അഭിമാനിയാണ് ഗംഭീർ; ഭാരമാകാതെ പടിയിറക്കം

രാജി പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ നിയുക്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം ഗൗതം ഗംഭീർ. (ട്വിറ്റർ ചിത്രം)

പ്രതീക്ഷ തെറ്റിയില്ല; ഐപിഎല്ലിലെ അവസാനക്കാരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകന്‍ എന്ന മുള്‍ക്കിരീടം മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഊരിവച്ചിരിക്കുന്നു. ടീമിനെ വിജയവഴിയിലെത്തിക്കാനും ഐപിഎല്ലിൽ ടീമിന്റെ ശ്രയേസ് വീണ്ടെടുക്കാനുമുള്ള നിയോഗം ഇനി ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യർക്ക്.

പെട്ടന്ന് പ്രകോപിതനാകുകയും നിലപാടുകൾ തുറന്നടിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് ഗംഭീര്‍. ഈ സ്വഭാവവിശേഷം കൊണ്ടാകണം, ആരെങ്കിലും ആവശ്യപ്പെടും മുന്‍പു തന്നെ പരാജയങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് സ്ഥാനമൊഴിഞ്ഞിരിക്കുകയാണ് അദ്ദേഹം. ആറു മല്‍സരങ്ങളില്‍നിന്ന് അഞ്ചു പരാജയവും ഒരേയൊരു ജയവുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ് ഡല്‍ഹി.

ഗംഭീറിന്റെ കാര്യമോ? ആദ്യ മല്‍സരത്തില്‍ പഞ്ചാബിനെതിരെ നേടിയ അര്‍ധ സെഞ്ചുറി മാത്രമാണ് ഈ സീസണിൽ ഗംഭീറിന് എടുത്തു പറയാനുള്ളത്. മുംബൈക്കെതിരെ 16 പന്തില്‍ 15, കൊല്‍ക്കത്തയോട് ഏഴു പന്തില്‍ എട്ട്, ആര്‍സിബിയോട് 10 പന്തിൽ മൂന്ന്, പഞ്ചാബിനെതിരായ രണ്ടാം മല്‍സരത്തില്‍ 13 പന്തില്‍ നാല് എന്നിവയാണ് ഗംഭീറിന്റെ തുടര്‍ പ്രകടനങ്ങള്‍. നഷ്ടമാകുന്ന ഈ പന്തുകളെല്ലാം പവര്‍ പ്ലേ പോലുള്ള നിർണായക ഘട്ടത്തിലാണെന്ന് ഓര്‍ക്കണം. ഓരോ ഡോട് ബോളും റണ്‍റേറ്റ് കുറയ്ക്കുന്നതോടൊപ്പം മറുവശത്ത് ബാറ്റു ചെയ്യുന്നയാളുടെ സമ്മര്‍ദം ഉയര്‍ത്തുക കൂടിയാണ് ചെയ്യുന്നത്. അങ്ങനെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച് ഗംഭീറിന്റെ പങ്കാളികൾ പുറത്താകുന്നതു പതിവുമായി.

ഔട്ടാകുന്ന രീതികളില്‍നിന്നു തന്നെ വ്യക്തമാണ്, ആയ കാലത്തിന്റെ നിഴല്‍പോലുമല്ല ഗംഭീറെന്ന്. സ്വീറ്റ് ടൈമിങ് ആയിരുന്നു ഗൗതമിന്റെ പ്ലസ് പോയിന്റ്. ബോളറുടെ വേഗം മുതലെടുത്ത് ഓഫ്, ലെഗ് സൈഡുകളിൽ മനോഹര ബൗണ്ടറികളായിരുന്നു ആ ബാറ്റില്‍നിന്നു പിറന്നത്. ഓട്ടത്തിലുള്ള വേഗക്കുറവ് ടൈമിങ്ങിലൂടെ പരിഹരിക്കും. പക്ഷേ ഇപ്പോള്‍ ഈ കഴിവുകളിലെല്ലാം തുരുമ്പു കയറി.

പഞ്ചാബിനെതിരായ രണ്ടാം മല്‍സരത്തില്‍ ഒരു ബോളുപോലും ബാറ്റിന്റെ മധ്യത്തില്‍ കൊള്ളിക്കാനാകാതെ ഗംഭീര്‍ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. ഒടുവില്‍ ഔട്ടാകാന്‍ വേണ്ടിയെന്നോണം അനാവശ്യ ഷോട്ടിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. അതും പക്ഷേ ബാറ്റിന്റെ അറ്റത്തു തട്ടിയാണ് വായുവിലുയര്‍ന്നത്. 142 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന മല്‍സരത്തില്‍ ഗംഭീര്‍ പാഴാക്കിയ പന്തുകള്‍ ഫലത്തിൽ നിര്‍ണയകമായി.

ഒരു കാലത്ത് തുടര്‍ച്ചയായി അർധസെഞ്ചുറികൾ നേടിയിരുന്ന താരമാണ് ഗൗതം. 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ 75 റണ്‍സും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ 97 റണ്‍സും നേടിയ ഗംഭീറായിരുന്നു ടീമിന്റെ ടോപ് സ്കോറർ. ആ കളി കണ്ടവര്‍ക്ക് ഗംഭീര്‍ റണ്ണെടുക്കാൻ ബുദ്ധിമുട്ടുന്നതു കാണുമ്പോള്‍ ദയനീയത തോന്നുന്നുവെങ്കില്‍, അദ്ദേഹത്തിന്റെയുള്ളില്‍ എത്ര വേദനയുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കളിക്കാരനായി അദ്ദേഹം ടീമില്‍ തുടരുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. എങ്കിലും മാനേജ്‌മെന്റുമായി യാതൊരു ഉടക്കിനും നില്‍ക്കാതെ സ്ഥാനമൊഴിഞ്ഞ രീതി തീർച്ചയായും പ്രശംസനീയം തന്നെ.