മോസ്കോ∙ മോസ്കോ ലുഷ്നികി സ്റ്റേഡിയത്തിലെ ചരിത്ര ഫൈനലിൽ അന്തിമ വിജയം ഫ്രാൻസിനായിരിക്കാം. രണ്ടാം ലോകകിരീടവും അവർ നേടിയിരിക്കാം. എന്നാൽ, ഗാലറിയിലിരുന്നും ടെലിവിഷനിലുമായി മൽസരം കണ്ട കോടിക്കണക്കിന് ജനങ്ങളുടെ മനസ്സിൽ പച്ചകെടാതെയുണ്ട്, ക്രൊയേഷ്യൻ താരങ്ങളും അവരുടെ പോരാട്ടവീര്യവും. കളം നിറഞ്ഞു കളിച്ചിട്ടും തോൽവി വഴങ്ങേണ്ടി വരുന്ന, ഫുട്ബോളിൽ അത്രയൊന്നും അസാധാരണമല്ലാത്ത കാഴ്ചയ്ക്ക് ക്രൊയേഷ്യ ഇരകളാകുന്ന ദൃശ്യം ആരാധകരെ സങ്കടപ്പെടുത്തിയിരിക്കുമെന്ന് ഉറപ്പ്.
ചരിത്രത്തിലെ ആദ്യ ലോകകിരീടത്തിന് തൊട്ടരികെ ഇടറിവീണ ക്രൊയേഷ്യൻ ടീം കണ്ണീരണിയുമ്പോൾ, അവരെ ആശ്വസിപ്പിക്കാനായി ഒരതിഥിയെത്തി. ക്രൊയേഷ്യയുടെ ചുവപ്പും വെള്ളയും ജഴ്സിയണിഞ്ഞ 50 വയസ്സുള്ള ഒരു വനിത. ക്രൊയേഷ്യയുടെ പ്രസിഡന്റ് കോളിൻഡ ഗ്രാബർ ആയിരുന്നു അത്. കയ്യകലെ അകന്നുപോയ ലോകകിരീടത്തിന്റെ വേദനിപ്പിക്കുന്ന ഓർമയിൽ വിതുമ്പിനിന്ന ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് ഉൾപ്പെടെയുള്ളവരെ അവർ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിച്ചു. മോഡ്രിച്ചിന്റെ മിഴികളിൽനിന്ന് ഇറ്റിറ്റുവീണ കണ്ണീർതുള്ളികൾ അവർ തുടച്ചുനീക്കുന്ന കാഴ്ച, ലുഷ്നികിയിലെ സുന്ദര കാഴ്ചകളിലൊന്നുമായി!
മൽസരം നടക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ തുടങ്ങിയവർക്കൊപ്പം വിവിഐപി ഗാലറിയിലുണ്ടായിരുന്നു കോളിൻഡ. മൈതാനമധ്യത്തിൽ സ്വന്തം ടീം ഫ്രാൻസിന്റെ കരുത്തുറ്റ താരനിരയെ വെള്ളംകുടിപ്പിക്കുന്ന കാഴ്ചകണ്ട് ആവേശം കൊണ്ടു. ദൗർഭാഗ്യം കൊണ്ട് മാത്രം വഴങ്ങിയ ഗോളുകളിൽ തുടക്കത്തിൽ പിന്നിൽപ്പോയ ടീമിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.
പോരാട്ടവീര്യത്തിന്റെ മറുവാക്കായി ലുഷ്നികിയെ കയ്യിലെടുത്ത ക്രോട്ട് പടയാളികൾ മൽസരത്തിനൊടുവിൽ തോൽവിയേറ്റു വാങ്ങുമ്പോഴും പുഞ്ചിരിയോടെ നിന്നു അവർ. തൊട്ടടുത്തിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രൊയെ ആശ്ലേഷിച്ചു, ചുംബിച്ചു. മൈതാന മധ്യത്തിലും കണ്ടു അവരുടെ സ്നേഹ പ്രകടനങ്ങൾ. പുരസ്കാരദാനത്തിനിടെ അപ്രതീക്ഷിതമായെത്തിയ മഴയിൽ നനഞ്ഞുനിന്നും അവർ ഫ്രഞ്ച് താരങ്ങളെ അഭിനന്ദിച്ചു. സ്വന്തം രാജ്യക്കാരുടെ ഊഴമെത്തിയപ്പോൾ, അവരുടെ കണ്ണീർ തുടച്ചു. കോച്ച് സ്ലാട്ട്കോ ഡാലിച്ചും ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചും ഉൾപ്പെടെ ടീം അംഗങ്ങളെ കെട്ടിപ്പുണർന്ന അവർ അക്ഷരാർഥത്തിൽ ലുഷ്നികിയിലെ താരറാണിയായി.
നേരത്തെ, റഷ്യ–ക്രൊയേഷ്യ മൽസര വേദിയിലും കോളിൻഡ താരമായിരുന്നു. മൽസരശേഷം പരിശീലകനെയും താരങ്ങളെയും കെട്ടിപ്പുണർന്ന അവർ, ക്രൊയേഷ്യയിൽ വിവാദത്തിനും വഴിമരുന്നിട്ടു. അടുത്ത വർഷം ക്രൊയേഷ്യയിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഗ്രാബറിന്റെ ‘ഷോ’ ആണിതെന്നു പറഞ്ഞ് എതിർപാർട്ടികൾ പരിഹസിച്ചു. അല്ലെങ്കിലും, 1991ൽ യുഗൊസ്‌ലാവ്യയിൽനിന്നു പിരിഞ്ഞു സ്വതന്ത്രരാജ്യമായതിനുശേഷം ഫുട്ബോൾ ക്രൊയേഷ്യയെ ഒന്നിപ്പിച്ചിട്ടില്ല, ഇങ്ങനെ ഭിന്നിപ്പിച്ചിട്ടേയുള്ളൂ. എന്നിട്ടും ലോക ഫുട്ബോളിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായി ക്രൊയേഷ്യ തുടരുന്നതു വലിയ അദ്ഭുതങ്ങളിലൊന്ന്.
കോളിൻഡ സാഗ്രെബ് ലുഷ്നികി സ്റ്റേഡിയത്തിൽ – ചിത്രങ്ങൾ