പിച്ചിലും പുറത്തും ആവേശം കുത്തിനിറച്ച ഐപിഎലാണു കഴിഞ്ഞുപോയത്. അവസാന ഓവർ വരെ ത്രില്ലിങ് ആയ മൽസരങ്ങൾക്കു പുറമെ കാണികളെ ആഹ്ലാദിപ്പിച്ച ഒട്ടേറെ നിമിഷങ്ങൾ കളിക്കു പുറത്തും നിറഞ്ഞു.
വിസിൽപോഡ് എക്സ്പ്രസ്
എൻജിൻ ക്യാബിനിൽ ധോണിയുള്ള കാലത്തോളം ഓടിയെത്താതിരിക്കാൻ വിസിൽപോഡ് എക്സ്പ്രസിനാകുമായിരുന്നില്ല. കാവേരി പ്രതിഷേധത്തിനൊടുവിൽ ചെപ്പോക്കിലെ ഹോം ഗ്രൗണ്ട് വിട്ട് ധോണിയും സംഘവും പുണെയിലേക്കു തട്ടകം മാറ്റിയപ്പോൾ ഒപ്പം വിസിൽപോഡ് ആർമിയുമുണ്ടായിരുന്നു. ചെന്നൈയിൽനിന്നുള്ള ആരാധകർക്കായി പ്രത്യേക ട്രെയിൻ സജ്ജീകരിച്ചു സൂപ്പർ കിങ്സ് മാനേജ്മെന്റ്.
നവരസങ്ങൾ
വിക്കറ്റ് നേട്ടങ്ങളും വിജയറണ്ണുകളും സെഞ്ചുറിനേട്ടങ്ങളും താരങ്ങൾ ഗ്രൗണ്ടിൽ ആഘോഷമാക്കിയതു പലതരത്തിലാണ്. ഐപിഎൽ ലേലത്തിൽ ആരും ടീമിലെടുക്കാതിരുന്ന ഗെയ്‌ൽ തന്റെ സെഞ്ചുറിനേട്ടത്തിനുശേഷം കുഞ്ഞിനെ താലോലിക്കുന്നതുപോലെ ബാറ്റ് കയ്യിലിട്ടാട്ടിയ കാഴ്ച ആരാണു മറക്കുക.
വിക്കറ്റ് നേടിയാലും സിക്സുകൾ പറത്തിയാലും നിർവികാരതയോടെ നിൽക്കുന്ന സുനിൽ നരേൻ, കോഹ്‌ലിയുടെ വിക്കറ്റ് എടുത്തത് അബദ്ധമായെന്ന മട്ടിൽ ആഘോഷത്തിനു മുതിരാതിരുന്ന രവീന്ദ്ര ജഡേജ – കളിക്കളത്തിൽ കണ്ട ഭാവങ്ങൾ പലത്.
കാബുളിവാലാ
‘ലോകത്തെ ഏറ്റവും മികച്ച ട്വന്റി 20 സ്പിന്നർ’ റാഷിദ് ഖാന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ നൽകിയ വിശേഷണമാണ്. അഫ്ഗാനിസ്ഥാന്റെ പത്തൊൻപതുകാരൻ സ്പിന്നറാണ് ഈ ഐപിഎല്ലിൽ പന്തുകൊണ്ട് മായാജാലം തീർത്തത്. സീസണിൽ 17 കളികളിൽനിന്നായി 21 വിക്കറ്റുകൾ കറക്കിവീഴ്ത്തിയ റാഷിദാണു വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ രണ്ടാമൻ. ഇന്ത്യയ്ക്കെതിരെ വരാനിരക്കുന്ന പരമ്പരയിൽ പ്രയോഗിക്കാനുള്ള രഹസ്യായുധങ്ങളുടെ പണിപ്പുരയിലാണു താനെന്നു റാഷിദ് ഈയിടെ വെളിപ്പെടുത്തിയിരുന്നു.
