Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകരക്കാരനാകില്ലെന്ന് പറഞ്ഞ ക്രൊയേഷ്യക്കാരൻ ഇതാ, വീട്ടിലിരുന്നു ഫൈനൽ കാണും !

Nikoala Kalinic

ചെറുപ്പകാലത്തു നിക്കോള കാലിനിച്ചിന്റെ കളി കണ്ട പരിശീലകൻ ക്രുനോസ്‌ലാവ് ജുറിസിച്ച് പറ‍ഞ്ഞു: ഇവൻ സ്‌ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ പിൻഗാമിയാകും! കോച്ച് പറഞ്ഞത് അക്ഷരാർഥത്തിൽ ഫലിച്ചു. കളി മികവിൽ അല്ലെന്നു മാത്രം. റഷ്യയിൽ ലോകകപ്പ് നടക്കുമ്പോൾ സ്വന്തം രാജ്യമായ സ്വീഡന്റെ കളി സ്‌ലാറ്റനും ക്രൊയേഷ്യയുടെ കളി കാലിനിച്ചും വീട്ടിലിരുന്നാണു കണ്ടത്. കളിക്കാൻ താൽപര്യം ഉണ്ടായിരുന്നെങ്കിലും ടീമിൽ ഇടമില്ല എന്നു പറഞ്ഞാണു സ്വീഡിഷ് കോച്ച് യാൻ ആൻഡേഴ്സൺ സ്‌ലാറ്റനെ വീട്ടിലിരുത്തിയത്. കാലിനിച്ചിന്റെ കാര്യം കഷ്ടമായിരുന്നു. നൈജീരിയയ്ക്കെതിരെയുള്ള ഗ്രൂപ്പ് മൽസരത്തിൽ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ച കാലിനിച്ചിനെ കോച്ച് സ്‌ലാറ്റ്കോ ഡാലിച്ച് പിറ്റേദിവസം തന്നെ വീട്ടിലേക്കു പറഞ്ഞയച്ചു. കലികാലം എന്നല്ലാതെ എന്തു പറയാൻ!

ലോകകപ്പിൽ ക്രൊയേഷ്യൻ ടീമിന്റെ മുന്നേറ്റം കാണുമ്പോൾ സന്തോഷം തോന്നാത്ത ഒരേയൊരു ക്രൊയേഷ്യക്കാരൻ കാലിനിച്ച് ആയിരിക്കും. don't be like kalinic (കാലിനിച്ചിനെപ്പോലെ ആവാതിരിക്കുക) എന്ന ഹാഷ്ടാഗിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം സജീവമാണ്. പുറംവേദനയായതു കൊണ്ടാണു താൻ കളിക്കാതിരുന്നത് എന്നായിരുന്നു കാലിനിച്ചിന്റെ ന്യായം. എന്നാൽ ആദ്യമായിട്ടല്ല കാലിനിച്ച് ഇങ്ങനെ കളിക്കാൻ വിസമ്മതിക്കുന്നത്. മുൻപു ബ്രസീലിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള സൗഹൃദ മൽസരങ്ങളിലും കാലിനിച്ച് ഇങ്ങനെ പെരുമാറിയിരുന്നു. കോച്ചിനു കലിവരാൻ മറ്റെന്തെങ്കിലും വേണോ..?

ആര് നേടും ലോകകപ്പ്?. എക്സ്ട്രാ ടൈം വിത്ത് എക്സ്പേർട്സ് പരിപാടി കാണാം

ക്രൊയേഷ്യയിലെ ഏറ്റവും പ്രശസ്ത ക്ലബ്ബുകളിലൊന്നായ ഹാദുക് സ്പ്ലിറ്റിലൂടെ കളിച്ചു വളർന്ന കാലിനിച്ച് പിന്നീടു ബ്ലാക്ക്ബേൺ റോവേഴ്സിലൂടെ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെത്തി. യുക്രെയ്ൻ ക്ലബ് നിപ്രോയെ യൂറോപ്പ ലീഗ് ഫൈനലിലെത്തിച്ച പ്രകടനത്തോടെയാണു കാലിനിച്ച് യൂറോപ്പിൽ ശ്രദ്ധിക്കപ്പെടുന്നത്. അതു സീരി എ ടീമുകളായ ഫിയൊറന്റീനയിലേക്കും എസി മിലാനിലേക്കും വഴിയൊരുക്കി. ഇപ്പോൾ എസി മിലാന്റെ ഏഴാം നമ്പർ താരമാണ് ഈ മുപ്പതുകാരൻ.

2005ലെ അണ്ടർ–17 യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ടോപ് സ്കോററായാണു കാലിനിച്ച് ക്രൊയേഷ്യയ്ക്കു വേണ്ടി വരവറിയിച്ചത്. എന്നാൽ സീനിയർ ടീമിലേക്കുള്ള കാലിനിച്ചിന്റെ വരവ് നല്ല രീതിയിലായില്ല. 2008 യൂറോകപ്പ് യോഗ്യതാ റൗണ്ടിനുള്ള ടീമിൽ ഇടംപിടിച്ചെങ്കിലും കാലിനിച്ചിനു കളിക്കാനായില്ല. പകരം എത്തിയത് മരിയോ മാൻസൂകിച്ച്. 2012 യൂറോ കപ്പിനുള്ള ടീമിലും ഉണ്ടായിരുന്നെങ്കിലും ടൂർണമെന്റിൽ ഒരുതവണ പോലും ഇറങ്ങാനായില്ല.

2014 ലോകകപ്പിനുള്ള ടീമിൽ ഇടം കിട്ടിയതുമില്ല. 2016 യൂറോയിൽ വീണ്ടും യൂറോയിലേക്കു തിരിച്ചെത്തിയ കാലിനിച്ച് സ്പെയിനെതിരെ ക്രൊയേഷ്യ 2–1നു ജയിച്ച മൽസരത്തിൽ ഒരു ഗോൾ നേടുകയും മറ്റൊന്നിനു വഴിയൊരുക്കുകയും ചെയ്തു. ആ മികവാണു കാലിനിച്ചിനെ റഷ്യൻ ലോകകപ്പ് ടീമിലെത്തിച്ചത്. ഫൗൾ ചെയ്തു ചുവപ്പു കാർഡ് വാങ്ങിയ പോലെ അതിങ്ങനെയായിപ്പോയി..!