മോസ്കോ∙ ആവേശം ആകാശം തൊടുന്ന അന്തരീക്ഷമായിരുന്നു ഇന്നലെ മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ. ലോകകിരീടത്തിന് അവകാശവാദം ഉന്നയിച്ച് ഫ്രാൻസും ക്രൊയേഷ്യയും പോരടിക്കുന്ന ഉജ്വല കാഴ്ച. സ്റ്റേഡിയം നിറച്ചെത്തിയ ആരാധകരുടെ മനസ്സ് നിറച്ച ഗോൾമഴയ്ക്കൊടുവിൽ, സ്റ്റേഡിയത്തിൽ ചന്നംപിന്നം മഴ പെയ്തു. പുരസ്കാരദാനം പോലും ഈ മഴപ്പെയ്ത്തിലായിരുന്നു.
പുതിയ താരോദയങ്ങൾ ഏറെക്കണ്ട ലോകകപ്പ് പോരാട്ടത്തിന് തിരശീല വീഴുമ്പോൾ, ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ കവർന്ന് ചില രാഷ്ട്രീയ താരങ്ങളും ഇന്നലെ ലുഷ്നികി സ്റ്റേഡിയത്തിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ തുടങ്ങിയവർ.
ആവേശപ്പോരാട്ടത്തിനൊടുവിൽ ഫ്രഞ്ച് ടീം ജയിച്ചുകയറുമ്പോൾ വിവിഐപി ഗാലറിയിൽനിന്ന് അലറുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. വിജയത്തിനുശേഷം ഫ്രഞ്ച് ഡ്രസിങ് റൂമിലെത്തി കളിക്കാർക്കൊപ്പം അദ്ദേഹം ആഹ്ലാദം പങ്കുവച്ചു. മാത്രമല്ല, ടീമിന്റെ ഡിഫൻഡർ ബെഞ്ചമിൻ മെൻഡി, മിഡ്ഫീൽഡർ പോൾ പോഗ്ബ എന്നിവർക്കൊപ്പം ‘ഡാബ് ഡാൻസി’നും ശ്രമം നടത്തി അദ്ദേഹം. ഈ വിഡിയോയും ട്വിറ്ററിൽ വൈറലാണ്. പഠനകാലത്ത് യൂണിവേഴ്സിറ്റി ടീമിൽ അംഗമായിരുന്നു മക്രോ. ലെഫ്റ്റ് ബാക്കായിരുന്നു ഇഷ്ട പൊസിഷൻ.
മൽസരത്തിനൊടുവിൽ മൈതാനത്ത് പുരസ്കാര ദാനം നടക്കുമ്പോഴും താരമായത് മാക്രോ തന്നെ. അതേസമയം, ടീം തോറ്റെങ്കിലും ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് ഉൾപ്പെടെയുള്ളവരുടെ കണ്ണീർ തുടച്ച് ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബറും ശ്രദ്ധ നേടി. പരിശീലകൻ സ്‌ലാട്കോ ഡാലിച്ച് ഉൾപ്പെടെയുള്ളവരെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കുന്ന ഗ്രാബർ, മഴപ്പെയ്ത്തിലെ സാന്ത്വനക്കാഴ്ചയുമായി.
മൽസരശേഷം മക്കൾക്കൊപ്പം ഡ്രസിങ് റൂമിലിരുന്ന ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ചിനെയും സംഘത്തെയും ആശ്വസിപ്പിക്കാൻ ഫ്രഞ്ച് പ്രസിഡന്റുമെത്തി. മോഡ്രിച്ചിന്റെ മക്കളുടെ ദേഹത്തുതട്ടി ആശ്വസിപ്പിച്ച അദ്ദേഹം, പൊരുതിത്തോറ്റ ക്രൊയേഷ്യൻ താരങ്ങളെ അഭിനന്ദിച്ചാണ് മടങ്ങിയത്.