Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം അർജന്റീന ഞെട്ടി, പിന്നെ ഇംഗ്ലണ്ട്, ഫുട്ബോൾ ലോകം; ഇത്, ഡാലിച്ചിന്റെ ചെകുത്താൻമാർ

മോസ്കോയിൽ നിന്ന്  മുഹമ്മദ് ദാവൂദ്
Author Details
dalic-happy ക്രൊയേഷ്യൻ പരിശീലകൻ സ്‌ലാറ്റ്കോ ഡാലിച്ച് താരങ്ങൾക്കൊപ്പം.

നല്ല മികവുള്ള ഒരു യൂത്ത് ടീം മൽസരങ്ങളേറെ കണ്ട ഒരു സീനിയർ ടീമിനോട് ഏറ്റുമുട്ടിയാൽ എങ്ങനെയിരിക്കും? അതേ ഇംഗ്ലണ്ടിന്റെ കാര്യത്തിലും സംഭവിച്ചുള്ളൂ. മികവിലും വേഗത്തിലും ആദ്യം ക്രൊയേഷ്യയെ അതിശയിപ്പിച്ച അവർ പിന്നീടു പരിചയസമ്പന്നരായ ക്രൊയേഷ്യൻ താരങ്ങൾക്കു മുന്നിൽ വീണു. ഫലം: ഒരു ഗോളിനു മുന്നിൽ നിന്നശേഷം ലോകകപ്പ് സെമിഫൈനലിൽ ചരിത്രപരമായ 1–2 തോൽവി.

ശാരീരികമായി തളർന്നുപോയെങ്കിലും ക്രൊയേഷ്യൻ താരങ്ങൾ ഓരോ മിനിറ്റിലും മാനസികമായി ഉത്തേജിതരായപ്പോൾ ഇംഗ്ലണ്ട് താരങ്ങൾ പലവിധ സമ്മർദങ്ങളുടെ കീഴിൽ അകപ്പെട്ടു പോയി.  

ജെറാർദും കെയ്നും

2005 ചാംപ്യൻസ് ലീഗിൽ എസി മിലാനെതിരെ ലിവർപൂളിനെ വിജയത്തിലേക്കു നയിച്ച സ്റ്റീവൻ ജെറാർദ് എന്ന ക്യാപ്റ്റനെ ഓർത്തുപോവുകയാണ്. ജെറാർദിനെപ്പോലൊരാൾ കളിക്കളത്തിലുണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ടിന്റെ കളി തന്നെ മാറിയേനെ. അന്ന് ആദ്യ പകുതിയിൽ മൂന്നു ഗോളിനു പിന്നിലായിട്ടും ജെറാർദ് ടീമിനെ കൈയുയർത്തി പ്രചോദിപ്പിക്കുന്ന ദൃശ്യങ്ങൾ ഇന്നും യൂട്യൂബിലുണ്ട്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ കാണേണ്ടിയിരുന്നത് അതാണ്. എന്തൊരു കഷ്ടമായിരുന്നു ക്രൊയേഷ്യയ്ക്കെതിരെ കെയ്ന്റെ ശരീരഭാഷ! 

താൻ ഫോമിലാവാത്തതു വ്യക്തിപരമായി കെയ്നെ ബാധിച്ചിട്ടുണ്ടാകാം. പക്ഷേ, ക്യാപ്റ്റനെന്ന നിലയിലുള്ള ഒരു ഉത്തരവാദിത്തവും കെയ്ന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇംഗ്ലണ്ടിനു കളി തീർത്തു കളയാനുള്ള എല്ലാ അവസരങ്ങളും ആദ്യ പകുതിയിലുണ്ടായിരുന്നു. ഒട്ടും സംഘടിതമല്ലാത്ത ക്രൊയേഷ്യൻ നിര, മെല്ലെപ്പോക്ക്, ദുർബലമായ പ്രതിരോധം... പക്ഷേ, റഹിം സ്റ്റെർലിങ്ങിന്റെ ഓട്ടങ്ങൾ ഗോളിലേക്കുള്ള വഴിയാക്കിയെടുക്കാൻ ഇംഗ്ലണ്ടിനായില്ല.

ആറു ഗോളടിച്ചു ടോപ്സ്കോറർ പട്ടികയിൽ ഒന്നാമതുള്ള കെയ്നാകട്ടെ, അവിശ്വസനീയമാം വിധം നിറം മങ്ങി. നിരന്തര പരിശീലനത്തിലൂടെ തേച്ചുമിനുക്കിയെടുത്ത സെറ്റ്പീസുകൾ തന്നെ ഒടുവിൽ ഇംഗ്ലണ്ടിന്റെ തുണയ്ക്കെത്തിയെന്നു മാത്രം. ട്രിപ്പിയറുടെ ഫ്രീകിക്ക് ഗോൾ ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഒൻപതാമത്തെ സെറ്റ്പീസ് ഗോളായിരുന്നു. 

