Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിജീവനം അഥവാ ഫുട്ബോൾ; തീയിൽ കുരുത്തതാണ് ഈ മോഡ്രിച്ച്, വെയിലത്തു വാടുമോ?

മനു പ്രമദ്
luka-modric ലൂക്കാ മോഡ്രിച്ച്

1991 ഡിസംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ തന്റെ പശുക്കളെയും കൊണ്ട് ആ വൃദ്ധന്‍ മലകയറി. എന്നത്തേയും പോലെ, പ്രതികൂല കാലാവസ്ഥ വകവെയ്ക്കാതെയുള്ള ആ മലകയറ്റം അയാളുടെ അവസാനത്തേതായിരുന്നു. ബാല്‍ക്കന്‍ യുദ്ധത്തില്‍ സെര്‍ബിയന്‍ പട ഡാല്‍മേഷ്യയിലെ ക്രൊയേഷ്യന്‍ ഗ്രാമങ്ങളില്‍ നടത്തിയ ക്രൂരമായ ആക്രമണത്തിന് ഇരയാകുകയായിരുന്നു ആ വൃദ്ധന്‍. സ്വന്തം ഗ്രാമം വിട്ട് അഭയാർഥിയായി പോകാന്‍ വിസമ്മതിച്ചതായിരുന്നു ആ ക്രൊയേഷ്യക്കാരന്റെ ജീവനെടുത്ത കുറ്റം.  

അയാളുടെ മരണം ആ കുടുംബത്തെ ഉലച്ചു; പ്രധാനമായും ഒരു ആറുവയസ്സുകാരനെ. വീടു വിട്ട് അഭയാർഥിയാകേണ്ടി വന്നതിനെക്കാള്‍ എത്രയോ മടങ്ങു വേദന അപ്പൂപ്പന്റെ വേര്‍പാട് ആ കുഞ്ഞുമനസ്സിനു നല്‍കി. കുടുംബം പോറ്റാൻ ദൂരെയുളള പട്ടണത്തില്‍ തുന്നല്‍ വേലയ്ക്കായി അച്ഛനും അമ്മയും പോയിക്കഴിഞ്ഞാല്‍ അപ്പൂപ്പനായിരുന്നു അവന് എല്ലാം. അപ്പൂപ്പനെ അളവറ്റു സ്‌നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന ആ കുഞ്ഞിന്റെയും വൃദ്ധന്റെയും പേര് ഒന്നായിരുന്നു - ലൂക്ക മോഡ്രിച്ച്. 

കലാപത്തില്‍ നാടുവിടേണ്ടി വന്ന മോഡ്രിച്ചിന്റെ കുടുംബം എത്തിച്ചേര്‍ന്നത് ഒരു അഭയാർഥിക്യാംപിലാണ്. വെളളവും വൈദ്യുതിയും ഇല്ലാതെ, ബോംബുകളുടെയും വെടിയുണ്ടകളുടെയും ശബ്ദത്തിലായിരുന്നു ബാല്യകാലം. നിലത്തു മൈനുകള്‍ ഉണ്ടോ എന്ന് പരിശോധിച്ച് ശ്രദ്ധയോടെ നടക്കേണ്ടി വന്ന ബാല്യം. ആ ക്യാംപിൽനിന്നു ജീവിതം പിന്നീടു പറിച്ചുനടപ്പെട്ടത് വൃത്തിയും വെടിപ്പുമില്ലാത്തൊരു ഹോട്ടല്‍ മുറിയിലേക്കായിരുന്നു. 

ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയില്‍ പന്തുതട്ടിക്കളിച്ച ബാല്യത്തില്‍നിന്ന് ബോസ്‌നിയന്‍ ലീഗിലേക്കും അവിടുന്ന് ഇംഗ്ലിഷ് പ്രീമിയം ലീഗിലേക്കും പിന്നെ ലാലിഗയിലേക്കും. ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറും ഒന്നാന്തരം ടീം പ്ലെയറും എതിരാളികളെ മനസ്സിലാക്കുന്ന ക്യാപ്റ്റനുമായി ലൂക്ക മോഡ്രിച്ച് വളര്‍ന്നത് വളരെപ്പെട്ടെന്നായിരുന്നു. 

ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കിപ്പുറം, ജൂലൈയിലെ മൂന്നാമത്തെ  ഞായറാഴ്ച, ക്രൊയേഷ്യക്കാരനായതുകൊണ്ടു വെടിയേറ്റു മരിച്ച ആ അപ്പൂപ്പന്റെ കൊച്ചുമകന്‍ തന്റെ രാജ്യത്തിന്റെ ആദ്യ ലോകകപ്പ് ഫൈനല്‍ കളിക്കും, ടീമിനെ മുന്നില്‍ നിന്നു നയിക്കും.

