ഭാഗ്യം എന്നതിനെക്കാൾ വലിയ തന്ത്രമില്ല. പ്ലാൻ ചെയ്തു കിട്ടാത്തതു കൊണ്ട് അതിനു കാത്തിരിക്കാനും വയ്യ. പക്ഷേ ഫ്രാൻസിനും ക്രൊയേഷ്യയ്ക്കും അതു കിട്ടി. അവസാനം തുലാസിൽ വച്ചു നോക്കിയപ്പോൾ ഫ്രാൻസിന്റെ തട്ട് അൽപം താണു നിന്നു. കൃത്യമായ പ്ലാനിങിൽ ഫ്രാൻസ് മുന്നിൽ നിൽക്കുമെന്ന് ഫൈനലിനു മുൻപേ വിലയിരുത്തപ്പെട്ട കാര്യം.
അതിനെ ആവേശം കൊണ്ട് ക്രൊയേഷ്യ മറികടക്കാമെന്നത് പ്രതീക്ഷിച്ച കാര്യം. ഫ്രാൻസിന്റെ പ്ലാനിങ് തെറ്റിയിട്ടും ക്രൊയേഷ്യയുടെ ആവേശത്തിന് കുറവില്ലാഞ്ഞിട്ടും ഫ്രഞ്ചുകാർ ജയിച്ചു കയറിയതിന് ഭാഗ്യത്തിനൊപ്പം മറ്റൊരു കാരണവുമുണ്ട്. കളിക്കാരുടെ വ്യക്തിഗത മികവ്. പോൾ പോഗ്ബയുടെയും കിലിയൻ എംബപെയുടെയും ഗോളുകൾ സ്വന്തം മുദ്ര ചാർത്തിയതായിരുന്നു. ഗ്രീസ്മാന്റെ സെറ്റ് പീസുകൾ അതിനെക്കാളേറെ അപകടകരവും.
തങ്ങളുടെ വിപരീത ശൈലികൾ പ്രദർശിപ്പിച്ചു കൊണ്ടു തന്നെയാണ് ഇരുടീമുകളും തുടങ്ങിയത്. ഫ്രാൻസ് ബൽജിയത്തിനെതിരെയുള്ള അതേ തന്ത്രം തന്നെ പുറത്തെടുത്തു. കാത്തിരുന്ന് എതിരാളികളെ പഠിച്ചിട്ടു മതി കളി എന്ന മനോഭാവം. തുടക്കത്തിൽ എംബപെ വരെ ഗോൾലൈനിനരികെ വന്ന് പന്ത് ക്ലിയർ ചെയ്തതിൽ മറ്റൊരു കാരണം കൂടിയുണ്ടായിരിക്കാം.
എല്ലായ്പ്പോഴും ക്രൊയേഷ്യൻ ഡിഫൻഡർമാർക്കിടയിൽ ചെന്നു നിന്ന് അവർക്കൊരു പൊസിഷനിങ് ഉണ്ടാക്കിക്കൊടുക്കേണ്ട എന്നതിനാൽ. ക്രൊയേഷ്യ തുടക്കം തൊട്ടേ ആക്രമിച്ചു കയറിയതോടെ തൽക്കാലം ഇതുതന്നെ നല്ലത് എന്ന രീതിയിൽ ഫ്രാൻസ് കളിക്കാർ ഉറച്ചു നിന്നു.
ലോകകപ്പ് ഫ്രാൻസ്–ക്രൊയേഷ്യ ഫൈനൽ മൽസരം വിഡിയോ സ്റ്റോറി കാണാം
പക്ഷേ ഇത്തവണയും ദെഷാം പ്രതീക്ഷിച്ച രീതിയിലായില്ല ഗോൾ വന്നത്. ഗ്രീസ്മാന്റെ ഹെഡർ സുബാസിച്ച് ടിപ്പ് ചെയ്തേനെ. പക്ഷേ ആൾക്കൂട്ട സമ്മർദ്ദത്തിൽ മാൻസൂക്കിച്ചിന്റേത് വെറുമൊരു ജംപ് മാത്രമായി. സ്വന്തം ഗോൾമുഖത്ത് അതെത്ര അപടകരമായിപ്പോയി.
എന്നിട്ടും ഫ്രാൻസ് ബൽജിയത്തിനെതിരെ പോലെ കളിയിൽ കാലുറപ്പിച്ചില്ല എന്നതിനു തെളിവായിരുന്നു പെരിസിച്ചിന്റെ ഗോൾ. ക്രൊയേഷ്യയുടെ ആസൂത്രണമില്ലായ്മയ്ക്കു കിട്ടിയ ശിക്ഷയാണ് രണ്ടാം ഗോൾ എന്നു പറയാം. രണ്ടാം പകുതി എംബപെയുടേതായിരുന്നു.
എംബപെയുടെ ഓട്ടങ്ങൾ എല്ലായ്പ്പോഴും ക്രൊയേഷ്യൻ ഡിഫൻഡർമാരെ വലച്ചെങ്കിലും അതു ഫലം കണ്ടത് അതു മുതൽക്കാണെന്നു പറയാം.