ഷൂട്ടൗട്ട് കൂടാതെ റഷ്യയിൽ പിറന്ന‍ത് 22 പെനൽറ്റിഗോൾ; പാഴാക്കിയവരിൽ മെസ്സി, റൊണാൾഡോ

സ്പെയിനിനെതിരെ ഫ്രീകിക്കെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ

പെരിസിച്ചിന്റെ കൈയിൽ തട്ടിയ മറ്റ്യൂഡിയുടെ ഹെഡ്ഡർ പെനൽറ്റി അർഹിച്ചിരുന്നോ? ലോകകിരീടവുമായി ഫ്രാൻസ് പാരിസിലെത്തിയിട്ടും പലരുടെയും സംശയം മാറിയിട്ടില്ല. ആ തീരുമാനം ഫൈനലിന്റെ വീറും വാശിയും കെടുത്തിയെന്ന പരാതികൾ അവിടെ നിൽക്കട്ടെ. ഫുട്ബോളിലെ ‘ഡെഡ് ബോൾ’ നിർ‌വചനം തന്നെ റഷ്യ മാറ്റിയെഴുതിയോയെന്ന സംശയത്തോടെയാണ് ലോകകപ്പിനു കൊടിയിറങ്ങുന്നത്.

എതിരാളികൾ തങ്ങളുടെ ജീവനെടുക്കുന്ന സംഗതിയെന്നാകും ലോകകപ്പിൽ കളിച്ച പല ടീമുകൾക്കും ഇപ്പോൾ ‘ഡെഡ് ബോൾ’ നിർവചനം. കാരണം സെറ്റ്പീസ് ഗോളുകൾ തന്നെ. സെറ്റ്പീസുകളുടേതായിരുന്നു ഈ ലോകകപ്പ്.

∙ സെറ്റ് പീസ് റെക്കോർഡ്

ലുഷ്നികിയിൽ റഷ്യ കളിക്കാനിറങ്ങിയ ഉദ്ഘാടന മൽസരത്തിലെ ഗോൾ മുതൽ ഹാൻഡ് ബോൾ തിരിച്ചറിഞ്ഞ അർജന്റീന റഫറിയുടെ ആ സ്പോട്ട് കിക്ക് വിധി വരെ നീളുന്നു സെറ്റ് പീസ് തരംഗം. ലോകകപ്പിലെ 64 മൽസരങ്ങളിൽ നിന്നായി വീണത് 169 ഗോളുകൾ. അതിൽ 73 ഗോളുകൾക്കു വഴി ഒരുക്കിയത് സെറ്റ് പീസുകളാണ്. അതായത്, ലോകകപ്പിൽ ആകെ വീണ ഗോളുകളിൽ 43 ശതമാനവും സെറ്റ് പീസ് വക. ഇത്രയധികം സെറ്റ് പീസ് ഗോളുകൾ പിറന്നൊരു ലോകകപ്പ് വേറെയില്ല.

ഇരുപതു വർഷം മുൻപ് ഫ്രാൻസിൽ നടന്ന ലോകകപ്പിലെ റെക്കോർഡാണ് പഴങ്കഥയായത്. ഇരുപത്തിരണ്ട് തവണ സ്പോട്ട് കിക്കുകൾ (ഷൂട്ടൗട്ട് അല്ലാതെ) ഗോൾവല കുലുക്കി. അതും ലോകകപ്പുകളിലെ റെക്കോർഡ് തന്നെ. മെസ്സിയും റൊണാൾഡോയും അടക്കം ഏഴ് താരങ്ങൾ സ്പോട്ട് കിക്കുകൾ നഷ്ടപ്പെടുത്തുകയും ചെയ്ത ശേഷമാണ് ഈ സംഖ്യ. കോർണറുകളിലൂടെ മാത്രം മുപ്പതിലേറെ ഗോളുകൾ വീണിട്ടുണ്ട്. 

∙ മുന്നിൽ‌ ഫ്രാൻസും ഇംഗ്ലണ്ടും

സെറ്റ് പീസുകളിലൂടെ നേട്ടം കൊയ്തതിൽ ചാംപ്യൻമാരായ ഫ്രാൻസ് തന്നെയാണ് മുന്നിൽ. സെറ്റ്പീസുകൾ ലക്ഷ്യത്തിലെത്തിക്കാൻ പ്രത്യേക വിരുതുള്ള അന്റോയ്ൻ ഗ്രീസ്മെന്റെ സാന്നിധ്യമാണു ദെഷാമിന്റെ സംഘത്തിനു കാര്യങ്ങൾ എളുപ്പമാക്കിയത്. നോക്കൗട്ട് മൽസരങ്ങളിൽ അർജന്റീനയ്ക്കെതിരെയും യുറഗ്വായ്ക്കെതിരെയും ബെൽജിയത്തിനെതിരെയും ഫ്രാൻസിനു സെറ്റ് പീസ് തുണയായി. ഒടുവിൽ ക്രൊയേഷ്യക്കെതിരെ ഫൈനലിൽ ഇരട്ട ഗോളുകളും.