മെസിയെപ്പോലെയോ നെയ്മറെപ്പോലെയോ റോണാള്‍ഡോയെപ്പോലെയോ സ്വന്തം കളിയുടെ മനോഹാരിത കൊണ്ട് ലോകത്തെ അമ്പരപ്പിക്കുകയും ആരാധകരാക്കുകയും ചെയ്യുന്ന സൂപ്പര്‍ താരമല്ല അദ്ദേഹം. ടീമിനെ മുന്നോട്ടു നയിക്കുന്ന നേതാവാണ്; ടീമിനെ തന്നിലേക്ക് ഒതുക്കാതെ മറ്റു പത്തു പേര്‍ക്കുമായി വിഭജിച്ച് നല്‍കുന്ന നേതാവ്. തന്റെ കൂട്ടാളികളെ മികച്ച രീതിയില്‍ കളിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് മോഡ്രിച്ച് എന്ന ക്യാപ്റ്റന്റെ വിജയം.

ലളിതമായ പാസുകള്‍ നല്‍കിയും മികച്ച പൊസിഷനിലേക്കു കൂട്ടുകാരനെ എത്തിക്കാന്‍ പന്തു പിടിച്ചുവെച്ചും മറ്റുള്ളവരുടെ പിഴവിനെ സ്വന്തം മികവുകൊണ്ട് മറികടന്നും മുന്നിൽനിന്നു നയിക്കും അയാള്‍. അതുകൊണ്ടു തന്നെയാണ് മോഡ്രിച്ച് ക്രോയേഷ്യന്‍ കളിക്കാരുടെ പ്രിയ ക്യാപ്റ്റനാകുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരെയുള്ള പെനൽറ്റി കിക്ക് പാഴാക്കിയതില്‍ പഴിക്കാതെ, ‘നമുക്കുവേണ്ടി ചെയ്യാനുള്ളതെല്ലാം അദ്ദേഹം ചെയ്തു കഴിഞ്ഞു, ഇനി തിരിച്ചുകൊടുക്കാനുള്ള അവസരമാണ്’ എന്ന് ടീം ഒന്നടങ്കം പറഞ്ഞത് അതുകൊണ്ടാണ്. പെനൽറ്റി പാഴാക്കിയതിനു ശേഷമുള്ള ഷൂട്ടൗട്ടിൽ അനായാസം ഗോള്‍ വല ചലിപ്പിക്കാന്‍ മോഡ്രിച്ചിനെ സഹായിച്ചതും ആ പിന്തുണ തന്നെയായിരിക്കണം. 

ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 20 ാം റാങ്കിലുളള ഒരു ടീം ഫൈനല്‍ കളിക്കുന്നത്. ഫ്രാന്‍സ് ആദ്യമായി ലോകകപ്പ് നേടിയ വര്‍ഷം ആദ്യമായി ലോകകപ്പിനെത്തിയ, തുടര്‍ന്നുള്ള നാലു ലോകകപ്പുകളിൽ മൂന്നിലും ആദ്യ റൗണ്ടില്‍ പുറത്തായ, ഒന്നില്‍ യോഗ്യത പോലും നേടാതിരുന്ന ടീം ഫൈനലില്‍ എത്തുകയെന്നത് അതിലും അവിശ്വസനീയം. 

നാട്ടില്‍ പുകയുന്ന വിവാദങ്ങള്‍ക്കിടയില്‍ ആരാധകര്‍ക്കു തന്നോടുള്ള ഇഷ്ടക്കേട് കഴുകിക്കളയാന്‍ മോഡ്രിച്ചിന് ലഭിച്ച അവസരമാണിത്. അതിനെക്കാളുപരി ആദ്യത്തെ ഫൈനല്‍ പ്രവേശത്തിനു തടയിട്ട ഫ്രാന്‍സിനോട് ക്രോയേഷ്യയ്ക്കു മധുര പ്രതികാരം ചെയ്യാനുള്ള അവസരവും. ക്രൊയേഷ്യയുടെ ആദ്യ ലോകകപ്പിലെ ജൈത്രയാത്ര അവസാനിപ്പിച്ച ഫ്രഞ്ച് ടീമിന്റെ ക്യാപ്റ്റന്‍ ദിദിയെ ദെഷാംപ്സ് ഇന്ന് ഫ്രഞ്ച് ടീമിന്റെ പരിശീലകനാണ് എന്നത് തികച്ചും യാദൃച്ഛികം മാത്രം.

യുദ്ധവും ആഭ്യന്തരകലഹവും വീര്‍പ്പുമുട്ടിച്ച ഒരു ജനതയ്ക്ക് ലോകത്തിനു മുന്‍പില്‍ തലയുയര്‍ത്തിപ്പിടിക്കാന്‍ ഒരു ജയം കൂടി മതി. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായി ഫ്രാന്‍സ് വീണ്ടും കപ്പില്‍ മുത്തമിടും എന്ന പ്രവചനങ്ങള്‍ സത്യമായാലും ലൂക്ക മോഡ്രിച്ച്, ഈ ലോകകപ്പ് നിങ്ങളുടേതാണ്. ഒരു പരാജയത്തിനും ഇനി നിങ്ങളെ തളര്‍ത്താനാകില്ല. ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ നിങ്ങള്‍ തന്നെ.