പാരിസിലെ നഗരപ്രാന്ത പ്രദേശമായ ബാൻല്യൂകളിൽ 2005ൽ ഉയർന്ന ബാനറുകളിൽ രണ്ടു പേരുകളുണ്ടായിരുന്നു– സെയ്ദ് ബെന്ന, ബോണ ട്രവോർ. പോലീസിനെ കണ്ട് പേടിച്ചോടി ഒരു വൈദ്യുത സ്റ്റേഷനിൽ കയറിയൊളിച്ചതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച രണ്ട് കൗമാരക്കാർ. ആ സംഭവത്തുടർന്ന് പാരിസ് സാക്ഷിയായത് നാലു പതിറ്റാണ്ടിനിടെ ഏറ്റവും രൂക്ഷമായ കലാപത്തിന്. ഇപ്പോൾ അതൊരു വസന്തത്തിനു വഴി മാറിയിരിക്കുന്നു. ഇപ്പോൾ ബാൻല്യൂകളിലെ ബാനറുകളിൽ ഒരു പേരേയുള്ളൂ– കിലിയൻ എംബപെ!
കലാപവും സമാധാനവും വേനലും മഴയും പോലെ മാറിവരുന്ന ബാൻല്യൂകളിലൊന്നായ ബോണ്ടിയിൽ വിരിഞ്ഞ പൂവാകുന്നു എംബപ്പെ. ബ്രസീലിലെ ഫവേലകൾ പോലെ ഇപ്പോൾ ‘ലോക ഫുട്ബോളിന്റെ ടാലന്റ് പൂളുകളാണ് ബോണ്ടി ഉൾപ്പെടെയുള്ള പാരിസ് ബാൻല്യൂകൾ. പാരിസിൽ കൗമാരക്കാരുടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള, അതേ സമയം ഏറ്റവും ദരിദ്രവുമായ പ്രദേശങ്ങൾ.
പോഗ്ബയും കാന്റെയുമെല്ലാം പന്തു തട്ടി വളർന്നത് ഈ തെരുവുകളിലാണ്. ജന്മം കൊണ്ടുള്ള ദാരിദ്രത്തെ കർമം കൊണ്ടുള്ള സമ്പന്നതയായി അവർ മാറ്റിയതിവിടെയാണ്. ട്രാൻസ്ഫർ ഫീ കണക്കിൽ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോളറായിരുന്നു പോഗ്ബ ഒരിക്കൽ. എംബപെ അങ്ങോട്ടുള്ള യാത്രയിലും...
പക്ഷേ എംബപെ ജന്മം കൊണ്ടും ഭാഗ്യവാനായിരുന്നു; ബോണ്ടിയിൽ ജനിച്ചതിലും ഫുട്ബോളിന്റെ ജനിതകം കിട്ടിയതിലും. ഒട്ടേറെ ഫുട്ബോൾ അക്കാദമികളും ക്ലബുകളും ഉള്ള പ്രദേശമായിരുന്നു ബോണ്ടി. കാമറൂൺ വംശജനായ എംബപെയുടെ പിതാവ് ഫുട്ബോൾ പരിശീലകനും അൽജീരിയൻ വംശജയായ അമ്മ ഹാൻഡ്ബോൾ താരവുമായിരുന്നു. പ്രാദേശിക ക്ലബായ ബോണ്ടിയിലൂടെയാണ് എംബപെ വളർന്നതും.
എന്നാൽ ലോക ഫുട്ബോളിലെ പലതാരങ്ങളെയും പോലെ കാത്തിരിപ്പു വേണ്ടി വന്നില്ല എംബപെയ്ക്ക്. റയൽ മഡ്രിഡും ബയൺ മ്യൂണിക്കും അടക്കമുള്ള ക്ലബുകൾ സ്കൂൾ പ്രായത്തിൽ തന്നെ എംബപ്പെയിൽ താൽപര്യം പ്രകടിപ്പിച്ചു. ലണ്ടനിൽ പോയി ഒരിക്കൽ ചെൽസി യൂത്ത് ടീമിനു വേണ്ടി മൽസരം കളിക്കുകയും ചെയ്തു.
വിദേശ ക്ലബുകളുമായി കരാർ ഒപ്പിടാനുള്ള നിയമതടസ്സങ്ങൾ മൂലം എംബപെ വന്നു പെട്ടത് ഫ്രഞ്ച് ക്ലബായ എഎസ് മൊണാക്കോയിൽ തന്നെയാണ്. അത് മൊണാക്കോയ്ക്കു ഭാഗ്യമായി. സീനിയർ ടീമിനു വേണ്ടി അരങ്ങേറിയ സീസണിൽ തന്നെ എംബപെ ക്ലബിനെ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെത്തിച്ചു. മൊണാക്കോയ്ക്കു വേണ്ടിയുള്ള ഉജ്വല ഫോം എംബപെയെ എത്തിച്ചത് ഫ്രഞ്ച് ലീഗിലെ ഒന്നാം നമ്പർ ക്ലബായ പിഎസ്ജിയിൽ. ലോകകപ്പിനു ശേഷം എംബപെയുടെ ഇടം എവിടെയായിരിക്കുമെന്നത് ലോകം കാത്തിരിക്കുന്ന കാര്യം.
മൊണാക്കോയ്ക്കു വേണ്ടി ആദ്യ ഗോളടിച്ചപ്പോൾ മുൻ ഫ്രഞ്ച് താരം തിയറി ഒന്റിയുടെ ക്ലബിനു വേണ്ടി ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് എംബപെ തകർത്തത്. ലോകകപ്പിൽ അർജന്റീനയ്ക്കെതിരെ രണ്ടു ഗോളടിച്ചപ്പോൾ പെലെയ്ക്കു ശേഷം ആ നേട്ടത്തിലെത്തുന്ന ടീനേജർ എന്ന റെക്കോർഡും സ്വന്തമായി. ഇനി ആരുടെയൊക്കെ സിംഹാസനങ്ങളാകും ലോക ഫുട്ബോളിൽ ഈ മിന്നും താരം തകർക്കുക..?