അർധസെഞ്ചുറിയുമായി ധോണി, വിക്കറ്റെടുത്ത് ആസിഫ്; ഡൽഹിയെ കീഴടക്കി ചെന്നൈ

ചെന്നൈയ്ക്കെതിരെ ഋഷഭ് പന്തിന്റെ ബാറ്റിങ്.‌ ചിത്രം: ഐപിഎൽ ട്വിറ്റർ

പുണെ ∙ ഡൽഹിയുടെ പോരാട്ടവീര്യം വിജയത്തിലെത്തിയില്ല. ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വൻസ്കോറിനെ വീറോടെ പിന്തുടർന്ന ഡൽഹി ഡെയർ ഡെവിൾസിന് 13 റൺസ് തോൽവി. ചെന്നൈ കുറിച്ച 211 റൺസിനു മറുപടിയായി ഡൽഹിയുടെ ഇന്നിങ്സ് 198ൽ അവസാനിച്ചു. ഷെയ്ൻ വാട്സന്റെയും (40 പന്തിൽ 78) എം.എസ്.ധോണിയുടെയും (22 പന്തിൽ 51*) വെടിക്കെട്ട് ഇന്നിങ്സുകളാണ് ചെന്നൈയ്ക്കു കരുത്തായത്. ഇന്ത്യൻ യുവതാരം റിഷഭ് പന്തിന്റെയും (45 പന്തിൽ 79)വിജയ് ശങ്കറിന്റെയും (31 പന്തിൽ 54) നേതൃത്വത്തിലായിരുന്നു ചെന്നൈ തിരിച്ചടി. ഫാഫ് ഡുപ്ലെസി (33), അമ്പാട്ടി റായുഡു (41) എന്നിവരും ചെന്നൈ നിരയിൽ തിളങ്ങി. മികച്ച ബാറ്റിങ് വിക്കറ്റിൽ ടോസ് നേടിയിട്ടും ചെന്നൈയെ ബാറ്റിങ്ങിനു വിളിച്ച ഡൽഹിക്കു തുടക്കം മുതലേ നിർഭാഗ്യമായിരുന്നു.

ട്രെന്റ്ബോൾട്ടിന്റെ ആദ്യ പന്തിൽത്തന്നെ ശക്തമായ എൽബിഡബ്ല്യു അപ്പീലിൽനിന്നു രക്ഷപ്പെട്ട വാട്സൺ പിന്നെ കൊടുങ്കാറ്റായി.  ഡൽഹി റിവ്യൂ എടുത്തെങ്കിലും മൂന്നാം അമ്പയറും തീരുമാനം മാറ്റിയില്ല. അമ്പാട്ടി റായുഡുവിനു പകരം ഓപ്പണറായി ഇറങ്ങിയ ‍ഡുപ്ലെസിയെ സാക്ഷിനിർത്തി വാട്സൺ ഡൽഹി ബോളർമാരെമൈതാനത്തിന്റെ അറ്റം കാണിച്ചു. 10.5 ഓവറിൽ ടീം സ്കോർ 102ൽ എത്തിയതിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. ശങ്കറിന്റെ പന്തിൽ ബോൾട്ട് പിടിച്ചു ഡുപ്ലെസി പുറത്ത്. പിന്നാലെ സുരേഷ് റെയ്ന (ഒന്ന്) വന്നപാടേ മടങ്ങി. 14–ാം ഓവറിൽ വാട്സണെ അമിത് മിശ്രയും മടക്കിയതോടെ ഡൽഹിക്കു പ്രതീക്ഷ വന്നെങ്കിലും റായു‍ഡു–ധോണി സഖ്യം അതു തീർത്തു. 40 പന്തിൽ നാലു ഫോറും ഏഴു സിക്സും ഉൾപ്പെടുന്നതാണു വാട്സന്റെ ഇന്നിങ്സ്.

ബോൾട്ടിനെ തുടരെ രണ്ടു സിക്സിനു പറത്തിയാണു ധോണി തുടങ്ങിയത്. ഒന്ന് മിഡ്‌വിക്കറ്റിനു മുകളിലൂടെയും മറ്റൊന്ന് ലോങ്ഓണിനു നേരെയും. സ്ക്വയറിലൂടെ തൂത്തുവാരിയ സിക്സറോടെ ആവേശ് ഖാനെയും ധോണി സ്വാഗതം ചെയ്തു. ആകെ രണ്ടു ഫോറും അ​ഞ്ചു സിക്സുമാണു ധോണി പറത്തിയത്. ധോണി–റായുഡു സഖ്യം 36 പന്തിൽ 76 റൺസെടുത്തു. അഞ്ചു ഫോറും ഒരു സിക്സുമടിച്ച റായുഡു റൺഔട്ടാവുകയായിരുന്നു. രവീന്ദ്ര ജഡേജയെ (പുറത്താകാതെ പൂജ്യം) സാക്ഷിയാക്കി ധോണി അവസാന പന്തിൽ സീസണിലെ തന്റെ മൂന്നാം അർധസെഞ്ചുറി കുറിച്ചു.