മ്യൂലൻസ്റ്റീൻ ഇത് അർഹിക്കുന്നു: ഐ.എം. വിജയൻ എഴുതുന്നു

റെനെ മ്യൂലൻസ്റ്റീൻി, ഐ.എം. വിജയൻ

പരിശീലകൻ എന്ന നിലയിൽ മ്യൂലൻസ്റ്റീൻ ബ്ലാസ്റ്റേഴ്സിൽ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. ഫെർഗൂസന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചൊരു കോച്ചിൽ നിന്നു പ്രതീക്ഷിക്കാത്ത ഒന്നാണ് ഈ ടീമിന്റെ ഗെയിം പ്ലാനും പ്രകടനവും. തുടക്കത്തിൽ തന്നെ ഇത്രയേറെ ഹോം മാച്ചുകൾ കിട്ടിയിട്ടും മുതലാക്കാൻ കഴിയാത്തതു വൻ പരാജയമാണ്. ഭാഗ്യംകൊണ്ട് ചില സമനിലകൾ. ഭാഗ്യം കൊണ്ട് ഒരു കളി ജയിച്ചു. അതിനപ്പുറം ഒരു റിസൽറ്റും ഈ കോച്ച് ഉണ്ടാക്കിയിട്ടില്ല.  

ഇതേവരെ ടീം ഗെയിം കളിക്കാൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. ഒത്തിണക്കമില്ലാത്ത ഈ കളി പലപ്പോഴും ബോറടിപ്പിക്കാറുണ്ട്. രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റാകുമ്പോഴേക്കും താരങ്ങൾ തളരുന്ന കാഴ്ച കാണാം. നീണ്ട തയാറെടുപ്പിനു ശേഷവും കളിക്കാർക്കു ഫുൾടൈം കളിക്കാനുള്ള സ്റ്റാമിന ആയില്ലെങ്കിൽ അതു കോച്ചിങ്ങിന്റെ പോരായ്മയാണ്. ഗോവയ്ക്കെതിരെ കളി തുടങ്ങുമ്പോഴേ ബെർബറ്റോവ് പരുക്കേറ്റു പുറത്തായി. ഫിറ്റ്നസിന്റെ കാര്യത്തിൽ ഈ താരങ്ങൾ നിരാശപ്പെടുത്തുന്നു. 

കളിക്കാരെ കൈകാര്യം ചെയ്യുന്നതിലും മ്യൂലൻസ്റ്റീൻ പരാജയപ്പെട്ടെന്നു പറയേണ്ടിവരും. ഹ്യൂമിനെപ്പോലെ കളിച്ചു തെളിയിച്ചൊരു താരത്തെ ഇൻജുറി ടൈമിലൊക്കെ കളത്തിലിറക്കുന്നതു നീതികേടാണ്. കളിക്കാരന്റെ ആത്മവിശ്വാസം തകർക്കും അത്തരം ചെയ്തികൾ. ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിലുള്ള മൽസരം ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മൽസരമാണ്. ടീമിലെ ഒരു മുഖ്യതാരത്തിനു പരുക്കുണ്ടെങ്കിൽ മൽസരത്തിനു മുൻപേ പറയുന്നതാണ് കീഴ്‌വഴക്കം. 

ഫോമിൽ നിൽക്കുന്നൊരു താരത്തിനു പരുക്കാണെന്നു കളിക്കു ശേഷമൊരു കോച്ച് വെളിപ്പെടുത്തുന്നതു വിശ്വസിക്കാനാവുന്നില്ല. ഇതാണോ പ്രഫഷനലിസം? ലീഗുകളിൽ പരാജയമൊക്കെ പതിവാണ്. പക്ഷേ അതിൽ നിന്നു തിരിച്ചുവരുന്നതിലാണ് ടീം മാനേജ്മെന്റിന്റെ മിടുക്ക്. ലീഗ് ഇനിയും ബാക്കിയുണ്ട്. വാശിയോടെ, വീറോടെ പോരാടാനാണ് ഇനി കളിക്കാർ ശ്രമിക്കേണ്ടത്.