കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുമുണ്ടോ സാധ്യതകൾ?; കണക്കിലാണ് കളി

(ഫയൽ ചിത്രം)

ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പും കിതപ്പും ഇനി കണക്കിലാണ്. പുണെയ്ക്കെതിരെ പൊരുതി നേടിയ വിജയത്തോടെ പ്ലേഓഫ് വാതിലിനു പുറത്തേക്കു നടന്നിരുന്ന ബ്ലാസ്റ്റേഴ്സ് തിരിഞ്ഞു നിന്നിരിക്കുന്നു. വാതിൽ മുക്കാലും അടഞ്ഞുതന്നെ. തള്ളിത്തുറന്നാൽ പക്ഷേ അകത്തു കയറാം. എല്ലാ സീസണിലും ബ്ലാസ്റ്റേഴ്സ് ലേറ്റായി കയറുന്നവരായതിനാൽ ഇപ്പോഴും പ്രതീക്ഷിക്കാം.

പോയിന്റ് നില പ്രകാരം ടീമുകളുടെ സാധ്യത

80–20 ബെംഗളുരു, ചെന്നൈ, പുണെ: പ്ലേഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചു 

50–50 ജംഷഡ്പുർ, ബ്ലാസ്റ്റേഴ്സ്, ഗോവ: അകത്താകാം, പുറത്താകാം

40–60 മുംബൈ, കൊൽക്കത്ത, നോർത്ത് ഈസ്റ്റ്: ആഞ്ഞു പിടിച്ചാൽ അകത്ത് 

10–90 ഡൽഹി: സാങ്കേതികമായി മാത്രം വിദൂരസാധ്യത 

ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മൽസരങ്ങൾ

(1 ഹോം മൽസരം, 3 എവേ മൽസരം) 

08 കൊൽക്കത്ത–ബ്ലാസ്റ്റേഴ്സ് 

17 നോർത്ത് ഈസ്റ്റ്–ബ്ലാസ്റ്റേഴ്സ് 

23 ബ്ലാസ്റ്റേഴ്സ്–ചെന്നൈ 

മാർച്ച് 1 ബെംഗളുരു–ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ

ബെംഗളൂരുവും ചെന്നൈയും പ്ലേഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. ഇവരോടുള്ള മൽസരങ്ങൾ ഏറ്റവും അവസാനം. അപ്പോഴേക്കും പ്ലേഓഫ് ചിത്രം വ്യക്തമായി മൽസരം അപ്രസക്തമാവാൻ സാധ്യത. എന്നാൽ കൊൽക്കത്തയും നോർത്ത് ഈസ്റ്റുമായുള്ള രണ്ടു മൽസരങ്ങൾ അതീവ നിർണായകം. രണ്ടു ടീമും ബ്ലാസ്റ്റേഴ്സിനു വെല്ലുവിളി ഉയർത്തുന്ന ടീമുകളാണ്. ജയിച്ചാലും തോറ്റാലും ‘ഡബിൾ എഫ്ക്ട്’. രണ്ടും എവേ മൽസരങ്ങളാണെന്നതു വെല്ലുവിളി.

ഗോൾ ശരാശരി

ബ്ലാസ്റ്റേഴ്സിനു മുന്നിലും പിന്നിലുമുള്ള ടീമുകൾ ജംഷഡ്പുരും ഗോവയും. രണ്ടു ടീമിനും ബ്ലാസ്റ്റേഴ്സിനെക്കാ‍ൾ മികച്ച ഗോൾ ശരാശരി. തൊട്ടുമുന്നിലുള്ള ജംഷഡ്പുരിനെക്കാൾ വലിയ വെല്ലുവിളി തൊട്ടുപിന്നിലുള്ള ഗോവയാണ്. ബ്ലാസ്റ്റേഴ്സിനെക്കാൾ മൂന്നു മൽസരങ്ങൾ കുറച്ചാണ് അവർ കളിച്ചത്. ഗോൾ ശരാശരിയാണെങ്കിൽ +6. ബ്ലാസ്റ്റേഴ്സിന്റേത് -1. ഈ രണ്ടു ടീമുകളുമായും നേരിട്ടു കളിയില്ലാത്തതിനാൽ ബ്ലാസ്റ്റേഴ്സിന് അവർ തോൽക്കാൻകൂടി വേണ്ടി പ്രാർഥിക്കണം.

ജയിംസ് എഫക്ട്

മുൻ പരിശീലകൻ റെനെ മ്യൂലസ്റ്റീനു കീഴിൽ ബ്ലാസ്റ്റേഴ്സ് കളിച്ചത് ഏഴു മൽസരങ്ങൾ. നേടിയത് ഏഴു പോയിന്റ് മാത്രം. ഡേവിഡ് ജയിംസിനു കീഴിൽ കളിച്ചത് ഏഴു കളികൾ. നേടിയതു 13 പോയിന്റ്. നാലു ജയം, ഒരു സമനില, രണ്ടു തോൽവി.