ക്രൊയേഷ്യാ മനസ്സിൽ ചാർത്തിയ ആ മുത്തങ്ങളുണ്ടല്ലോ; അതുമതി...

ഗോൾഡൻ ബോൾ പുരസ്കാര ജേതാവ് ലൂക്കാ മോഡ്രിച്ചിനെ അഭിനന്ദിക്കുന്ന ക്രൊയേഷ്യൻ പ്രസിഡന്റ് കോലിന്ദ ഗ്രാബർ കിറ്റാറോവിച്ച്.

ഇടതുകാലിൽ പന്തെടുത്ത്, ഇടതു ബൂട്ടിന്റെ തന്നെ മുനകൊണ്ടു പന്തിനെ ഗോളിലേക്കു പറഞ്ഞയച്ചപ്പോൾ ഡാവോർ സൂകർ ഫ്രാൻസിന്റെ പെനൽറ്റി ബോക്സിൽ ആയിരുന്നു. ഫ്രാൻസ് എന്ന രാജ്യത്തിന്റെ ഫുട്ബോൾ സ്വപ്നങ്ങളുടെ നടുമുറ്റത്തായിരുന്നു. അത് 1998 ലോകകപ്പ് സെമിഫൈനൽ. ക്രൊയേഷ്യ എന്ന രാഷ്ട്രം യുഗോസ്‌ലാവ്യയിൽ നിന്നു ജന്മമെടുത്തിട്ടു വെറും ഏഴുവർഷം മാത്രം. ചുമ്മാ രണ്ടാം ക്ലാസിലെ പയ്യൻസിന്റെ ഭാവം. കളി പക്ഷേ, വേറേ ആയിരുന്നു. കാരണം, യുഗൊസ്‌ലാവിയയ്ക്കുണ്ടായിരുന്നു വലിയ ഫുട്ബോൾ പാരമ്പര്യം. 

സൂകറിന്റെ ഗോൾ, തുടർന്നുള്ള നിമിഷങ്ങൾ, ലിലിയൻ തുറാം എന്ന കറുത്ത വർഗക്കാരൻ സമനില ഗോൾ നേടുന്നതുവരെ, ഫ്രാൻസിന്റെ നെഞ്ചിലിരുന്നു വിങ്ങുകയായിരുന്നു. ഫ്രാൻസ് 2–1നു ജയിച്ചു. പക്ഷേ, 1998 ലോകകപ്പിന്റെ വിസ്മയച്ചെപ്പു തുറന്നതു ക്രൊയേഷ്യ ആയിരുന്നു. അന്നു കളി നേരിൽ കണ്ടതും മനോരമയ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്തതും ഇന്നലെ എന്നതുപോലെ മനസ്സിലുണ്ട്. നീലക്കുപ്പായത്തിൽ‍ ഫ്രഞ്ചുപട. ചുവപ്പും വെള്ളയും ചതുരങ്ങൾ ചെസ് കളത്തിലെന്നതുപോലെ കണ്ണികൾ തീർത്ത മനോഹരമായ കുപ്പായത്തിൽ ലോകകപ്പിലെ നവാഗതരായ ക്രൊയേഷ്യ. ഇന്നത്തേതിലും അൽപം അയഞ്ഞതെന്നു തോന്നിക്കുന്ന കുപ്പായങ്ങളായിരുന്നു 20 വർഷം മുൻപത്തെ ആ ലോകകപ്പിൽ എല്ലാ ടീമുകളും അണിഞ്ഞത്. 

 1996ൽ അവർ യൂറോ കപ്പിൽ ജർമനിക്കെതിരെ ക്വാർട്ടർ ഫൈനലിൽ പൊരുതി തോൽക്കുകയായിരുന്നു. ‌രണ്ടു വർഷത്തിനുശേഷം ഫ്രാൻസിൽ എത്തിയപ്പോൾ അവരുടെ മനോഹരമായ ഫുട്ബോൾ കണ്ടു ലോകം നോക്കിനിന്നു. പ്രതിഭകളായിരുന്നു ടീമിൽ. 

