Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകരക്കാരനായി ഇറങ്ങില്ലെന്ന് താരം; നാട്ടിലേക്ക് തിരിച്ചയച്ച് ‘അൽ ഡാലിച്ച്’

Croatia head coach Zlatko Dalic

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യ അർജന്റീനയെ തോൽപ്പിച്ചതിനു പിന്നാലെ ദുബായിലെ ബുർജ് ഖലീഫ ടവറും റിയാദിലെ കിങ്ഡം സെന്ററും ക്രൊയേഷ്യൻ നിറമണിഞ്ഞു. അറബ് നാടുകളിൽ എത്രയോ ആരാധകരുള്ള ലയണൽ മെസ്സിയുടെ ടീം തോറ്റിട്ടും അങ്ങനെയൊരു സന്തോഷത്തിനു കാരണം ഒരേയൊരാളായിരുന്നു– ഇപ്പോഴത്തെ ക്രൊയേഷ്യൻ ടീം കോച്ച് സ്‌ലാറ്റ്കോ ഡാലിച്ച്. അറബ് ക്ലബുകളായ അൽ ഹിലാലിനെയും അൽ ഐനിനെയും ലീഗ്, വൻകരാ മൽസരങ്ങളിൽ തുടരെ വിജയങ്ങളിലേക്കു നയിച്ച പരിശീലകൻ.  

സൗദി ക്ലബുകളായ അൽ ഫെൈസലിയെയും അൽ ഹിലാലിനെയും യുഎഇ ക്ലബായ അൽ ഐനെയുമാണ് ഡാലിച്ച് പരിശീലിപ്പിച്ചത്. യുഎഇ പ്രഫഷനൽ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുള്ള പരിശീലകനാണ് ഡാലിച്ച്. ലോക റാങ്കിങിൽ 335–ാം സ്ഥാനത്തു നിന്നിരുന്ന അൽ ഐനെ രണ്ടു വർഷം കൊണ്ട് അദ്ദേഹം എത്തിച്ചത് 122–ാം റാങ്കിൽ. 2016ൽ ഡാലിച്ചിന്റെ പരിശീലനത്തിൽ എഎഫ്സി ചാംപ്യൻസ് ലീഗിന്റെ ഫൈനലിലുമെത്തി ക്ലബ്. ടീം ഫൈനലിലെത്തിയതോടെ ഡാലിച്ചിന് ക്രൊയേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആശംസാസന്ദേശങ്ങൾ എത്തുന്നത് അറബ് നാടുകളിൽ നിന്നുമാണ്. അവയെല്ലാം ഡാലിച്ച് തന്റെ ട്വിറ്ററിൽ പങ്കുവയ്ക്കുന്നുമുണ്ട്. 

അൽ ഐനിൽ നിന്നും ഡാലിച്ച് തിരിച്ച് ക്രൊയേഷ്യയിലെത്തുന്നത് അപ്രതീക്ഷിതമായിട്ടാണ്. ടീം ലോകകപ്പിനു യോഗ്യത നേടാൻ വിഷമിച്ചതോടെ കോച്ച് ആന്റെ സാസിച്ചിനെ പുറത്താക്കിയ ക്രൊയേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ രക്ഷകനെ കണ്ടത് ഡാലിച്ചിലായിരുന്നു. ടീം ലോകകപ്പിനു യോഗ്യത നേടിയാൽ മാത്രമേ കരാർ ഒപ്പിടൂ എന്നായിരുന്നു അന്ന് ഡാലിച്ചിന്റെ വാക്കുകൾ. യുക്രെയ്നെതിരെ 2–0 വിജയത്തോടെ തുടങ്ങിയ ഡാലിച്ചിന്റെ ടീം പിന്നീട് ഗ്രീസിനെ തോൽപ്പിച്ച് ലോകകപ്പിനു യോഗ്യത നേടി. ഡാലിച്ച് മൂന്നു വർഷത്തേക്ക് കരാർ ഒപ്പിട്ടു. ശേഷം ചരിത്രം! 

കയ്യിൽ മാന്ത്രിക വടിയില്ല എന്നാണ് കരാർ ഒപ്പിട്ടപ്പോൾ ഡാലിച്ച് ഫെഡറേഷൻ പ്രസിഡന്റും ഇതിഹാസ താരവുമായ സൂകറിനോടു പറഞ്ഞത്. പക്ഷേ, കയ്യിൽ ചൂരൽ വടിയുണ്ടെന്ന് ലോകകപ്പിലെ ആദ്യ ആഴ്ച തന്നെ ഡാലിച്ച് തെളിയിച്ചു. നൈജീരിയ്ക്കെതിരെ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ച എസി മിലാൻ സ്ട്രൈക്കർ നിക്കോള കാലിനിച്ചിനെ തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്കു പറഞ്ഞയച്ചു. സഹപരിശീലകൻ വുകോജെവിച്ചിന്റേതായിരുന്നു അടുത്ത ഊഴം. ക്വാർട്ടറിലെ ഷൂട്ടൗട്ട് വിജയത്തിനു ശേഷം ഡിഫൻഡർ വിദയോടൊപ്പം ‘യുക്രെയ്നു മഹത്വം’ എന്നു പറഞ്ഞ് റഷ്യയെ ചൊടിപ്പിച്ച വുകോജെവിച്ചിനെയും ഫെഡറേഷൻ തിരിച്ചു വിളിച്ചു. നാട്ടിൽ ടിവിയിൽ ഇരുന്ന് കളി കാണുന്ന കാലിനിച്ചും വുകോജെവിച്ചുമാകും ക്രൊയേഷ്യയുടെ ഈ മുന്നേറ്റത്തിൽ സന്തോഷിക്കാത്ത രണ്ടേ രണ്ടു ക്രൊയേഷ്യക്കാർ!