ബെംഗളൂരു∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വീണ്ടും തോൽവി. 14 റൺസിനാണു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മുംബൈയെ തകർത്തത്. 168 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഹാർദിക് പാണ്ഡ്യ മുംബൈയ്ക്കു വേണ്ടി അർധസെഞ്ചുറി നേടി. 42 പന്തിൽ 50 റൺസെടുത്താണു പാണ്ഡ്യ പുറത്തായത്. ക്യാപ്റ്റൻ രോഹിത് ശര്‍മ റൺസൊന്നുമെടുക്കാതെ പുറത്തായതു മുംബൈയ്ക്കു തിരിച്ചടിയായി.
സൂര്യകുമാർ യാദവ് (ഒൻപത് പന്തിൽ ഒൻപത്), ഇഷാൻ കിഷൻ (പൂജ്യം), ജെ.പി.ഡുമിനി (29 പന്തിൽ 23), പൊള്ളാർഡ് (13 പന്തിൽ 13), ക്രുനാൽ പാണ്ഡ്യ (19 പന്തിൽ 23), ബെൻ കട്ടിങ് (ആറ് പന്തിൽ 12), മിച്ചൽ മക്ലനാഗൻ (പൂജ്യം) എന്നിങ്ങനെയാണു മറ്റു മുംബൈ താരങ്ങളുടെ സ്കോറുകൾ. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ടിം സൗത്തി എന്നിവർ രണ്ടു വിക്കറ്റു വീതം നേടി.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ ഓപ്പണർ മനൻ വോറ (31 പന്തില്‍ 45), ബ്രണ്ടൻ മക്കല്ലം (25 പന്തിൽ 37), വിരാട് കോഹ്ലി (26 പന്തിൽ 32) എന്നിവരുടെ പ്രകടനത്തിലാണു ഭേദപ്പെട്ട വിജയലക്ഷ്യം കണ്ടെത്തിയത്. ക്വിന്റൻ ഡികോക്ക് (13 പന്തിൽ ഏഴ്), മൻദീപ് സിങ് (പത്ത് പന്തിൽ 14), വാഷിങ്ടൻ സുന്ദർ (മൂന്ന് പന്തിൽ ഒന്ന്), ടിം സൗത്തി (രണ്ട് പന്തിൽ ഒന്ന്) എന്നിങ്ങനെയാണു മറ്റു ബാംഗ്ലൂർ താരങ്ങളുടെ സ്കോറുകൾ.
കോളിൻ ഗ്രാൻഹോം അവസാന ഓവറുകളിൽ തിളങ്ങി. 10 പന്തിൽ 23 റൺസെടുത്തു ഗ്രാൻഹോം പുറത്താകാതെനിന്നു. മുംബൈയ്ക്കു വേണ്ടി ഹാർദിക് പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. മായങ്ക് മാര്‍ക്കണ്ഡെ, മിച്ചൽ മക്ലനാഗൻ, ജസ്പ്രീത് ബുംമ്ര എന്നിവര്‍ ഓരോ വിക്കറ്റു സ്വന്തമാക്കി.