ക്രൊയേഷ്യൻ ടീമിന്റെ കളി കാണുമ്പോൾ, പ്രേക്ഷകരുടെ കാര്യം കഷ്ടമാണ്. അവർക്കു ലൂക്ക മോഡ്രിച്ചിനെയും ഇവാൻ റാകിടിച്ചിനെയും സ്പാനിഷ് ലീഗിലും യുവേഫ ചാംപ്യൻസ് ലീഗിലുമൊക്കെ കണ്ട പരിചയമെങ്കിലുമുണ്ട്. മറ്റുള്ളവർക്കു പന്തു കിട്ടിയാൽ, മഴ പെയ്തു തോർന്ന ശേഷം മരം പെയ്യുമ്പോഴുള്ള ശബ്ദം പോലെയാണ്. പെരിസിച്ച്, റെബിച്ച്, ബ്രോസോവിച്ച്. സുബാസിച്ച്... പിച്ചും പേയും പറയുന്ന പോലെ എല്ലാറ്റിലും വല്ലൊത്തൊരു ‘ഇച്ച്’. സത്യത്തിൽ എന്താണ് ഈ ‘ഇച്ച്?’ എന്ന് ആരും സംശയിച്ചു പോകും.
സ്‌ലാവിക് ഭാഷകളിൽ കുടുംബപ്പേര് ഉണ്ടാക്കുന്ന രീതി ഇതാണ്. ഈ ഭാഷകളിൽ പിതാവിന്റെ പേരിനൊപ്പം ഇച്ച് (ic) എന്ന പ്രത്യയം ചേർത്തു പേരിടാറുണ്ട്. ആന്റിച്ച് എന്നാണു പേരെങ്കിൽ ആന്റെയുടെ മകൻ എന്നാണ് അർഥം. മരിയയുടെ കുട്ടി മരുസിച്ച്, സോറയുടെ കുട്ടി സോറിച്ച് എന്നിങ്ങനെ പോകും.
തൊഴിൽനാമം വച്ചും പേരുകളുണ്ട്. മീൻപിടിത്തക്കാരന്റെ (റിബാർ) മകൻ റിബാറിച്ചും ഇരുമ്പുപണിക്കാരന്റെ (കൊവാച്) മകൻ കൊവാചിച്ചുമാകും.
ലോകകപ്പിന്റെ തുടക്കത്തിൽ ശ്രദ്ധേയമായ ഐസ്‍ലൻഡ് ടീമിലെ താരങ്ങളുടെ പേരും ഇതു പോലെ തന്നെയാണ്. സിഗുർദ്സൺ, ഗുന്നാർസൺ, തോർസൺ... എന്നിങ്ങനെ.
ഗുന്നാറിന്റെ മകൻ എന്ന അർഥമാണു ഗുന്നാർസൺ എന്ന പേരിന്. ഡെൻമാർക്ക് താരങ്ങളിൽ പലരുടെയും പേര് സെൻ എന്ന് അവസാനിക്കുന്നതും ഇതേ കാരണത്താലാണ്.
ഇരുപത്തിമൂന്നംഗ ക്രൊയേഷ്യൻ ടീമിൽ ‘ഇച്ച്’ ൽ അവസാനിക്കാത്ത പേരുള്ള ആറു കളിക്കാർ ആണുള്ളത്. വെദ്രാൻ കോർലൂക്ക, ദെയാൻ ലോവ്റെൻ, ചലേറ്റ ചാർ, ഡൊമഗോജ് വിദ, സിമെ വ്രസാൽകോ, മാർക്കോ പ്‌യാക്ക എന്നിവർ.