കാണ്.
ലാറ്റിനമേരിക്കൻ ടീമുകളിലേതെങ്കിലും കളിക്കുന്നുണ്ടെങ്കിൽ സ്റ്റേഡിയങ്ങളിലെ കാഴ്ച ഒന്നു വേറെതന്നെ. അവരുടെ നാട്ടിലാണോ കളി നടക്കുന്നതെന്നു പോലും തോന്നിപ്പോകും. കഴിഞ്ഞ ദിവസം ബ്രസീൽ–മെക്സിക്കോ പോരാട്ടത്തിന് ഗാലറിയിലും പുറത്തും തുല്യശക്തികളായിരുന്നു ഇരുകൂട്ടരുടെയും ആരാധകർ. ട്രെയിനുകളിലും ബസുകളിലുമൊക്കെ ഈ ആരാധകർ പാട്ടും മേളവുമായി തകർക്കുമ്പോൾ, റഷ്യക്കാർ പോലും ചിരിയോടെ മാറി നിൽക്കുന്നതു കാണാമായിരുന്നു.
വൻ ടീമുകൾ പുറത്തായതോടെ മൽസരങ്ങളുടെ ടിവി റേറ്റിങ് കുറയുമോ എന്ന ആശങ്കയിലാണ് ഫിഫ. ലോകമെങ്ങും ആരാധകരുള്ള അർജന്റീന, ജർമനി, സ്പെയിൻ എന്നിവരൊക്കെ യാത്രയായിരിക്കുന്നു. നോക്കൗട്ടിൽ ബാക്കിയുള്ള ബൽജിയം, ഫ്രാൻസ് തുടങ്ങിയ വൻതോക്കുകൾക്ക് അത്രയും പിന്തുണ കിട്ടാനും സാധ്യതയില്ലല്ലോ.