വിജയാരവം മാത്രമല്ല, സാധ്യതകളുടെ തിടമ്പണിഞ്ഞെത്തുന്ന വമ്പൻ ടീമുകൾ പരീക്ഷണത്തിന്റെ നൂൽപ്പാലം കടക്കാനാവാതെ ഇടറി വീഴുന്നതും ലോകകപ്പിലെ ആവേശക്കാഴ്ചയാണ്. പ്രതീക്ഷകളുടെ ‘ഫോർമേഷൻ’ തെറ്റിക്കുന്ന ലോകകപ്പിനു വേദിയൊരുക്കി റഷ്യ ആ വിപ്ലവം ആളിക്കത്തിച്ചു. ജർമനി, അർജന്റീന, സ്പെയിൻ, പോർചുഗൽ.....കളം വാഴാൻ ഒരുങ്ങിയെത്തി അട്ടിമറികളുടെ തിരയിളക്കത്തിൽ വീണുപോയവരെ നോക്കി പകച്ചുനിൽക്കുകയാണ് വോൾഗയുടെ തീരങ്ങൾ. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആന്ദ്രേ ഇനിയേസ്റ്റയും തോമസ് മുള്ളറും ഹവിയർ മഷെറാനോയും എയ്ഞ്ചൽ ഡി മരിയയും പോലുള്ള നക്ഷത്രങ്ങളുടെ കണ്ണീരണിഞ്ഞുള്ള മടക്കം ഈ ലോകകപ്പിന്റെ ഒരു കാലത്തും മായാത്ത ഓർമചിത്രങ്ങൾ.
∙ സൂര്യകിരീടം വീണുടഞ്ഞു...
മാറക്കാനയിൽ കൈയെത്തും ദൂരെ നഷ്ടമായ ലോകകിരീടത്തിന് ഇനി പരിഹാരമില്ലെന്നു തെളിയിച്ചു റഷ്യ. റൊസാരിയോയിലെ രാജകുമാരൻ ഒരിക്കൽക്കൂടി കിരീടമില്ലാതെ മടങ്ങുകയാണ്. ഒരുപക്ഷേ ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത മടക്കം. യൊഹാൻ ക്രൈഫും ഡി സ്റ്റെഫാനോയും പോലെ ലോകഫുട്ബോളിലെ നിർഭാഗ്യതാരകമായി മെസ്സിയുടെ പേരും ഇനി ലോകം ചേർക്കും.
∙ ഏകാന്തപഥികൻ...
യൂറോപ്പ് പിടിച്ച കരുത്തിന്റെ ആവേശോർജം ലോകം കീഴടക്കുന്നതിന് ഇന്ധനമാകുമെന്നു തോന്നിപ്പിച്ചു പോർചുഗലിന്റെ ഒറ്റയാന്റെ ലോകകപ്പ് പ്രവേശനം. പക്ഷേ അണയാൻ പോകുന്ന അഗ്നിനാളത്തിന്റെ ആളിക്കത്തൽ മാത്രമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം. യുറഗ്വായുടെ ലാറ്റിനമേരിക്കൻ തിരതള്ളലിൽ മുങ്ങിത്താഴ്ന്ന് ഒടുവിൽ റൊണാൾഡോയുടെ താളം നിലച്ചു.
∙ കണ്ണീരാറ്റിലെ തോണി...
മാറക്കാനയിൽ ഫിലിപ് ലാം ഏറ്റുവാങ്ങിയ കിരീടം ലുഷ്നിക്കി വഴി ബർലിനിൽ എത്തിക്കാനുള്ള ദൗത്യവുമായാണു മാനുവൽ ന്യൂയർ റഷ്യയിലെത്തിയത്. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു. ജർമനി ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി മടങ്ങുമ്പോൾ ഗോൾ പോസ്റ്റിനു മുന്നിലെ ദയനീയ കാഴ്ചയായി നായകൻ ന്യൂയർ.
∙ യാത്രയായ് സൂര്യാങ്കുരം....