മലയാളികൾ ബോബൻ എന്നു വിളിക്കുന്ന സ്വോനിമിർ ബൊബാൻ, റയൽ മഡ്രിഡ് സ്ട്രൈക്കർ ആയിരുന്ന സൂകർ, റോബർട്ട് പ്രോസിനെക്കി എന്ന ബുദ്ധിശാലിയായ മധ്യനിരക്കാരൻ... യുഗോസ്‌ലാവിയയിൽ നിന്നു സ്വാതന്ത്ര്യത്തിനായി പോരാടിയ മിറോസ്‌ലാവ് ബ്ലാസെവിച് എന്ന കോച്ച്. 

അദ്ദേഹം ടീമിലേക്കു  ദേശീയ ബോധത്തിന്റെ തിരമാല കൊണ്ടുവന്നു. അർജന്റീനയോട് ആദ്യറൗണ്ടിൽ തോറ്റെങ്കിലും പിന്നീടു ക്രൊയേഷ്യ ശക്തമായി തിരിച്ചുവന്നു. ക്വാർട്ടർ ഫൈനലിൽ അവർ ജർമനിയെ 3–0നു കശാപ്പു ചെയ്തു. യൂറോ കപ്പിലെ പരാജയത്തിന്റെ പ്രതികാരം. അങ്ങനെ സെമിഫൈനലിലേക്ക്. അവിടെ  ആതിഥേയരായ ഫ്രാൻസ്. 

രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റിൽ ആയിരുന്നു എന്നാണ് ഓർമിക്കുന്നത്, സൂകറിന്റെ ഗോൾ. കഴിഞ്ഞ ദിവസത്തേതുപോലെ അന്ന് അതിനുശേഷം ഫ്രാൻസ് ഗോളുകൾ അടിച്ചു നിറച്ചു. പിന്നാലെ ഫ്രാൻസ് കപ്പടിക്കുകയും ചെയ്തു. 

ലോകകപ്പ് ഫൈനൽ എന്ന വമ്പൻ വേദിയിൽ ക്രൊയേഷ്യയ്ക്കു കാലിടറിയപ്പോൾ ആ ടീമിനെ ആരാധിച്ച ലക്ഷക്കണക്കിനു മലയാളികളുടെ മനസ്സിടിഞ്ഞു. 1998ലെ സെമിയിൽ ഇത്രയും നഷ്ടബോധം ഉണ്ടായിരുന്നില്ല. ഇത്തവണ ഏറെ മോഹിപ്പിച്ചുകളഞ്ഞു സൂകറിന്റെ പയ്യൻമാർ. ‘

ക്രൊവാത്തിയ...’ ‘ക്രൊവാത്തിയ...’ എന്ന് ആർത്തുവിളിച്ച റഷ്യക്കാരും മലയാളികളും മനസ്സുകൊണ്ടു കൈകോർത്തു പിടിക്കുകയാണിവിടെ. തോറ്റെങ്കിലും ക്രൊയേഷ്യ മനസ്സുകൾ കീഴടക്കിയാണു മടങ്ങുന്നത്. ഇപ്പോൾ ഇവിടെ മോസ്കോയിൽ എല്ലാവരും മനസ്സുകൊണ്ടു ക്രൊയേഷ്യക്കാരാണ്. തോൽവി ആ വികാരത്തെ അവസാന വിസിലിനുശേഷവും ഉറപ്പിക്കുന്നു. 

ക്രൊയേഷ്യ ഒരുപക്ഷേ, ഹോളണ്ടിന്റെ പാതയിൽ ആണെന്നു തോന്നുന്നു. കപ്പടിക്കാൻ ഭാഗ്യമില്ല. പക്ഷേ, മനസ്സിൽ ചാർത്തിയ ആ മുത്തങ്ങളുണ്ടല്ലോ... അതുമതി...