ലോകഭൂപടം ഇങ്ങനെ മേശമേൽ വിരിച്ചുവച്ച് അതിലൂടെയിങ്ങനെ തലങ്ങും വിലങ്ങും പായുന്നതു പോലെ– അതാണ് ലോകകപ്പ് നടക്കുന്ന നാട്ടിലൂടെയുള്ള സഞ്ചാരം. മെക്സിക്കോക്കാരൻ നമ്മുടെ തോളിൽ കയ്യിടുന്നു, ഈജിപ്തുകാരൻ തമാശ പറയുന്നു, നൈജീരിയക്കാരൻ എവിടുന്നാ എന്നു ചോദിക്കുന്നു (ഉത്തരം കേൾക്കുമ്പോൾ പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്താ കാര്യമെന്ന ഭാവവുമൊന്നും ആർക്കും ഇല്ല!)
ലോകകപ്പ് കാലം കഴിയുമ്പോഴേക്കും ലോകത്തിന്റെ എല്ലാ ഭാഗത്തും കൂട്ടുകാരുണ്ടാകും. റഷ്യയിൽ ഒരു ദിമിത്രി, ഫ്രാൻസിൽ ഒരു പിയർ, ബ്രസീലിൽ ഒരു പെഡ്രോ..ഒരു പന്തിന്റെ പേരിലുള്ള ബന്ധങ്ങൾ. നാലു വർഷം കൂടുമ്പോഴുള്ള ആ സൗഹൃദങ്ങളുടെ ‘ഗെറ്റ് ടുഗെദർ’ കൂടിയാകും അടുത്ത ലോകകപ്പ്!
∙ രാജ്യാന്തര ഡോർമിറ്ററി
ലോകകപ്പ് കാലത്തെ ഏറ്റവും നല്ല ‘രാജ്യാന്തര സൗഹൃദ’ങ്ങൾ കിട്ടുന്ന ഇടമാണ് ഡോർമിറ്ററികൾ. ലോകകപ്പ് നടക്കുന്നത് വിവിധ നഗരങ്ങളിലായതിനാൽ ചിലവു കൂടിയ ഹോട്ടലുകൾക്കും അപ്പാർട്ട്മെന്റുകൾക്കും പകരം ഡോർമിറ്ററികളാണ് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു താമസിക്കുമ്പോൾ എല്ലാവരും തിരഞ്ഞെടുക്കാറ്. ഒരു റൂമിൽ തന്നെ തട്ടുതട്ടായി പത്തിരുപത് ബെഡുകൾ കാണും. കളി കാണുക, സ്ഥലം ചുറ്റിക്കറങ്ങുക എന്നതാണ് പ്രധാന ഉദ്ദേശ്യമെന്നതിനാൽ അധിക സമയം ആരും റൂമിൽ കാണില്ല.
പക്ഷേ, രാവിലെ കളിക്കു മുൻപും വൈകുന്നേരം കളിക്കു ശേഷവും അവരുടെ മുഖവും ഭാവവും മാറുന്നത് കാണാൻ രസമാണ്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ റോസ്റ്റോവ് നഗരത്തിൽ ബ്രസീലുകാർക്കൊപ്പവും നിഷ്നിയിൽ അർജന്റീനയ്ക്കാർക്കൊപ്പവുമാണ് ഞാൻ താമസിച്ചത്. ബ്രസീൽ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങി, അർജന്റീന ക്രൊയേഷ്യയോട് തോറ്റു. രാത്രി റൂമിൽ തിരിച്ചെത്തിയ ആരാധകരുടെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി. കിടന്നുറങ്ങിയിട്ട് ഉറക്കം വന്നില്ല. ആരാധകരുടെ ‘പൾസ്’ ശരിക്കും അറിഞ്ഞ അവസരമാണത്. ‘കൂടെക്കിടക്കുന്നവനല്ലേ രാപ്പനിയറിയൂ..!’
∙ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ലോകത്തുള്ള സകല ഭാഷയും പഠിക്കാനുള്ള ‘ക്രാഷ് കോഴ്സ്’ അവസരം കൂടിയാകുന്നു ലോകകപ്പ് കാലം. മീഡിയ സെന്ററിൽ പ്രസ് കോൺഫറൻസ് ടിക്കറ്റിനു വേണ്ടി വരി നിൽക്കുമ്പോഴാണ് അതേറ്റവും മനസ്സിലാവുക. കളി കാണുന്ന പ്രസ് ബോക്സിന്റെ ടിക്കറ്റ് എല്ലാ മാധ്യമപ്രവർത്തകർക്കും കിട്ടും. പക്ഷേ പത്രസമ്മേളനത്തിനും മിക്സ്ഡ് സോണിൽ കളിക്കാരോട് സംസാരിക്കാനുമുള്ള അവസരത്തിന് പ്രത്യേകം പേരു നൽകി കാത്തിരിക്കണം.
അതിനു വേണ്ടിയുള്ള കാത്തിരിപ്പിനിടയ്ക്ക് ഫ്രഞ്ച് ഭാഷയിൽ മുറുമുറുപ്പുകൾ കേൾക്കാം, പോർച്ചുഗീസ് ഭാഷയിൽ സങ്കടം പറയുന്നത് കേൾക്കാം, സ്പാനിഷിൽ പരാതിയും സ്വാഹിലിയിൽ പരിഭവവും കേൾക്കാം. ഒരു വട്ടം ബ്രസീലിന്റെ കളിക്കു ശേഷമുള്ള മിക്സ്ഡ് സോണിന് ടിക്കറ്റ് കിട്ടിയപ്പോൾ മലയാളത്തിൽ ഒന്ന് ആർത്തു വിളിക്കണമെന്നു തോന്നി– ആർപ്പോ ഇർർറോ..!
∙ ഫെസ്റ്റിവൽ ബേബീസ്
ലോകകപ്പ് കൊണ്ട് റഷ്യയ്ക്കെന്തു കിട്ടും എന്നു ചോദിക്കുമ്പോൾ ‘ഫെസ്റ്റിവൽ ബേബി’കളെ കിട്ടും എന്നാണ് ചിലർ പറയുന്നത്. ലോകകപ്പ് കാണാൻ വന്ന് റഷ്യൻ പെൺകുട്ടികളുമായി പ്രണയത്തിലാകുന്നവർക്ക് ജനിക്കുന്ന കുട്ടികളാണത്രേ ഫെസ്റ്റിവൽ ബേബികൾ. ഒന്നിച്ച് ഫുട്ബോൾ കണ്ടാൽ എങ്ങനെ പ്രണയം തോന്നാതിരിക്കും എന്നതാണ് ന്യായം. പക്ഷേ ലോകകപ്പ് കഴിഞ്ഞ് അച്ഛൻ നാട്ടിലേക്കു തന്നെ തിരിച്ചു പോയാൽ പാവം അമ്മയും കുഞ്ഞും ഒറ്റയ്ക്കായി. 1980 മോസ്കോ ഒളിംപിക്സ് കാലത്ത് ജനിച്ച അത്തരം കുറേ ‘ഫെസ്റ്റിവൽ ബേബീസ്’ ഇപ്പോഴും റഷ്യയിലുണ്ടത്രേ..!