തെക്കേ അമേരിക്കയിൽനിന്നുള്ള രാജ്യങ്ങൾ 9 തവണ ലോകകപ്പ് നേടിയപ്പോൾ യൂറോപ്പിൽനിന്നുള്ള രാജ്യങ്ങൾ 11 തവണ കിരീടം ചൂടി. ഇത്തവണ ആരു ജയിച്ചാലും അത് യൂറോപ്പിന്റെ 12–ാം ലോകകപ്പ് നേട്ടമാകും. ആഫ്രിക്കയിൽനിന്നോ ഏഷ്യയിൽനിന്നോ വടക്കേ അമേരിക്കയിൽനിന്നോ ഓഷ്യാനിയ മേഖലയിൽനിന്നോ ഇതുവരെ ഒരു രാജ്യത്തിനും ലോകകപ്പ് നേടാനായിട്ടില്ല. യുറഗ്വായ് (1930, 1950), ബ്രസീൽ (1958, 62, 70, 1994, 2002), അർജന്റീന (1978, 86) എന്നീ തെക്കേ അമേരിക്കൻ രാജ്യങ്ങളാണ് വിവിധ മേളകളിൽ ജേതാക്കളായത്. യൂറോപ്യൻ വൻകരയിൽനിന്ന് ലോകകപ്പ് നേടിയ രാജ്യങ്ങൾ : ഇറ്റലി (1934, 38, 82, 2006), ജർമനി (1954, 74, 90, 2014), ഇംഗ്ലണ്ട് (1966), ഫ്രാൻസ് (1998), സ്പെയിൻ (2010).
ക്രൊയേഷ്യ
ആദ്യ ലോകകിരീടം തേടിയാണു ക്രൊയേഷ്യ നാളെ കളത്തിലിറങ്ങുക. ലോകകപ്പിൽ ഇതുവരെ എല്ലാ കളിയും ജയിച്ച ഏക ടീം.
ലോകകപ്പ് ഫൈനലിലെത്തുന്ന 13–ാം രാജ്യമാണ് ക്രൊയേഷ്യ. 1998 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയതാണ് പ്രധാന നേട്ടം. ഫൈനലിൽ എത്തുന്നത് ആദ്യം. ഗ്രീസിനെതിരെ പ്ലേഓഫ് മൽസരം ജയിച്ച് ലോകകപ്പ് യോഗ്യത നേടി. ഈ ലോകകപ്പിൽ നോക്കൗട്ട് ഘട്ടത്തിൽ മൂന്നു മൽസരങ്ങളിലും 120 മിനിറ്റ് വീതം കളിക്കേണ്ടി വന്നു. മൈതാനത്ത് ഇതു വരെ ചെലവഴിച്ചത് ഫൈനലിലെ എതിരാളിയായ ഫ്രാൻസിനെക്കാൾ 90 മിനിറ്റ് അധികം.
ആര് നേടും ലോകകപ്പ്?. എക്സ്ട്രാ ടൈം വിത്ത് എക്സ്പേർട്സ് പരിപാടി കാണാം
പ്രധാന താരങ്ങളിൽപ്പെടുന്ന ലൂക്ക മോഡ്രിച്ച്, മരിയോ മാൻസൂകിച്ച്, ഇവാൻ പെരിസിച്ച് എന്നിവർ രണ്ടു ഗോളുകൾ വീതം നേടിയിട്ടുണ്ട്. ഗ്രൂപ്പ് ഡി ജേതാക്കളായി നോക്കൗട്ടിൽ കടന്ന ശേഷം പ്രീക്വാർട്ടറിൽ ഡെൻമാർക്ക്, ക്വാർട്ടറിൽ റഷ്യ, സെമിയിൽ ഇംഗ്ലണ്ട് എന്നീ ടീമുകളെ തോൽപിച്ചു.
സ്‌ലാറ്റ്കോ ഡാലിച്ച്
1983 മുതൽ 2000 വരെ ക്രൊയേഷ്യയിലെ ഹാദുക് സ്പ്ലിറ്റ് അടക്കമുള്ള ക്ലബ്ബുകൾക്കു വേണ്ടി കളിച്ച താരമാണ് സ്‍ലാറ്റ്കോ ഡാലിച്ച്(51). ഡിഫൻസീവ് മിഡ്ഫീൽഡർ. 2005 മുതൽ പരിശീലന രംഗത്തുണ്ട്. സൗദി ക്ലബ്ബുകളായ അൽ ഫൈസലിനെയും അൽ ഹിലാലിയെയും യുഎഇയിലെ അൽഐനിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ക്രൊയേഷ്യ അണ്ടർ 21 ദേശീയ ടീമിന്റെ സഹപരിശീലകനായിരുന്നു. അൽ ഐനിന്റെ പരിശീലകനായിരിക്കെ 2017ൽ ക്രൊയേഷ്യൻ സീനിയർ ടീമിന്റെ ചുമതലയേറ്റെടുത്തു.
