Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോസ്കോയിലെ ഇംഗ്ലിഷ് ട്രാജഡി അഥവാ ഇംഗ്ലണ്ട് ചോദിച്ചു വാങ്ങിയ തോൽവി!

croatia-second-goal ക്രൊയേഷ്യയ്ക്കെതിരായ മൽസരത്തിനിടെ ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്ഫോർഡിന്റെ മുഖഭാവം.

അവസരങ്ങൾ എല്ലായ്പ്പോഴും വാതിലിൽ വന്നു മുട്ടുകയില്ല എന്ന് ഇംഗ്ലണ്ടിനെ ആരു പഠിപ്പിക്കും? അഞ്ചു പതിറ്റാണ്ടായി ലോകകപ്പ് കിരീടത്തിനായി മോഹിച്ചിട്ടും അവസാനം ഇതേ അളവ് പ്രചോദനത്തോടെയാണ് കളിക്കുന്നതെങ്കിൽ അവരത് അർഹിക്കുന്നില്ല എന്നേ പറയാനാകൂ– ഇംഗ്ലണ്ട് ആരാധകരും മാധ്യമങ്ങളും അതെത്ര ഊതിപ്പെരുപ്പിച്ചാലും. കളിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോൾ. ഒട്ടും സംഘടിതമല്ലാത്ത ക്രൊയേഷ്യൻ നിര. ആദ്യ പകുതിയിൽ കളി തന്നെ തീർത്തു കളയാൻ ഇംഗ്ലണ്ടിന് അവസരം കിട്ടിയതാണ്. എന്നിട്ടും കിട്ടിയ ഗോളിന്റെ ആലസ്യത്തിൽ അവർ മയങ്ങിക്കിടന്നു.‌

അഞ്ചാം മിനിറ്റിൽ നേടിയ ഗോളിന്റെ ആത്മവിശ്വാസത്തിൽ ഉഴപ്പിക്കളിച്ചാണ് ഇംഗ്ലണ്ട് ഫൈനൽ കാണാതെ പുറത്തായത്. അവസാന നിമിഷം വരെ വീര്യത്തോടെ പൊരുതിയ ക്രൊയേഷ്യയാകട്ടെ, എക്സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ 2–1ന് വിജയം പിടിച്ചെടുക്കുകയും ചെയ്തു. 15ന് രാത്രി 8.30ന് ലോകകപ്പിന്റെ ഫൈനലിൽ ക്രൊയേഷ്യയും ഫ്രാൻസും ഏറ്റുമുട്ടും.  മൂന്നാം സ്ഥാന മൽസരത്തിൽ 14നു രാത്രി 7.30ന് ഇംഗ്ലണ്ട് ബൽജിയത്തെയും നേരിടും.

ക്രൊയേഷ്യയ്ക്കു മേൽ ഇംഗ്ലണ്ടിനുള്ള മുൻതൂക്കമായി പറഞ്ഞിരുന്നത് അതിവേഗമുള്ള മുന്നേറ്റനിരയും സംഘടിതമായ പ്രതിരോധവും എന്നതായിരുന്നു. ഹാരി കെയ്നും റഹിം സ്റ്റെർലിങും പതിയെ നീങ്ങുന്ന ക്രൊയേഷ്യൻ പ്രതിരോധത്തെ വിറപ്പിക്കും എന്ന പ്രതീക്ഷ പക്ഷേ തെറ്റി. നിരന്തര പരിശീലനത്തിലൂടെ തേച്ചു മിനുക്കിയെടുത്ത സെറ്റ്പീസുകൾ തന്നെ ഒടുവിൽ അവരുടെ തുണയ്ക്കെത്തിയെന്നു മാത്രം. ട്രിപ്പിയറുടെ ഫ്രീകിക്ക് ഗോൾ ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഒൻപതാം സെറ്റ്പീസ് ഗോളായിരുന്നു. ആദ്യപകുതിയിൽ ക്രൊയേഷ്യ പകുതിപോലും ഫോമിലായിരുന്നില്ല. 

എക്സ്ട്രാ ടൈമിൽ സമനില തെറ്റി ഇംഗ്ലണ്ട്

90 മിനിറ്റ് കളിയിൽ ഇരുടീമും 1–1 സമനില പാലിച്ചതിനെത്തുടർന്ന് വേണ്ടിവന്ന 30 മിനിറ്റ് എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ, ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ താരമായ മരിയോ മൻസൂകിച്ച് ആണ് ക്രൊയേഷ്യയുടെ വിജയഗോൾ നേടിയത്. ചരിത്രത്തിലാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് ഫൈനൽ കളിക്കുന്നത്.

