ലോകകപ്പിന്റെ ഭാവങ്ങൾ; കാൽപന്തുകളിയുടെ നവരസക്കാഴ്ചകളിലൂടെ

രണ്ടു ടീമുകളിലായി ഇരുപത്തിരണ്ടു പേർ ഒരു പന്തിനു പിന്നാലെ ഗോൾ തേടി പായുന്ന ഫുട്ബോളിൽ ഡ്രിബ്ലിങ്ങിലും ടാക്ലിങ്ങിലും മാത്രമൊതുങ്ങുന്നില്ല  ആവേശകാഴ്ചകൾ. വികാരവിക്ഷോഭങ്ങളുടെ വേലിയേറ്റവും ഇറക്കവും കാണുന്ന കടലാണ് ഫുട്ബോൾ മൈതാനം. റഷ്യ രചിക്കുന്ന കാൽപന്തുകളിയുടെ കഥക്കൂട്ടിലെ നവരസക്കാഴ്ചകളിലൂടെ. 

∙ശൃംഗാരം

പ്ലീസ് സർ, പ്ലീസ് !

കോസ്റ്ററിക്കയുടെ കടുകട്ടി പ്രതിരോധവും ഗോളി െകയ്‌ലർ നവാസിന്റെ മികവും വലച്ച മൽസരത്തിനിടെ റഫറിയിൽ നിന്ന് അനുകൂലതീരുമാനം തേടുന്ന ബ്രസീൽ താരം നെയ്മർ. സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിന്റെ  ഇൻജ്വറി ടൈമിൽ നെയ്മറും കുടീഞ്ഞോയും നേടിയ ഗോളോടെ ബ്രസീൽ വിജയതീരമണഞ്ഞു. 

∙കരുണം

ജപ്പാൻ, യൂ ടൂ...

മൊർഡോവിയ അരീനയിൽ ജപ്പാനെതിരെ നടന്ന മൽസരത്തിൽ നിരാശനായി നീങ്ങുന്ന കൊളംബിയൻ സ്ട‌്രൈക്കർ കാർലോസ് ബാക്ക. ജപ്പാന്റെ അവിശ്വസനീയമായ കുതിപ്പിൽ കരുത്തരായ കൊളംബിയ തകർന്നടിഞ്ഞു ആ മൽസരം.

∙വീരം

ഓഹ്...സീസ് !

സമാര അരീനയിൽ‌ ‍‍െഡൻമാർക്കിനെ ഞെട്ടിച്ച ഗോൾ നേടിയ ശേഷം ഓസ്ട്രേലിയൻ താരം മിലെ ‍യെഡിനാക്കിന്റെ ആവേശാഘോഷം. കരുത്തരായ ‍െഡൻമാർക്കിനെതിരെ  തുടക്കത്തിലേ ലീഡ് വഴങ്ങിയ ഓസ്ട്രേലിയയ്ക്കു യെഡിനാക്കിന്റെ ഗോൾ സമനില സമ്മാനിച്ചു.

∙രൗദ്രം

ഗർർ....മൻ

നിലവിലെ ജേതാക്കളായ ജർമനിയുടെ ജീവനെടുത്തുപാഞ്ഞ സ്വീഡനെ വീഴ്ത്തിയ ടോണി ക്രൂസിന്റെ മിന്നൽപ്പിണർ ഷോട്ടിനു ശേഷം സഹതാരം തോമസ് മുള്ളറുടെ വിജയാക്രോശം. കളി തീരാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേയാണു ക്രൂസിന്റെ മിസൈൽ പ്രഹരം സ്വീഡിഷ് വല കീഴടക്കിയത്. 

∙ഹാസ്യം

ഗോൾ, ഗോൾ, ഗോൾ

പോളണ്ടിനെതിരെ തകർപ്പൻ ജയവുമായി ലോകകപ്പിൽ മിന്നൽതിരിച്ചുവരവ് നടത്തിയ കൊളംബിയയുടെ യുവാൻ ക്വാഡ്രാഡോയും യെറി മിനയും നൃത്തച്ചുവടുകളുമായി  ഗോൾ ആഘോഷിക്കുന്നു. ഇരുവരും ഗോളടിച്ച മൽസരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കൊളംബിയ പോളണ്ടിനെ നിശബ്ദരാക്കിയത്. 

∙ഭയാനകം

പോയിന്റ് / ബ്ലാങ്ക് ?

സെന്റ് പീറ്റേഴ്സ് ബർഗ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ പന്തുമായെത്തിയ ബ്രസീൽ താരം നെയ്മറിനെ മുഖാമുഖം നേരിടുന്ന കോസ്റ്ററിക്കൻ ഗോൾകീപ്പർ കെയ്‌ലർ നവാസ്. ഗോൾ ഭീഷണി വിതച്ച നെയ്മറിന്റെ ഈ നീക്കം നവാസ് വിഫലമാക്കി. 

∙ബീഭത്സം

ഫൗൾബോൾ !

റോസ്റ്റോവ് അരീനയിൽ നടന്ന മൽസരത്തിൽ ബ്രസീൽ താരം നെയ്മറിനെ വീഴ്ത്തിയ സ്വിറ്റ്സർലൻഡ് മിഡ്ഫീൽഡർ വലോൻ ബെഹ്‌രാമിയുടെ ഫൗൾ. നെയ്‌മറിനു നേരെ 11 തവണ വഴിവിട്ട പ്രതിരോധത്തിനു മുതിർന്ന സ്വിസ് ടീം ഈ മൽസരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ചു. 

∙അദ്ഭുതം

കവാനീ ഡാ ! 

സമാരയിൽ ആതിഥേയരായ റഷ്യയ്ക്കെതിരെ യുറഗ്വായ് ആക്രമണം നയിച്ചത് എഡിൻസൻ കവാനിയായിരുന്നു, പക്ഷേ ഗോൾ മാത്രം അകന്നുനിന്നു. ഒടുവിൽ ഇൻജ്വറി ടൈമിൽ കവാനിയെ ഭാഗ്യം തുണച്ചു. തുടരെ മൂന്നാം ലോകകപ്പിലും സ്കോർ ചെയ്ത കവാനിയു‍ടെ നിർവൃതിനിമിഷം.

∙ശാന്തം 

ഞാനിതെത്ര ....

ലോകകപ്പിൽ ബൽജിയത്തിന്റെ സ്കോറിങ് മെഷീനായി മാറിക്കഴിഞ്ഞ സ്ട്രൈക്കർ റൊമേലു ലുക്കാകു സ്പാർട്ടക് സ്റ്റേഡിയത്തിൽ തുണീസിയയ്ക്കെതിരെ വല കുലുക്കിയ ശേഷം. കളിച്ച രണ്ടു കളികളിലും ഇരട്ടഗോളുകളുമായാണ് ലുക്കാകു തിളങ്ങിയത്.