‘അന്യഗ്രഹത്തിൽ നിന്നു വന്നവൻ’– മെസ്സിയെയും ക്രിസ്റ്റ്യാനോയെയും കുറിച്ച് എല്ലാവരും പുകഴ്ത്തി തുടങ്ങുന്ന വിശേഷണം ലൂക്ക മോഡ്രിച്ചിനു ചേരില്ല. മോഡ്രിച്ച് ഭൂമിയുടെ ഫുട്ബോളറാണ്. മെസ്സിയോടുള്ള താരാരാധന പോലെയോ റൊണാൾഡോയോടുള്ള വീരാരാധന പോലെയോ മോഡ്രിച്ചിന്റെ കളി കണ്ടു നിൽക്കാനാവില്ല. കളി കഴിയുമ്പോൾ മോഡ്രിച്ചിന്റെ നെറ്റിയിൽ പൊടിയുന്ന വിയർപ്പു തുള്ളികൾ കാണുന്നവരുടേതു കൂടിയാണ്. കവിതയോ കരുത്തോ അല്ലത്; കഠിനാധ്വാനമാണ്.
ലൂക്ക മോഡ്രിച്ച് എന്ന പേര് ചരിത്രത്തിൽ സേർച്ച് ചെയ്തു നോക്കൂ. അതിന്റെ ദിശാസൂചി കിഴക്കൻ യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യയുടെ പടിഞ്ഞാറേ അറ്റത്ത് അഡ്രിയാറ്റിക് കടലിന്റെ തീരത്തുള്ള സദർ എന്ന പട്ടണത്തിൽ ചെന്നു നിൽക്കും. അവിടെ രണ്ട് ലൂക്ക മോഡ്രിച്ചുമാരുണ്ടായിരുന്നു. ഒരാൾ വർഷങ്ങൾ മുൻപ് സെർബിയൻ വിമതരാൽ കൊല ചെയ്യപ്പെട്ട മുത്തച്ഛൻ ലൂക്ക മോഡ്രിച്ച്. മറ്റൊന്ന് ഇന്നലെ മോഷ്കോ ലുഷ്നികിയിൽ ക്രൊയേഷ്യയെ നയിച്ച കൊച്ചു മകൻ ലൂക്ക മോഡ്രിച്ച്.
മോഡ്രിച്ച് കുടുംബ പുരാണം ക്രൊയേഷ്യയുടെ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1991ൽ ക്രൊയേഷ്യൻ സ്വാതന്ത്ര സമരം കൊടുമ്പിരിക്കൊണ്ട കാലത്താണ് മോഡ്രിച്ചിന്റെ മുത്തച്ഛനും ആറു കൂട്ടുകാരും ജെസെനിസെ ഗ്രാമത്തിൽ കൊല്ലപ്പെടുന്നത്. വീട് കൂടി അഗ്നിക്കിരയായതോടെ മോഡ്രിച്ച് കുടുംബം പലായനം ചെയ്തു. എയ്റോമെക്കാനിക് ആയിരുന്ന മോഡ്രിച്ചിന്റെ അച്ഛൻ പട്ടാളത്തിൽ ചേർന്നു. വർഷങ്ങളോളം ഹോട്ടലുകളിലായിരുന്നു മോഡ്രിച്ചിന്റെയും കുടുബത്തിന്റെയും താമസം.
ഹോട്ടലിലെ പാർക്കിങ് സ്പേസുകളിൽ നിന്ന് റയൽ മഡ്രിഡിന്റെ സാന്തിയാഗോ ബെർണബ്യൂവിലേക്കുള്ള മോഡ്രിച്ചിന്റെ യാത്രയും ഒരു പലായനം പോലെയായിരുന്നു. സദറിൽ നിന്നു വന്ന കാറ്റടിച്ചാൽ വീണു പോകുന്ന പയ്യന് ക്രൊയേഷ്യയിലെ മികച്ച ക്ലബുകളിൽ ഒന്നായ ഹാദുക് സ്പ്ലിറ്റ് ഇടം നൽകിയില്ല. എന്നാൽ പിന്നീട് ചിരവൈരികളായ ഡൈനമോ സാഗ്രെബ് വഴി മോഡ്രിച്ച് ടോട്ടനം ഹോട്സ്പറിലെത്തി. നോർത്ത് ലണ്ടൻ ക്ലബിൽ നിന്ന് 2012ൽ റയൽ മഡ്രിഡിലെത്തിയതോടെ ‘ആധുനിക മോഡ്രിച്ച് യുഗം’ തുടങ്ങുന്നു. സ്പാനിഷ് ക്ലബിനൊപ്പം മൂന്നു ചാംച്യൻസ് ലീഗ് കിരീടങ്ങൾ. ‘റൊണാൾഡോ യുഗ’വുമായി ചേർന്നു പോയതിനാൽ അതാരും ശ്രദ്ധിച്ചില്ല എന്നു മാത്രം.