ഹൃദയം കൊണ്ടു പന്ത് കളിക്കുന്ന മനുഷ്യൻ ഒടുവിൽ തകർന്ന മനസോടെ പടിയിറങ്ങുകയാണ്. യുവത്വത്തിന്റെ പ്രസരിപ്പുമായി കിരീടം വീണ്ടെടുക്കാനുള്ള സ്പാനിഷ് വരവ് ആന്ദ്രേ ഇനിയേസ്റ്റയ്ക്കുള്ള യാത്രയയപ്പ് കൂടിയായിരുന്നു. പക്ഷേ എല്ലാം പിഴച്ചു ചെമ്പടതാളം നിലക്കുന്നതു നിസഹായനായി നോക്കിനിൽക്കാനേ ഇനിയേസ്റ്റയ്ക്ക് ആയുള്ളൂ.
∙ താളമയഞ്ഞു ....
സമീപകാല ഫുട്ബോളിൽ അർജന്റീന കൈവരിച്ച വിജയഗാഥകളിലെ നിശബ്ദ സാന്നിധ്യമായിരുന്നു ഹവിയർ മഷെരാനോ എന്ന ടീം മാൻ. ടീമിനു വേണ്ടി കളത്തിൽ ‘മരിച്ചു’ കളിക്കുന്ന മഷെയെ ഇനി നീലക്കുപ്പായത്തിൽ കാണാനാവില്ല. തോൽവിയുടെ മിഡ്ഫീൽഡിൽ കളം ഒഴിയാനുള്ള നിയോഗമാണ് കഠിനാധ്വാനിയായ നിസ്വാർഥ പോരാളിക്കായി ലോകകപ്പ് കരുതിവച്ചത്.
∙ നീർപ്പളുങ്കുകൾ ചിതറി...
ദക്ഷിണാഫ്രിക്കൻ ലോകകപ്പ് മുതൽ ജർമനിയുടെ ഗോൾ മെഷീൻ പോലെ ശോഭിച്ച തോമസ് മുള്ളർക്കായി റഷ്യ ഒരുക്കിവച്ചിരുന്നത് ഒരു കാലത്തും മറക്കാനാവാത്ത ദു:ഖ സ്മരണകൾ. മുള്ളർ നിശബ്ദമായതു ഞെട്ടലോടെയാണ് ആരാധകർ കണ്ടുനിന്നത്. ഒന്നാം റൗണ്ടിൽത്തന്നെ ജർമനിയുടെ യാത്ര മുടങ്ങിയതിനു പിന്നിലെ ഒന്നാം കാരണങ്ങളിലൊന്നായി മുള്ളറുടെ മങ്ങിയ പ്രകടനം.
∙ കണ്ണീർക്കായലിൽ....
ലയണൽ മെസ്സിയെപ്പോലെ ശാരീരികവൈഷമ്യങ്ങളോടു മല്ലിട്ടു കാൽപന്തുകളിയിലെ വിളക്കായി തെളിഞ്ഞ താരമാണ് എയ്ഞ്ചൽ ഡി മരിയ. കരിക്കട്ടകൾക്കിടയിൽ നിന്നുയർന്നു വന്ന ആ തീക്കനൽ വോൾഗയുടെ തീരത്ത് അണഞ്ഞു. ഫ്രാൻസിനെതിരെ അർജന്റീനയെ മൽസരത്തിലേയ്ക്കു മടക്കിക്കൊണ്ടുവന്ന എയ്ഞ്ചലിന്റെ തകർപ്പൻ ഗോളിനും ആ കണ്ണീർക്കായലിനെ തടയാനായില്ല.
∙ ആൾക്കൂട്ടത്തിൽ തനിയെ...
കറ്റാലൻ ദേശീയവാദത്തിന്റെ പ്രതീകമായി സ്പാനിഷ് ജനത കാണുന്ന താരമാണ് ജെറാർദ് പിക്വേ. പക്ഷേ കളത്തിൽ സ്പെയിനു വേണ്ടി വിയർപ്പൊഴുക്കുന്ന കറ്റാലനാണു പിക്വേ അവർക്ക്. റഷ്യയിൽ സ്പെയിൻ നാണം കെടുമ്പോൾ പെനൽറ്റി ഗോളിനു വഴിയൊരുക്കിയ കുറ്റക്കാരന്റെ സ്ഥാനത്താണ് പിക്വേ. കാലം മറക്കില്ലാത്ത മുറിവായ് പിക്വേയെ വേട്ടയാടും ഈ ലോകകപ്പും ആ വീഴ്ചയും.