ഫ്രാൻസ് എല്ലാ മേഖലകളിലും കരുത്തർ; ക്രൊയേഷ്യയെ അഭിനന്ദിക്കാതെ വയ്യ: മറഡോണ

ക്രൊയേഷ്യൻ ഫുട്ബോൾ ടീമിനെ സ്വീകരിക്കാൻ രാജ്യതലസ്ഥാനമായ സഗ്രേബിൽ എത്തിയവർ. രാജ്യചരിത്രത്തിലെ വലിയ ആഘോഷങ്ങളിലൊന്നായി ഇതുമാറി.

നൂറുശതമാനം ശുഭാപ്തിവിശ്വാസക്കാരായ കളിപ്രേമികൾ പോലും ഇതു പ്രതീക്ഷിച്ചുകാണില്ല; ഫൈനലിൽ ആറു ഗോളുകൾ! ആധുനിക ഫുട്ബോളിൽ, ഫൈനൽ പോലെ പ്രധാനപ്പെട്ട ഒരു മൽസരത്തിൽ ഇത്രയധികം ഗോളുകൾ ഇക്കാലത്ത് സുപരിചിതമല്ല. ലോകകപ്പിന്റെ തന്നെ ചരിത്രത്തി‍ൽ 1966നു ശേഷം ആറുഗോളുകൾ പിറക്കുന്ന ഫൈനൽ ഇതാദ്യം. മികച്ച ടീം ജേതാക്കളായി എന്ന ഒറ്റവാക്കിൽ പറയാം; രണ്ടാം സ്ഥാനക്കാർ നല്ലവണ്ണം പൊരുതിയാണു കീഴടങ്ങിയതെന്നും നമ്മൾ കണ്ടു. 

ലോകജേതാക്കളായ ഫ്രാ‍ൻസിന്റെ കളിശൈലിയെക്കുറിച്ച് ലോകകപ്പിനു മുൻപുതൊട്ടേ പരാതികളുണ്ട്. ക്രൊയേഷ്യക്ക് എതിരെ രണ്ടാം പകുതിയിൽ അതിവേഗം നേടിയ രണ്ടുഗോളുകൾ അതിനുള്ള മറുപടി പോലെ തോന്നി. ആക്രമിച്ചു കയറുമ്പോഴും തങ്ങളുടെ പ്രതിരോധം ശക്തമാണെന്ന സുവ്യക്തമായ സന്ദേശം ക്രൊയേഷ്യയ്ക്കു നൽകാനും ദെഷാമിന്റെ കുട്ടികൾക്കു സാധിച്ചു. 

 ഫ്രാൻസ് 2–1നു ലീഡുയർത്തിയതോടെ കളി മാറി. പോൾ പോഗ്ബയുടെയും കിലിയൻ എംബപെയുടെയും ഗോളുകൾ കളി പൂർണമായും ഫ്രാൻസിന്റെ വരുതിയിലാക്കുകയും ചെയ്തു. എന്നാൽ, ക്രൊയേഷ്യയുടെ ആത്മവീര്യത്തെയും നമ്മൾ കാണാതിരുന്നുകൂടാ. കോച്ച് ഡാലിച്ചിന്റെയും ടീമിന്റെയും ആത്മവീര്യവും കളിയുടെ അവസാന നിമിഷം വരെ പൊരുതാനുള്ള ചങ്കുറപ്പും ടൂർണമെന്റിലുടനീളം കണ്ടു. ലോകകപ്പ് ഫൈനൽ കളിച്ച ഈ ചെറിയ രാജ്യത്തെ അഭിനന്ദിക്കാതെ വയ്യ. 

അടുത്ത തലമുറയ്ക്കു കൂടി ആവേശം പകരുന്ന നേട്ടമാണ് അവരുടേത്. കേവലം 39 ശതമാനം ബോൾ പൊസെഷൻ മാത്രമുള്ള ടീമിന് 4–2നു കളി ജയിക്കാൻ പറ്റുമെന്നു കൂടി ഫൈനൽ തെളിയിച്ചു.   പോഗ്ബയും എംഗോളോ കാന്റെയും ഡിഫൻസീവ് മിഡ്ഫീൽഡർമാരുടെ റോളിൽ ഉറച്ച പ്രകടനമാണു നടത്തിയത്. അന്റോയ്ൻ ഗ്രീസ്മെനും കിലിയൻ എംബപെയും മുൻനിരയിൽ തകർത്തു. കേവലം 19 വയസ്സുള്ള എംബപെയുടെ ഭാവി അദ്ദേഹത്തിന്റെ വരുംകാല ക്ലബ്ബുകളിലും പരിശീലകരിലുമാണ്.  ഇതെല്ലാമാണു ഫ്രാൻസിനെ ലോകചാംപ്യന്മാരാക്കുന്നത്. കളിയുടെ എല്ലാ മേഖലയിലും കരുത്തരായ ഒരു ടീമിനെ വാർത്തെടുക്കാൻ ഫ്രാൻസിനു കഴിഞ്ഞു. അഭിനന്ദനങ്ങൾ.