മോഡ്രിച്ചും റാകിട്ടിച്ചും

പലവിധ പ്രശ്നങ്ങൾക്കു നടുവിലാണു ക്രൊയേഷ്യ ഈ മൽസരത്തിനിറങ്ങിയത്. തുടർച്ചയായി പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട രണ്ടു മൽസരങ്ങൾ, ഗോൾകീപ്പർ സുബാസിച്ചിനും ഡിഫൻഡർ വ്രസാൽകോയ്ക്കും പരുക്ക്, മോഡ്രിച്ചിനു നാട്ടിലെ രാഷ്ട്രീയ പ്രശ്നത്തിന്റെ സമ്മർദം, കളിക്കു മുൻപേ റാകിട്ടിച്ചിനു പനി. സെമിഫൈനലിനു സജ്ജമായിരുന്നില്ല ടീം.

തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതോടെ ക്രൊയേഷ്യ തീർന്നു പോകേണ്ടതായിരുന്നു. മോഡ്രിച്ച്–റാകിട്ടിച്ച് മധ്യനിര കൂട്ടുകെട്ടും ആദ്യ പകുതിയിൽ പരാജയമായി. ലക്ഷ്യം തെറ്റിയ പാസുകളും ഷോട്ടുകളുമായി കളിച്ച മോഡ്രിച്ച് ഗോളിലേക്കു വഴിതുറന്ന ഫ്രീകിക്ക് വഴങ്ങുകയും ചെയ്തു. മോഡ്രിച്ച് മങ്ങിയതു റാകിട്ടിച്ചിനെയും ബാധിച്ചു, അതു ക്രൊയേഷ്യയെ ഒന്നാകെ ബാധിച്ചു എന്നതാണു സത്യം. പക്ഷേ, ഇടവേളയ്ക്കു ശേഷം പതിയെ അതു മാറി.

1998ൽ ലോകകപ്പിൽ അരങ്ങേറിയതു മുതൽ കാഴ്ച വയ്ക്കാറുള്ള പോരാട്ടവീര്യത്തിലേക്കു ക്രൊയേഷ്യ വന്നു. ഇടവേളയ്ക്കു ശേഷം പ്രചോദിതരായാണ് അവർ ഇറങ്ങിയത്. മോഡ്രിച്ച് പതിയെ ഫോമിലേക്കു വന്നു, റാകിട്ടിച്ച് അതിനനുസരിച്ച് ഉയർന്നു, മുന്നേറ്റനിരയ്ക്കു നിരന്തരം പന്തെത്തി. അതോടെ ഇംഗ്ലണ്ടിന്റെ കഥയും കഴിഞ്ഞു. 

പെരിസിച്ചും മാൻസൂക്കിച്ചും

സെമിയിൽ ക്രൊയേഷ്യയുടെ ഹീറോ പക്ഷേ, അവരുടെ മധ്യനിരയല്ല, മുന്നേറ്റനിര ആയിരുന്നു. ആദ്യ പകുതിയിൽ അധികം പന്തു കിട്ടാതെ കാത്തു നിൽക്കുകയായിരുന്നു പെരിസിച്ചും മാൻസൂക്കിച്ചും റെബിച്ചും. കിട്ടിയ അവസരങ്ങളിലെല്ലാം അവർ  ഓടിക്കയറി സൂചന നൽകി. എന്നാൽ ക്രൊയേഷ്യൻ മുന്നേറ്റത്തിന്റെ പ്രഹരശേഷി തിരിച്ചറിയുന്നതിൽ ഇംഗ്ലണ്ട് പ്രതിരോധം ശരിക്കും പരാജയപ്പെട്ടു.

ഇറ്റാലിയൻ ലീഗിലെ ഒന്നാംകിട സ്ട്രൈക്കർമാരായ പെരിസിച്ചിനെയും മാൻസൂക്കിച്ചിനെയും അവർ വിലകുറച്ചു കണ്ടു. 68-ാം മിനിറ്റിൽ വ്രസാൽകോയുടെ ക്രോസിൽനിന്നുള്ള പന്തിനെ തലയ്ക്കൊപ്പം പൊങ്ങിയ കാലുകൊണ്ടു തട്ടിവിട്ട് പെരിസിച്ചും 109–ാം മിനിറ്റിൽ ക്ലിയറൻസിൽ നിന്നു കിട്ടിയ പന്തിനെ കിട്ടിയ ഗ്യാപ്പിൽ ഗോളിലേക്കു പായിച്ചു മാൻസൂക്കിച്ചും ആ പാഠം പൂർത്തിയാക്കി.

125ൽ നിന്നു മൂന്നിലേക്ക് ഒരു ക്രൊയേഷ്യൻ വിജയഗാഥ

ഫുട്ബോൾ റാങ്കിങ്ങിൽ ഏറ്റവും വലിയ വിസ്മയം കാട്ടിയ ടീം ക്രൊയേഷ്യയാണ്. 1993ൽ ഫിഫ അംഗത്വം ലഭിക്കുമ്പോൾ 125–ാം റാങ്കിലായിരുന്നു ക്രൊയേഷ്യ. പക്ഷേ, 1998 ലോകകപ്പിൽ ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തിയതോടെ കഥ മാറി. റാങ്ക് പട്ടികയിലെ മൂന്നാമന്മാരായി ക്രൊയേഷ്യ മാറി. അഞ്ചു വർഷത്തിനിടെ മെച്ചപ്പെടുത്തിയതു 122 സ്ഥാനങ്ങൾ! ക്രൊയേഷ്യയുടെ റെക്കോർഡ് സമീപകാലത്തെങ്ങും മറ്റൊരു ടീം മറികടക്കാൻ ഇടയില്ല.