ഇംഗ്ലണ്ട്–ക്രൊയേഷ്യ മല്‍സരം വിഡിയോ സ്റ്റോറി കാണാം

അഞ്ചാം മിനിറ്റിൽ കീറോൺ ട്രിപ്പിയറുടെ ഫ്രീകിക്ക് ഗോളിൽ ഇംഗ്ലണ്ട് മുന്നിലെത്തിയതാണ്. എന്നാൽ, പിന്നീട് ഉഴപ്പിക്കളിച്ച ഇംഗ്ലണ്ട് കളി മറന്നപ്പോൾ കിട്ടിയ മിന്നൽ അവസരത്തിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. 68–ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് നേടിയ ഗോൾ ഇംഗ്ലണ്ട് പ്രതീക്ഷിച്ചതല്ല. അതിനു ശേഷം ഇംഗ്ലിഷ് മുന്നേറ്റങ്ങളുടെ മുനയൊടിച്ച് ക്രൊയേഷ്യൻ താരങ്ങൾ നിരന്തരം ആക്രമിക്കാൻ തുടങ്ങി.

ഹാരി മഗ്വയർ, ജോൺ സ്റ്റോൺസ്, കൈൽ വോക്കർ എന്നീ മൂന്നു കളിക്കാരെ മാത്രം പ്രതിരോധത്തിൽ നിർത്തി ആക്രമണ ഫുട്ബോളിനു ശ്രമിച്ച ഇംഗ്ലണ്ടിനു നിലതെറ്റി. ആദ്യ പകുതിയിൽ തന്നെ ലീഡുയർത്താൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നു ലഭിച്ച സുവർണാവസരം നഷ്ടമായതും കളിയിൽ നിർണായകമായി. 1966നു ശേഷം ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നേടുന്നതു കാണാൻ കാത്തിരുന്ന ഇംഗ്ലിഷ് ആരാധകർക്ക് ഈ തോൽവി തീരാവേദനയുടേതായി. 

മൽസരത്തിലെ വഴിത്തിരിവ്

ആദ്യ ഗോൾ വഴങ്ങിയ ശേഷം തളരാത്ത വീര്യത്തോടെ പൊരുതിയാണ് ക്രൊയേഷ്യ വിജയികളായത്. പ്രീക്വാർട്ടറിൽ ഡെന്മാർക്കിനെയും ക്വാർട്ടറിൽ റഷ്യയെയും ഷൂട്ടൗട്ടിൽ മറികടന്നതിന്റെ ത്മവിശ്വാസം ഇംഗ്ലണ്ടിനെതിരെയും ക്രൊയേഷ്യയുടെ കളിയിലുണ്ടായിരുന്നു. 

ഗോളുകൾ വന്ന വഴി

∙ കീറോൺ ട്രിപ്പിയർ (ഇംഗ്ലണ്ട്) – 5–ാം മിനിറ്റ്

പന്തുമായി മുന്നേറിയ ലിങാർഡിനെ ക്രൊയേഷ്യൻ ബോക്സിനു മുന്നിൽ ലൂക്കാ മോഡ്രിച്ച് വീഴ്ത്തിയതിന് ഇംഗ്ലണ്ടിനു ഫ്രീകിക്ക്. ക്രൊയേഷ്യൻ പ്രതിരോധ മതിലിനു മുകളിലൂടെ ട്രിപ്പിയർ വളച്ചുവിട്ട പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പറന്നിറങ്ങി. ഗോൾകീപ്പർ ഡാനിയൽ സുബാസിച്ചിന് അനങ്ങാനായില്ല. 

∙ ഇവാൻ പെരിസിച്ച് (ക്രൊയേഷ്യ) – 68–ാം മിനിറ്റ്

ക്രൊയേഷ്യൻ വലതു വിങ് ബാക്കായ വ്രസാൽകോയുടെ മുന്നേറ്റം. ബോക്സിനുള്ളിലേക്കു വ്രസാൽകോ തൂക്കിയ പന്തിനു നേരെ പെരിസിച്ച് ഉയർന്നു ചാടി. മാർക്കറായ കെയ്‌ൽ വോക്കറുടെ തലയ്ക്കൊപ്പം പൊങ്ങി തന്ത്രപരമായി ഇടംകാലുവച്ച പെരിസിച്ച് വലകുലുക്കി.

∙ മരിയോ മാൻസൂകിച്ച്  (ക്രൊയേഷ്യ) – 109–ാം മിനിറ്റ്

ഇടതു വിങ്ങിലൂടെയുള്ള ക്രൊയേഷ്യൻ മുന്നേറ്റം. ബോക്സിലേക്ക് ഉയർന്നുവന്ന പന്തു ക്ലിയർ ചെയ്യുന്നതിൽ ഇംഗ്ലണ്ട് ഡിഫൻഡർ കെയ്‍ൽ വോക്കറിനു വീണ്ടും പിഴച്ചു. വോക്കറുടെ ഷോട്ട് ചെന്നത് ബോക്സിനു പുറത്തുനിന്ന പെരിസിച്ചിനു നേർക്ക്. പെരിസിച്ച് ബോക്സിനുള്ളിലേക്കു ചെത്തി നൽകിയ പന്ത് മിന്നൽ വേഗത്തിൽ പാഞ്ഞെത്തിയ മാൻസൂകിച്ച് ഗോൾവര കടത്തി.