ഫൈനലിലേക്കുള്ള വഴി
ക്രൊയേഷ്യ
ഗ്രൂപ്പ് ഘട്ടം
ജൂൺ 16: ക്രൊയേഷ്യ–2, നൈജീരിയ–0
ജൂൺ 21: ക്രൊയേഷ്യ–3, അർജന്റീന–0
ജൂൺ 26: ക്രൊയേഷ്യ–2, ഐസ്‌ലൻഡ്–1
പ്രീക്വാർട്ടർ
ജൂലൈ 1: ക്രൊയേഷ്യ 1 (3)– ഡെന്മാർക്ക് 1 (2)
ക്വാർട്ടർ
ജൂലൈ 7: ക്രൊയേഷ്യ 2 (4)– റഷ്യ 2 (3)
സെമിഫൈനൽ
ജൂലൈ 11: ക്രൊയേഷ്യ (2) ഇംഗ്ലണ്ട്–1
ലോകകപ്പ് ഫൈനലിൽ കടക്കുന്ന 13–ാമത്തെ രാഷ്ട്രമാണ് ക്രൊയേഷ്യ. കിരീടജേതാക്കളായ യുറഗ്വായ്, ഇറ്റലി, ജർമനി, ബ്രസീൽ, ഇംഗ്ലണ്ട്, അർജന്റീന, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളെക്കൂടാതെ ഹോളണ്ട്, ഹംഗറി, ചെക്കോസ്ലാവാക്യ, സ്വീഡൻ എന്നിവയാണ് ലോകകപ്പ് ഫൈനൽ കളിച്ചിട്ടുള്ളത്.
ഫ്രാൻസ്
ലോകകപ്പ് ഫേവറിറ്റുകളായി ഫ്രാൻസിന്റെ യുവനിര ഇറങ്ങുന്നു. ഡെന്മാർക്കിനോടു സമനില പിടിച്ചതൊഴികെ എല്ലാ കളികളും ജയിച്ചു.
ടൂർണമെന്റ് ജേതാക്കളാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മുന്നിലുണ്ടായിരുന്നു ഫ്രാൻസ്. 1998ൽ സ്വന്തം നാട്ടിൽ ജേതാക്കളും 2006ൽ രണ്ടാം സ്ഥാനക്കാരുമായി. 2016 യൂറോ കപ്പ് ഫൈനലിൽ പരാജയപ്പെട്ട ശേഷം ലക്ഷ്യബോധത്തോടെയുള്ള തയാറെടുപ്പ്. പിഎസ്ജിയുടെ പത്തൊൻപതുകാരനായ താരം കിലിയൻ എംബപെയുടെ മിന്നുന്ന പ്രകടനമാണ് ഫ്രാൻസിന്റെ കുതിപ്പിൽ ശ്രദ്ധിക്കപ്പെട്ട ഒരു ഘടകം. എംബപെയും അന്റോയ്ൻ ഗ്രീസ്മെനും മൂന്നു ഗോളുകൾ വീതം നേടിയിട്ടുണ്ട്. ഈ ലോകകപ്പിൽ ഗ്രൂപ്പ് സി ജേതാക്കളായ ശേഷം നോക്കൗട്ടിൽ. പ്രീക്വാർട്ടറിൽ അർജന്റീനയെയും ക്വാർട്ടറിൽ യുറഗ്വായെയും സെമിയിൽ ബൽജിയത്തെയും കീഴടക്കി ഫൈനലിൽ. 1998 സെമിയിൽ ക്രൊയേഷ്യയെ 2–1നു തോൽപിച്ചു.
ദിദിയെ ദെഷാം
1998ൽ ലോക കിരീടം നേടിയ ഫ്രഞ്ച് ടീമിന്റെ നായകനായിരുന്നു ദിദിയെ ദെഷാം(49). ഡിഫൻസീവ് മിഡ്ഫീൽഡർ. ഫ്രാൻസിലെ നാന്റ്, മാഴ്സെയ്, ബോർഡോ, ഇറ്റലിയിലെ യുവന്റസ്, ഇംഗ്ലണ്ടിലെ ചെൽസി, സ്പെയിനിലെ വലൻസിയ ക്ലബ്ബുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. 1989 മുതൽ 2000 വരെ ഫ്രാൻസ് ടീമിൽ അംഗമായിരുന്നു. മൊണാക്കോ, യുവന്റസ്, മാഴ്സെയ് ക്ലബ്ബുകളെ പരിശീലിപ്പിച്ച ശേഷം 2012 മുതൽ ഫ്രഞ്ച് ദേശീയ ടീമിന്റെ മുഖ്യ കോച്ചാണ്.