ലക്കി സ്റ്റാർ
തുടർച്ചയായി മൂന്ന് ഐപിഎൽ കിരീടം, മൂന്നും മൂന്നു ടീമുകൾക്കൊപ്പം– അപൂർവ റെക്കോർഡാണ് കാൺ ശർമയെ തേടിയെത്തിയിരിക്കുന്നത്. 2016ൽ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പവും 2017ൽ മുംബൈ ഇന്ത്യൻസിനൊപ്പവും കിരീടനേട്ടത്തിൽ പങ്കാളിയായ കാൺ ശർമ, ഇത്തവണത്തെ ചാംപ്യൻമാരായ ചെന്നൈ ടീമിലും അംഗമായിരുന്നു.
കാംബ്ലിയുടെ വിവാദ ട്വീറ്റ്
എന്തിനാണു സഞ്ജുവിനെ ഇത്രമാത്രം പൊക്കിപ്പറയുന്നത്, സഞ്ജു സാംസണെക്കുറിച്ചുള്ള കമന്റേറ്റർമാരുടെ പുകഴ്ത്തലുകൾ ബോറടിപ്പിക്കുന്നതാണെന്നു ട്വീറ്റ് ചെയ്ത മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയാണ് ആദ്യവെടി പൊട്ടിച്ചത്. രാജസ്ഥാൻ റോയൽസ്–മുംബൈ ഇന്ത്യൻസ് മൽസരത്തിനുശേഷമായിരുന്നു കാംബ്ലിയുടെ പ്രകോപനപരമായ ട്വീറ്റ്. പിന്നെ നടന്നതു മലയാളി ആരാധകരുടെ ‘കാംബ്ലി വേട്ട’യായിരുന്നു.
സൂപ്പർ സ്റ്റാർ സിവ
വിജയത്തിനുശേഷം ചെന്നൈ ടീം അംഗങ്ങൾ കിരീടവുമായി ആഘോഷം തുടങ്ങിയപ്പോൾ തൊട്ടുപിന്നിൽ ധോണി കുഞ്ഞുസിവയെ എടുത്തുയർത്തി കളിപ്പിക്കുകയായിരുന്നു. ചെന്നൈയുടെ കളികൾ കാണാൻ സ്റ്റേഡിയത്തിലെത്തുന്ന സിവയുടെ കൊഞ്ചലും കുസൃതികളും ആരാധകർക്കും ടീം അംഗങ്ങൾക്കും വിരുന്നൊരുക്കി. സമൂഹമാധ്യമങ്ങളിൽ സിവയുടെ ഓരോ ചിത്രത്തിനും വിഡിയോയ്ക്കും ലഭിച്ചത് ഞെട്ടിക്കുന്ന പ്രതികരണം.
ഗംഭീറിന്റെ കണ്ണീർ
നായകജോലിക്കുള്ള മികവു തനിക്കില്ലെന്നു പ്രഖ്യാപിച്ചു ഡൽഹി ഡെയർ ഡെവിൾസിന്റെ ക്യാപ്റ്റൻ സ്ഥാനം ഗൗതം ഗംഭീർ ഒഴിയുന്ന കാഴ്ചയ്ക്കും ഈ സീസൺ സാക്ഷ്യം വഹിച്ചു. കൊൽക്കത്തയെ രണ്ടുതവണ ഐപിഎൽ കിരീടവിജയത്തിലെത്തിച്ച നായകനു ഡൽഹിക്കുവേണ്ടി ശോഭിക്കാനായില്ല. പ്രതിഫലത്തുകയായ 2.8 കോടി രൂപയും ഗൗതം വേണ്ടെന്നുവച്ചു.
റെക്കോർഡുകൾ 30
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി മുതൽ ഒരു മൽസരത്തിൽ പിറന്ന കൂടുതൽ സിക്സുകളുടെ എണ്ണം ഉൾപ്പെടെ 30 റെക്കോർഡുകളാണു പതിനൊന്നാം സീസണിനു കൊടിയിറങ്ങുമ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത്.