Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺസ്യൂമർഫെഡിന്റെ ഷോപ്പുണ്ടോ, ഒരു (ക്രൊയേഷ്യൻ) സെൽഫിയെടുക്കാൻ?

croatia-fans-consumerfed ക്രൊയേഷ്യൻ ആരാധകർ. കൺസ്യൂമർഫെഡിന്റെ ഒരു ഷോപ്പാണ് രണ്ടാം ചിത്രത്തിൽ.

തിരുവനന്തപുരം ∙ ലോകഫുട്ബോൾ ചാംപ്യൻമാരാകാൻ‌ ഇന്നു കളത്തിലിങ്ങുന്ന ക്രൊയേഷ്യയും കേരളവും തമ്മിലുള്ള ബന്ധമെന്ത്? എടുത്തു പറയത്തക്ക ബന്ധമൊന്നുമില്ലെങ്കിലും ഫുട്ബോൾ‌ ഫാൻസുകാർ സ്വയം കണ്ടെത്തിയ ഒരു ബന്ധമുണ്ട്. കേരളത്തിലെ കൺസ്യൂമർഫെഡ് ഷോപ്പുകളുടെ നിറം നോക്കൂ. എന്നിട്ട് ക്രൊയേഷ്യൻ ടീമിന്റെ ജഴ്സിയുടെ നിറവും നോക്കൂ. രണ്ടും ഒന്നുതന്നെ! വെള്ള പ്രതലത്തിൽ ചുവപ്പു കളങ്ങൾ.

അർജന്റീന, ജർമനി, ബ്രസീൽ തുടങ്ങിയ വമ്പൻ ടീമുകളുടെ ഫാൻസുകാരിൽ ചിലരെങ്കിലും ഇപ്പോൾ ക്രൊയേഷ്യയുടെ ആരാധകരാണ്. അവർ കൺസ്യൂമർഫെഡ് ഷോപ്പുകൾക്കും വാഹനങ്ങൾക്കും മുന്നിലെത്തി സെൽഫിയെടുക്കുന്നു. ഫെയ്സ്ബുക്കിൽ പോസ്റ്റുന്നു. ക്രൊയേഷ്യയുടെ ദേശീയപതാകയിൽ തന്നെയുള്ള ഇൗ വെളുപ്പും ചുവപ്പും ചേർന്ന കളങ്ങളാണ് അവരുടെ ഫുട്ബോൾ ടീമിന്റെ ജഴ്സിയിലേയ്ക്കും പകർത്തിയത്. എന്നാൽ, ഒൻപതു വർഷങ്ങൾക്കു മുൻപ് കൺസ്യമർഫെഡ് ഷോപ്പുകൾക്കു ഇൗ പുതിയ നിറം വീണതിനു പിന്നിൽ ക്രൊയേഷ്യൻ ബന്ധമൊന്നുമില്ല.

ക്രൊയേഷ്യ– ഫ്രാൻസ്, റോഡ് ടു ഫൈനൽ വിഡിയോ കാണാം

2007ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടർ ആയിരുന്ന ഡോ. റിജി ജി. നായരായിരുന്നു കൺസ്യൂമർഫെഡ് ഷോപ്പുകൾക്കും വാഹനങ്ങൾക്കും പുതിയ നിറം പകർന്നത്. അതിനു പിന്നിൽ രണ്ടു കാരണങ്ങളായിരുന്നെന്നു റിജി പറയുന്നു.

‘അന്ന് കൺസ്യൂമർഫെഡ് ഷോപ്പുകൾ എന്നു പറഞ്ഞാൽ ആർക്കും അറിയില്ല. ആകെ 170 ഷോപ്പുകളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. കൺസ്യൂമർഫെഡിന്റെ ഷോപ്പുകളെയും സിവിൽ സപ്ലൈസ് ഷോപ്പുകളായിട്ടായിരുന്നു നാട്ടുകാർ കണ്ടിരുന്നത്. ആ സ്വത്വ പ്രതിസന്ധി മാറ്റാനാണ് ഷോപ്പുകൾക്കു നിറം മാറ്റിയത്. പെട്ടെന്നു ജനങ്ങളുടെ കണ്ണിൽ പതിയാൻ പറ്റിയ നിറം ചുവപ്പാണല്ലോ? എന്നാൽ ചുവപ്പു മാത്രമായാൽ അതു സിപിഎമ്മിന്റെ കൊടിയുടെ നിറമാകും. അങ്ങനെ വെള്ളയും കൂടി ചേർക്കുകയായിരുന്നു. പിന്നീട് യുഡിഎഫ് സർക്കാർ വന്നപ്പോൾ ചുവപ്പ് മാറ്റണമെന്ന നിർദേശം ചിലർ മുന്നോട്ടുവച്ചു. എന്നാൽ മന്ത്രി സി.എൻ. ബാലകൃഷ്ണൻ നിറം മാറ്റേണ്ട ആവശ്യമില്ലെന്ന നിലപാടെടുത്തു. അന്നു 170 ഷോപ്പുകളുണ്ടായിരുന്നത് ഞാൻ ഇറങ്ങുമ്പോൾ 1700 ഷോപ്പുകളായി. 141 വാഹനങ്ങളും നിരത്തിലിറക്കി’ - റിജി പറഞ്ഞു.

ഇംഗ്ലണ്ട്–ബൽജിയം ലൂസേഴ്സ് ഫൈനൽ വിഡിയോ സ്റ്റോറി കാണാം

ക്രൊയേഷ്യയുടെ പേരിൽ കൺസ്യൂമർഫെഡിന് കൂടുതൽ പ്രചാരം കിട്ടുന്നതിന്റെ സന്തോഷം ജീവനക്കാർക്കുമുണ്ട്. ഷോപ്പുകളിലെത്തി പലരും സെൽഫിയെടുക്കുന്നു. ഷോപ്പുകൾക്കു സമീപം ക്രൊയേഷ്യൻ ഫാൻസുകാർ കട്ടൗട്ടുകൾ സ്ഥാപിക്കുന്നു. ഫൈനലിൽ‌ ക്രൊയേഷ്യ ജേതാക്കളായാൽ ഇൗ സെൽഫിയെടുക്കാനെത്തുന്നവരുടെ എണ്ണവും കൂടും. പക്ഷേ, ഇൗ ക്രൊയേഷ്യ - കൺസ്യൂമർഫെഡ് ബന്ധത്തിന്റെ പേരിൽ പ്രത്യേക പ്രചാരണ പരിപാടികൾക്കൊന്നും വകുപ്പ് തയാറായിട്ടില്ല.