ഫൈനലിലേക്കുള്ള വഴി
ഫ്രാൻസ്
ഗ്രൂപ്പ് ഘട്ടം
ജൂൺ 16: ഫ്രാൻസ്–2, ഓസ്ട്രേലിയ–1
ജൂൺ 21: ഫ്രാൻസ്–1, പെറു–0
ജൂൺ 26: ഫ്രാൻസ്–0, ഡെന്മാർക്ക്–0
പ്രീക്വാർട്ടർ
ജൂൺ 30: ഫ്രാൻസ്–4, അർജന്റീന–3
ക്വാർട്ടർ
ജൂലൈ ആറ്: ഫ്രാൻസ്–2, യുറഗ്വായ്–0
സെമിഫൈനൽ
ജൂലൈ 10: ഫ്രാൻസ്–1, ബൽജിയം–0
ഫ്രാൻസിന്റെ മൂന്നാമത്തെ ലോകകപ്പ് ഫൈനൽ പ്രവേശനം. മൂന്നോ അതിലേറെയോ തവണ ഫൈനലിൽ കടക്കുന്ന അഞ്ചാമത്തെ ടീമാണ് ഫ്രാൻസ്. ബ്രസീൽ, ജർമനി, ഇറ്റലി, അർജന്റീന, ഹോളണ്ട് എന്നിവയാണ് മൂന്നിലേറെ തവണ ഫൈനലിൽ കടന്ന മറ്റു ടീമുകൾ.
വിദേശ മണ്ണിലെ കിരീടനേട്ടക്കാർ
മറ്റൊരു രാജ്യത്ത് കിരീടം നേടുന്ന 15–ാമത്തെ ടീമാകും ഇത്തവണത്തെ ജേതാക്കൾ. മറ്റൊരു രാജ്യത്ത് ലോകകപ്പ് ഏറ്റുവാങ്ങിയ ആദ്യ രാജ്യം ഇറ്റലിയാണ്. 1938ൽ അവർ ലോകകപ്പ് നേടിയത് ഫ്രാൻസിൽ. 1950ൽ യുറഗ്വായ് ബ്രസീലിലെ പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തിലാണു ജേതാക്കളായത്. പശ്ചിമ ജർമനി ആദ്യമായി കിരീടം ചൂടിയത് സ്വിറ്റ്സർലൻഡിൽ (1954). ബ്രസീൽ അഞ്ചു തവണ കിരീടം നേടിയതും സ്വന്തം മണ്ണിലല്ല. 1982ൽ ഇറ്റലി കിരീടം നേടിയത് സ്പെയിനിൽ. 1986ൽ അർജന്റീന ജേതാക്കളായത് മെക്സിക്കോയിൽ. 1990ൽ പശ്ചിമ ജർമനി ഇറ്റലിയിൽ. 2006ൽ ഇറ്റലി ജർമനിയിൽവച്ചും 2010ൽ സ്പെയിൻ ദക്ഷിണാഫ്രിക്കയിൽവച്ചും 2014ൽ ജർമനി ബ്രസീലിൽവച്ചും ലോകകപ്പ് സ്വന്തമാക്കി.
ഇതു ‘യൂറോ’ ഫൈനൽ
യൂറോപ്യൻ രാജ്യങ്ങൾ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത് ഒൻപതാം തവണ. ആദ്യമായി രണ്ട് യൂറോപ്യൻ രാജ്യങ്ങൾ ലോകകപ്പ് ഫൈനലിൽ കടന്നത് 1934ലാണ്. ചെക്കോസ്ലോവാക്യയെ തോൽപിച്ച് ഇറ്റലി കിരീടം നേടി. 1938, 1954, 1966, 1974, 1982, 2006, 2010 ലോകകപ്പുകളിലും യൂറോപ്യൻ ടീമുകളാണു ഫൈനൽ കളിച്ചത്. ഇത്തവണ ലോകകപ്പ് സെമിയിൽ കടന്ന നാലു രാജ്യങ്ങളും യൂറോപ്പിൽനിന്ന്. മുൻപ് ഇങ്ങനെ നടന്നത് നാലു തവണ മാത്രമാണ്.