ഏറ്റവും കൂടുതൽ സെറ്റ് പീസ് ഗോളുകൾ സ്വന്തമാക്കിയ ടീം സെമി ഫൈനൽ വരെയെത്തി ഞെട്ടിച്ച ഇംഗ്ലണ്ടാണ്. ഇംഗ്ലിഷ് ടീം നേടിയ 12 ഗോളുകളിൽ ഒൻപതും സെറ്റ് പീസുകൾ. ഹാരി കെയ്നിന്റെ ഗോൾഡൺ ഷൂ നേട്ടത്തിനു പിന്നിലും സെറ്റ് പീസ് സഹായം തന്നെ. 1966 ലെ ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഒരു ടീം ലോകകപ്പിൽ ഇത്രയേറെ സെറ്റ്പീസ് ഗോളുകൾ കുറിക്കുന്നത്. റഷ്യയിലെ സെറ്റ്പീസ് ഗോളുകളിൽ ഏറ്റവും ശ്രദ്ധേയം സോച്ചിയിൽ സ്പെയിനെ വീഴ്ത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലേറ്റ് ഗോൾ തന്നെ. കാലുകൾ വിടർത്തി, നെഞ്ച് വിരിച്ച്, ശ്വാസം അടക്കി റോണോ തൊടുത്ത ആ മാജിക്കൽ ഫ്രീകിക്ക്.

∙ പ്രതിരോധത്തിന്റെ മറുവശം

എതിരാളികൾക്കു പ്രതിരോധിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണ് സെറ്റ് പീസ് ഗോളുകൾ. മാൻ ടു മാൻ മാർക്കിങ്ങും സോണൽ മാർക്കിങ്ങുമൊന്നും വിലപ്പോകില്ല ഈ ഗോൾ ശ്രമങ്ങളിൽ. പ്രതിരോധനിരയുടെ ക്ലിയറൻസിൽ നിന്നു പോലും എതിരാളികൾ അവസരം മുതലാക്കും. ടീമുകൾ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിച്ചതാണു ലോകകപ്പിൽ സെറ്റ് പീസുകൾ വർധിക്കാനുള്ള കാരണവും.

ബോക്സിലെ ആൾക്കൂട്ടത്തിലൂടെ ഓപ്പൺ പ്ലേ വിഫലമായതിന്റെ മറുവശമാണ് ഫ്രീകിക്ക് മുതൽ പെനൽറ്റി വരെ നീണ്ട അവസരങ്ങൾ. സെറ്റ് പീസ് വിദഗ്ധരുള്ള ടീമുകൾ ഈ അവസരം മുതലെടുത്തു. വിഎആറിന്റെ പ്രഭാവവും പ്രകടമാണ് സെറ്റ് പീസിനു പിന്നിൽ. 

സെറ്റ്പീസുകൾ എന്നാൽ?

കളത്തിൽ ‘ഡെഡ്‌ബോളിൽ’ നിന്നു കളിക്കു ജീവൻ നൽകുന്ന വഴികളെയാണ് സെറ്റ് പീസ് എന്നു വിളിക്കുന്നത്. കിക്കോഫിൽ തന്നെ തുടങ്ങുന്നു സെറ്റ് പീസുകളുടെ നിര. ഫ്രീകിക്കും കോർണറുകളും ത്രോ ഇന്നുകളും ഡ്രോപ് ബോളും പെനൽറ്റി കിക്കുമെല്ലാം സെറ്റ് പീസിന്റെ വകഭേദങ്ങളാണ്.

ഫ്രീകിക്കിലൂടെ നേരിട്ടു പന്ത് വലയിലെത്തുന്നതു മാത്രമല്ല സെറ്റ് പീസ് ഗോളുകളായി കണക്കാക്കുക. ഗോളിലേക്കുള്ള നീക്കത്തിന്റെ തുടക്കം സെറ്റ് പീസിൽ നിന്ന് വേണമെന്നേയുള്ളൂ.