ഈ ഫ്രാൻസിനെ ലോകത്തിനു പരിചയമില്ല. 2006ൽ ഇറ്റലിക്കാരൻ മാർക്കോ മറ്റെരാസിയെ ഇടിച്ചിട്ട സിനദിൻ സിദാന്റെ ടീമിനോ കഴിഞ്ഞ വർഷം യൂറോകപ്പ് ഫൈനലിൽ പോർച്ചുഗലിനോടു തോറ്റ ടീമിനോ ഈ കളി വശമുണ്ടാകില്ല. കാരണം, ഈ തോൽവികളുടെയൊക്കെ ചിതയിൽനിന്ന് ചിറകടിച്ചുയർന്ന ഫീനിക്സ് പക്ഷിയാണ് ഇപ്പോഴത്തെ ഫ്രാൻസ്. തോൽവിയിൽ, വിജയത്തിലേക്കുള്ള വഴിയടയാളങ്ങളുണ്ടെങ്കിൽ, അതു ദിദിയെ ദെഷാം പരിശീലിപ്പിച്ച ഈ ടീമിന്റെ ഓരോ കാലടിയിലുമുണ്ട്, തീർച്ച!
ഈ ഫ്രാൻസ് ടീം നെഗറ്റീവ് ഫുട്ബോളിന്റെ പ്രചാരകരല്ല. പക്ഷേ, സെമിയിൽ ബൽജിയത്തിനെതിരെ ഒരുഗോളടിച്ച ശേഷം അവർ സമ്പൂർണ പ്രതിരോധത്തിലേക്കു വലിഞ്ഞു. മുന്നേറ്റത്തിലെ കാലാൾപ്പട പോലും പ്രതിരോധത്തിൽ കോട്ടകെട്ടി. ജിറൂദും ഗ്രീസ്മെനും സ്വന്തം ബോക്സിനുള്ളിൽ എതിരാളികളെ ടാക്കിൾ ചെയ്തു. ഇതെന്തു കളിയെന്ന് അമ്പരന്ന ലോകത്തോടും, പ്രതിഷേധിച്ച ബൽജിയം കളിക്കാരോടും അവർ പറയാതെ പറഞ്ഞു: ഇതാണു ഫ്രാൻസ്!
ക്രൊയേഷ്യയെപ്പോലെ ലോകകപ്പിലെ എല്ലാ കളിയും ജയിച്ചല്ല ഫ്രാൻസ് ഫൈനലിനു വന്നത്. ഗ്രൂപ്പ്റൗണ്ടിൽ അവർ ഡെന്മാർക്കിനോട് സമനില മതിയെന്നു വച്ചു. ആ കളി കണ്ടവർക്കറിയാം, ഫ്രാൻസ് ഉഴപ്പിക്കളിച്ചത്. കാരണമൊന്നേയുള്ളൂ, അന്നു ജയിക്കേണ്ടതു ഫ്രാൻസിന്റെ ആവശ്യമായിരുന്നില്ല. പാസ് മാർക്ക് മാത്രം മതിയെന്നിരിക്കെ, ഉറക്കമിളച്ചിരുന്ന പഠിക്കേണ്ട കാര്യമില്ലെന്നു കരുതുന്ന മിടുക്കനായ കുട്ടിയുടെ അതേ മനസ്ഥിതിയാണു ഫ്രാൻസിന്റേത്. ദിദിയെ ദെഷാമിന്റെ കുട്ടികൾക്കു കളി ജയിച്ചാൽ മതി. അവർ കളിച്ചതു ഗാലറിക്കു വേണ്ടിയല്ല, കപ്പിനുവേണ്ടി മാത്രമാണ്.
സംശയമുണ്ടെങ്കിൽ ഇതുകൂടി ശ്രദ്ധിക്കുക. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലേക്ക് അടുത്ത കാലത്ത് റെക്കോർഡ് ട്രാൻസ്ഫർ ഡീലിൽ കളിക്കാനെത്തിയ പോൾ പോഗ്ബ കളിച്ചത് എവിടെയാണ്? മധ്യനിരയിൽ, അതും ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിനോടു സാമ്യമുള്ള ഉത്തരവാദിത്തത്തിൽ! പോഗ്ബയ്ക്കു ഗോളടിക്കാൻ അറിയാഞ്ഞിട്ടല്ല, വേഗമില്ലാഞ്ഞിട്ടുമല്ല. ദെഷാം വരച്ച വരയിൽ പോഗ്ബയ്ക്ക് അവിടെയായിരുന്ന സ്ഥാനം. അർജന്റീനയ്ക്കെതിരെ ആടിത്തിമർത്ത കിലിയൻ എംബപെ എന്ന പത്തൊമ്പതുകാരനെ പിന്നീടുള്ള കളിയിൽ തിളങ്ങിക്കണ്ടില്ല, കാരണമെന്താവും? എംബപെയ്ക്ക് ശേഷിച്ച കളികളിൽ ദെഷാം നൽകിയത് പന്തു ഫീഡ് ചെയ്യുന്ന റോൾ മാത്രം.
തുടർച്ചയായി കളികളിൽ നിറം മങ്ങിയിട്ടും ഒളിവർ ജിറൂദ് ഫസ്റ്റ് ഇലവനിലിറങ്ങിയത് ഫ്രഞ്ച് ബെഞ്ചിൽ ആളില്ലാഞ്ഞിട്ടല്ല. ദെഷാമിന് മുന്നേറ്റത്തിൽ അങ്ങനെയൊരാൾ വേണം.
വരാനും ഉംറ്റിറ്റിയ്ക്കും പവാർദിനുമൊക്കെ എതിരാളികളുടെ കണ്ണുവെട്ടിച്ച് ഗോളിലേക്കു കടന്നുകയറാൻ അങ്ങനെയൊരു മറ അനിവാര്യമായിരുന്നു! ഉംറ്റിറ്റി ഗോളടിച്ചു മടങ്ങിയ നേരത്ത് ആ തിരുനെറ്റിയിൽ ഉമ്മ വയ്ക്കുന്ന ജിറൂദിന്റെ ചിത്രം ഓർമയില്ലേ?!
അതെ, ഇതാണു ഫ്രാൻസ്! ആധുനിക ഫുട്ബോളിന്റെ പ്രവാചകർ. 1998ൽ ലോകകപ്പ് നേടിയ ഫ്രാൻസല്ല ഇത്. സിദാൻ എന്ന മിഡ്ഫീൽഡ് ജനറൽ വീതം വച്ചു നൽകിയ പന്തുകളുമായി പോയി ഗോളടിച്ചു മടങ്ങിയ ഫ്രാൻസുമല്ല.
തിയറി ഒൻറി എന്ന ഇരുകാലൻ സ്ട്രൈക്കറുടെ ചിറകിലേറിക്കളിച്ച പഴയ ഫ്രാൻസിനും ഇവരുമായി സാമ്യമില്ല. ഈ ഫ്രാൻസ് എന്നാൽ ഗോളി ഹ്യൂഗോ ലോറിസ് മുതൽ ദെഷാം വരെ എല്ലാവരുമാണ്.