ലോകകപ്പ് ഫ്രാൻസ്–ക്രൊയേഷ്യ ഫൈനൽ മൽസരം വിഡിയോ സ്റ്റോറി കാണാം
ക്രൊയേഷ്യൻ ഫുട്ബോൾ ടീം പക്ഷേ മോഡ്രിച്ചിനു നൽകിയത് മറ്റൊരു വ്യക്തിത്വമാണ്. മൈതാനത്ത് ചടുലമായി കളിക്കുമെങ്കിലും അതിനപ്പുറം എപ്പോഴും ഉത്തരങ്ങൾ തെറ്റുമോ എന്ന സഭാകമ്പത്തോടെ സംസാരിക്കുന്ന മോഡ്രിച്ചിന് അവർ അമരക്കാരന്റെ സ്ഥാനം നൽകി. മോഡ്രിച്ച് കളിയിൽ ടീമിനു നൽകുന്നതിന് അതു പോലെ അവർ തിരിച്ചു നൽകി. അദ്ദേഹം വീണു പോയപ്പോൾ അവർ പിടിച്ചെഴുന്നേൽപ്പിച്ചു. എന്തൊരു ടീം, എന്തൊരു ക്യാപ്റ്റൻ!
ക്രൊയേഷ്യയെ മാർക്ക് ചെയ്തു നിൽക്കുന്ന യുദ്ധചരിത്രം പോലെ അവിടുത്തെ രാഷ്ട്രീയ ടാക്കിളുകളിൽ പെട്ടു പോയവനാണ് മോഡ്രിച്ചും. ക്രൊയേഷ്യൻ ഫുട്ബോളിലെ ഏകാധിപതിയായ സ്രാവ്കോ മാമിച്ചിനു വേണ്ടി കള്ളം പറഞ്ഞു എന്നതാണ് മോഡ്രിച്ചിനെതിരെയുള്ള കുറ്റം. ലോകകപ്പ് കഴിഞ്ഞാൽ കോടതി നടപടികൾക്കു വിധേയനാവേണ്ടതായിരുന്നു മോഡ്രിച്ച്. എന്നാൽ വിചാരണയ്ക്കു പകരം വിജയാഘോഷങ്ങൾക്കു നടുവിലേക്കായിരിക്കും ഇനി മോഡ്രിച്ചിന്റെ വരവ്.
ലോക ഫുട്ബോൾ പുതിയൊരു ശ്വാസം ആഗ്രഹിക്കുന്ന ഘട്ടത്തിലാണ് മോഡ്രിച്ചിന്റെ ഈ വരവ്. ലോകകപ്പിൽ നിന്ന് റൊണാൾഡോയും മെസ്സിയും നിഷ്കാസിതരാവുന്നു. റൊണാൾഡോ റയൽ മഡ്രിഡ് വിടുന്നു. മെസ്സിയെയോ റൊണാൾഡോയെയോ പോലെ താരപ്രഭയിലേക്ക് മോഡ്രിച്ച് വരില്ലായിരിക്കാം. പക്ഷേ, ഫുട്ബോളിനെ ഒറ്റ ടച്ചിൽ ഭൂമിയിലേക്കെടുത്ത ഫുട്ബോളർ ആണ് ഈ മുപ്പത്തിരണ്ടുകാരൻ. ഭൂമിയുടെ ഫുട്ബോളർ!